കോഴിക്കോട്: കൊവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് നിശ്ചലമായ കടലോര മേഖല ജൂണില്‍ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തോടെ പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക്. ലോക്ഡൗണ്‍ മെയ് 30 വരെ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. ജൂണ്‍ ഒമ്പത് മുതലാണ് ട്രോളിങ് നിരോധനം ആരംഭിക്കുന്നത്. ഇത്തവണ മുന്‍വര്‍ഷത്തേതുപോലെ 52 ദിവസമാണ് ട്രോളിങ് നിരോധന കാലയളവായി തീരുമാനിച്ചിരിക്കുന്നത്. കടലാക്രമണവും കൊവിഡ് വ്യാപനവും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലാണ് ഏതാണ്ട് രണ്ട് മാസക്കാലം പൂര്‍ണ്ണമായും കടലോരം സ്തംഭിക്കുന്നത്. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതാകട്ടെ സൗജന്യ റേഷന്‍ മാത്രം.
സ്‌കൂള്‍ പ്രവേശനം, വ്യാപകമാകുന്ന പകര്‍ച്ചവ്യാധി തുടങ്ങി നിരവധി സാമ്പത്തിക ചെലവുകളുള്ള കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കൊണ്ടു മാത്രം കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതം കൊണ്ടുപോകാനാകില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് അയ്യായിരം രൂപ വീതവും, പോണ്ടിച്ചേരി നാലായിരം രൂപ വീതവും ഈ കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കുന്നുണ്ട്. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യം തൊഴിലാളി സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അത് ഇതു വരെ നടപ്പായിട്ടില്ല. 2020 വര്‍ഷത്തെ കണക്കു പ്രകാരം 39,232 പേര്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ റേഷന്റെ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.
പത്ത്മാസകാലത്തെ ദാരിദ്ര്യത്തെ മറികടക്കാനെന്ന പേരില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യവും തൊഴിലാളികള്‍ക്ക് യഥാസമയം ലഭിക്കുന്നില്ല. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി പ്രതിമാസം ആയിരത്തി അഞ്ഞൂറ് രൂപ വീതമാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത്. ഇതില്‍ ഗുണഭോക്തൃവിഹിതമായ ആയിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ചേര്‍ത്താണ് സമാശ്വാസധനം നല്‍കുന്നതെങ്കിലും ഫണ്ട് വകമാറി ചെലവഴിക്കുന്നത് മൂലം ഇതിന്റെ ആനുകൂല്യം യഥാസമയം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.
സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തി എഴുപത്തി അയ്യായിരത്തി മുന്നൂറ്റി അറുപത്തിയെട്ട് പേര്‍ക്കാണ് സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ധനസഹായം ലഭിക്കേണ്ടത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ് നല്‍കുന്നുണ്ടെങ്കിലും മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഇത് ലഭ്യമാകുന്നില്ല. ലിസ്റ്റ് തയാറാക്കിയതിലെ അപാകമാണ് ഇതിന് കാരണം. കൊവിഡ് ദുരിതം, ട്രോളിങ് നിരോധനം എന്നിവ പരിഗണിച്ച് കടലോരമേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: