അരിസോണ : തടവിന് ശിക്ഷിക്കപ്പെട്ട സിക്കുകാരന്റെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തതായി പരാതി. അരിസോണ കറക്ഷന് ജീവനക്കാരന്റെ നടപടി ചോദ്യം ചെയ്ത് ഫെഡറല്‍ സിവില്‍ റൈറ്റ്സ് അന്വേഷണം ആവശ്യപ്പെട്ട് അറ്റോര്‍ണിമാര്‍ ഹര്‍ജി ഫയല്‍ ചെയ്തു.
2021 മെയ് 24 ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സിവില്‍ റൈറ്റ്സ് വിഭാഗത്തിലാണ് പ്രതിയുടെ അറ്റോര്‍ണിമാര്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത് , സിക്ക് മതവിശ്വാസമനുസരിച്ച് താടി വളര്‍ത്തുന്നത് തടയാനാകില്ല എന്നാണ് ഇവരുടെ വാദം.
2020 ആഗസ്ത് 25 ന് അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട സുര്‍ജിത് സിംഗിനാണ് ഇങ്ങനെയൊരു തിക്താനുഭവം ഉണ്ടായത് . ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പ്രതിയുടെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട കറക്ഷന് ഓഫീസര്‍മാരുടെ മുന്പില് താടി വാടിക്കരുതെന്ന് സിംഗ് അപേക്ഷിച്ചു എന്നാല്‍ ഓഫീസര്‍മാര്‍ ബലമായി താടി വടിക്കുകയായിരുന്നു . വിലങ്ങു വച്ച് ഓഫീസര്‍മാര്‍ ചുറ്റും നിന്നാണ് താടി വടിച്ചത് ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും അപമാനിതനായെന്നും സിംഗിന് വേണ്ടി വാദിച്ച അറ്റോര്‍ണിമാര്‍ പരാതിയില്‍ പറയുന്നു.
ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സിംഗിന് ഒരു ദ്വിഭാഷിയെ പോലും അനുവദിച്ചില്ല എന്നും ചൂണ്ടിക്കാട്ടുന്നു. ട്രക്ക് ഡ്രൈവറായിരുന്ന സിംഗിന് അശ്രദ്ധമായി വാഹനമോടിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തിലാണ് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. സ്റ്റോപ്പ് സൈനില്‍ വാഹനം നിര്‍ത്തുന്നതിന് ശ്രമിച്ചുവെന്നും ബ്രെക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നും സിംഗ് വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ താടി വടിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന നിയമം കറക്ഷന് ഓഫീസര്‍മാര്‍ക്ക് അറിവില്ലായിരുന്നുവെന്നും മാപ്പ് അപേക്ഷിക്കുന്നുവെന്നും ന്യുയോര്‍ക്ക് സിക്ക് കൊയലേഷന്‍ അയച്ച കത്തില്‍ പ്രിസണ്‍ എജന്‍സി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: