തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രവേശനോത്സവം ജന പങ്കാളിത്തത്തോടെ നടത്താനാകില്ലെന്നും അതുകൊണ്ട് വെര്‍ച്വലായി പ്രവേശനോത്സവം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഒന്‍പത് മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനലിലൂടെ ഉദ്ഘാടനം നടത്തും. നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കുട്ടികള്‍ക്ക് സ്വാഗതം പറയും. 11 മണിക്ക് സ്കൂള്‍ തലത്തില്‍ വെര്‍ച്വലായി പ്രവേശനോത്സവം നടത്തും. ഈ വര്‍ഷത്തെ അധ്യയനം വിക്ടേഴ്സ് ചാനലിന് പുറമെ ഓണ്‍ലൈന്‍ ആക്കും. കുട്ടികള്‍ക്ക് അധ്യാപകരെ കാണാത്തതിലുള്ള മാനസിക പ്രയാസം ഉണ്ട്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ഉപരിയായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.
പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. അധ്യാപക സംഘടനകളുമായി യോഗം ചേര്‍ന്നപ്പോള്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായെന്നും മന്ത്രി. ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ 1ന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കും. 79 ക്യാമ്പുകളിലായി 26447 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എട്ട് ക്യാമ്പുകളിലായി 3031 അധ്യാപകരെയും ആണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴാം തിയ്യതിവരെ നടത്തും. എസ്.എസ്.എല്‍.സി ടിഎച്ച്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഏഴിന് ആരംഭിച്ച് ജൂണ്‍ 25ന് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: