മൂന്നാര്‍: പലിശക്കെടുത്തും കടം വാങ്ങിയും കൃഷിചെയ്ത വട്ടവടയിലെ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സംസ്ഥാന സര്‍ക്കാര്‍. കാലാവസ്ഥക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതികൂലമായതോടെ ആയിരത്തോളം കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയില്‍പെട്ട് പട്ടിണിയിലായി.
വട്ടവടയിലെ കര്‍ഷകര്‍ക്ക് വലിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വിശ്വസിച്ച് സര്‍ക്കാര്‍ ഏജന്‍സികളായ ഹോര്‍ട്ടികോര്‍പ്പിനും വി.എഫ്.പി.സി.കെയിലും ഉല്പന്നങ്ങള് നല്കിയ കര്‍ഷകരാണ് വെട്ടിലായത്. പച്ചക്കറി വാങ്ങിയ വകയില്‍ 50ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ വാങ്ങിയ പച്ചക്കറികളുടെ പകുതി വിലപോലും നല്‍കിയിട്ടില്ല. വി.എഫ്.പി.സി.കെ മാത്രം 30 ലക്ഷം നല്‍കാനുണ്ട്. ഹോര്‍ട്ടികോര്‍പ് നേരിട്ട് പച്ചക്കറി വാങ്ങിയ ഇനത്തില്‍ 17 ലക്ഷം വേറെയും. ഈ വര്‍ഷം ഏപ്രിലിലും ഈ മാസവും പച്ചക്കറി നല്കിയ വകയില്‍ മൂന്ന് ലക്ഷത്തോളം രൂപയും കിട്ടാനുണ്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ പച്ചക്കറി വാങ്ങുന്ന രീതിയിലും കര്‍ഷകര്‍ക്ക് അതൃപ്തിയുണ്ട്. ഒരാള്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറിയും ഇവര്‍ വാങ്ങില്ല. ഒരുതവണ 20 ചാക്ക് വിളവെടുക്കുന്ന കര്‍ഷകന്റെ രണ്ടുചാക്ക് മാത്രമാണ് ഹോര്‍ട്ടികോര്‍പ് വാങ്ങുന്നത്. ബാക്കി തുച്ഛവിലയ്ക്ക് ലോബികള്‍ക്ക് നല്‍കേണ്ടിവരും.
വട്ടവടയിലെ കര്‍ഷകരെ സഹായിക്കാന്‍ സഹകരണസംഘം രൂപവത്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി വായ്പ, വിത്ത്, വളം, വിപണി എന്നിവ ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. ഇതും നടന്നില്ല. കര്‍ഷകര്‍ തമിഴ്നാട്ടില്‍നിന്നും അയല്‍ഗ്രാമങ്ങളില്‍നിന്നുമുള്ള മൊത്തക്കച്ചവടക്കാരെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. അവര്‍ നല്കുന്ന വിത്തും വളവും ഉപയോഗിച്ചാണ് കൃഷി. അതുകൊണ്ടുതന്നെ അവര്‍ പറയുന്ന വിലയ്ക്ക് വില്ക്കാന് നിര്‍ബന്ധിതരാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: