അലഹബാദ്: പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഹിന്ദുമതം സ്വീകരിച്ച സ്ത്രീക്കും ഭര്‍ത്താവിനും ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി മീററ്റ് പൊലീസിനോട് നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ അച്ഛനില്‍നിന്ന് ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജെ ജെ മുനീര്‍. മീററ്റ് സീനിയര്‍ പൊലീസ് സൂപ്രണ്ടിനോടാണ് ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. ഹിന്ദുമതത്തിലേക്ക് മാറിയശേഷം കഹ്കഷ, യതി എന്ന പേര് സ്വീകരിച്ചതായും സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതി അനുസരിച്ച് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
‘അവര്‍ക്ക് 19 വയസുണ്ട്. പ്രായപൂര്‍ത്തിയായ രണ്ടാം പരാതിക്കാരനെ(ഭര്‍ത്താവ്) സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തത്. ഏപ്രില്‍ 15ന് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പേരും മതവും മാറുന്നത് സംബന്ധിച്ച പത്രവാര്ത്തകളുമുണ്ട്’-പരാതിയില്‍ പറയുന്നു. ഹിന്ദു ആചാരപ്രകാരം മീററ്റിലെ മാലിയാനയിലുളള ആര്യ സമാജ് മന്ദിറില്‍ ഏപ്രില്‍ 16ന് വിവാഹം നടത്തി. ഇതേദിവസം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ജാഹിദ് അഹമ്മദ് വിവാഹത്തെ എതിര്‍ത്തു വധഭീഷണി മുഴക്കിയിരുന്നു. ജീവന് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചിരുന്നുവെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ച്, മീററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വഴി ജാഹിദ് അമ്മദിന് നോട്ടിസ് അയയ്ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന 23ന് റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്നായിരുന്നു ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണത്തിന് കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: