ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതിയുമായി കെഎസ്ഇബി. പൊതുജനങ്ങള്‍ക്ക് ഓഫീസിലെത്താതെ സേവനങ്ങള്‍ നല്‍കുന്നതിനാണ് സംസ്ഥാനാടിസ്ഥാത്തില്‍ പദ്ധതി തുടങ്ങിയത്. ആലപ്പുഴ, ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലായി മുപ്പതോളം സെക്ഷനുകളിലാണ് സേവനങ്ങള്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വീടുകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ്. എങ്കിലും ഓണ്‍ലൈനായുള്ള സേവനങ്ങളെല്ലാം സജീവമാണ്. ലോക്ഡൗണ്‍ അവസാനിച്ചാല്‍ പദ്ധതി കാര്യക്ഷമമായി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
പുതിയ എല്‍ടി കണക്ഷനുകള്‍, കണക്ഷനുകളുടെ ഉടമസ്ഥാവകാശമാറ്റം, കണക്ടഡ് ലോഡ്, കോണ്‍ട്രാക്ട് ലോഡ്, ഫേസ്, പോസ്റ്റ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈന്‍, മീറ്റര്‍ മാറ്റിസ്ഥാപിക്കുക തുടങ്ങി എന്ത് സേവനങ്ങളും ഉപഭോക്താവിന് ഓഫീസില്‍ വരാതെ സാധ്യമാകും. സേവനത്തിനായി കേന്ദ്രീകൃത നമ്പറായ 1912ലാണ് ഉപഭോക്താക്കള്‍ വിളിക്കേണ്ടത്. ഇവിടെനിന്നാണ് അതത് ഇലക്ട്രിക്കല്‍ സെക്ഷനുകളിലേക്ക് കൈമാറുക.
കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ നല്കി ആവശ്യമറിയിച്ചാല്‍ കെഎസ്ഇബി ജിവനക്കാര്‍ ഉപഭോക്താക്കളെ ബന്ധപ്പെടും. സെക്ഷനില്‍നിന്ന് അധികൃതര്‍ നേരിട്ടെത്തി പരിശോധിച്ച് നടപടിയെടുക്കും. ഓണ്‍ലൈനായി നിറവേറ്റേണ്ട സേവനങ്ങളാണെങ്കില്‍ രേഖകള്‍ പരിശോധിച്ച് ഉടന്‍ സാധ്യമാക്കും. സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി തുകയുമടയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: