ആലപ്പുഴ: വീണ്ടൂം ഒരു മഴക്കാലം കൂടി എത്തി കഴിഞ്ഞു, വീണ്ടുമൊരു പ്രളയം നേരിടേണ്ടിവരുമോ? പലായനം ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുട്ടനാട്ടുകാര്‍. 2018മുതല്‍ ഏറ്റവും കൂടുതല്‍ പ്രളയദുരന്തം അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങളിലൊന്നാണു കുട്ടനാട്. വേമ്പനാട്ടുകായലിലേക്ക് ഒഴുകുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞ് ആഴം കുറഞ്ഞതു പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
കായലിന്റെ ജലശേഷി നാലിലൊന്നായി കുറഞ്ഞൂ. കുട്ടനാട്ടില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടിയിരുന്ന പമ്പ, മണിമലയാര്‍ അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ കുട്ടനാട്ടിലൂടെ ഒഴുകുന്ന കൈവഴികള്‍, ആഴം കൂട്ടിയില്ല . വേമ്പനാട് കായല്‍ ആഴം കൂട്ടിയില്ല പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ നല്ല രീതിയില്‍ ഉയര്‍ത്തി നിര്‍മ്മിക്കുവാന്‍ സാധിച്ചിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ നവീകരണ ജോലികള്‍ ഇതുവരെ ആരംഭിക്കാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് സാധിച്ചിട്ടില്ല.
3.43കോടിക്ക് 2020ജൂണ്‍ നാലിന് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ ആണ് 285 ദിവസത്തിന് ശേഷം റദ്ദ് ചെയ്തു. വര്‍ഷങ്ങളോളം പഴക്കമുള്ള ജനകീയ ആവശ്യമായ എസി കാനല്‍ പള്ളാത്തുരുത്തി വരെ തുറക്കാന്‍ സാധിച്ചിട്ടില്ല. വേമ്പനാട്ടുകായലില്‍ 5.75 ലക്ഷം ടണ്‍ എക്കല്‍ അടിഞ്ഞുകൂടിയെന്നാണ് കോഴിക്കോട് ജലവിഭവ ഗവേഷണ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
വേമ്പനാട്ടുകായലില്‍ അടിഞ്ഞ ഈ എക്കല്‍ ഇതുവരെ നീക്കിയിട്ടില്ല. തണ്ണീര്‍ മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിന് അടിയില്‍ കിടക്കുന്ന 2 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യാന്‍ ഉണ്ട് ഈ മണ്ണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. റൂം ഫോര്‍ റിവര്‍ എന്ന പ്രോജക്ടിനൈ കുറിച്ച് ഹൈഡ്രോ ഡൈനാമിക്ക് പഠനം നടത്തുന്നതിനും പദ്ധതി രൂപ രേഖ തയ്യാറാക്കുന്നതിനും ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ ചുമതലപ്പെടുത്തി ധാരണ പത്രം ഒപ്പിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് മാത്രമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കുട്ടനാടിന്റെ ശാപം. ഈ സ്ഥിതി തുടര്‍ന്നാല്‍ മഴക്കാലം ആരംഭിക്കുന്നതോടെ തുടര്‍ച്ചയായ നാലാം വര്‍ഷവും വെള്ളം പൊങ്ങാനും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍ എത്തി ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: