ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് സ്വിറ്റ്സര്‍ലാന്റില്‍ നടക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ജനീവ ഉച്ചകോടിയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യമേറെയുണ്ടെന്ന് വിദേശകാര്യവിദഗ്ധര്‍ പറയുന്നു.
യുഎസ്-റഷ്യ ബന്ധത്തില്‍ സ്ഥിരത നിലനിര്‍ത്താനുദ്ദേശിച്ചാണ് ഈ യോഗം. നിരവധി പ്രധാനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ-യുഎസ് ബന്ധം വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായി പുടിന് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള വിവാധവിഷയങ്ങളും നയതന്ത്രവിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ക്രെംലിന് പ്രതിനിധി പറഞ്ഞു.
യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബൈഡന് നടത്തുന്ന ആദ്യവിദേശയാത്രയായിരിക്കും സ്വിറ്റ്സര്‍ലാന്റിലേക്ക് എന്നത് ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ യുഎസ് ആഭ്യന്തരഉപദേഷ്ടാവ് ജെയ്ക് സള്ളിവന് ജനിവയില്‍ റഷ്യന്‍ പ്രിതിനിയെ കാണും. ബൈഡന്റെ ആദ്യ വിദേശയാത്രയില്‍ അവസാനഘട്ടത്തിലായിരിക്കും പുടിനുമായുള്ള ജനീവ ഉച്ചകോടി നടക്കുക. ഈ യാത്രയില്‍ ആദ്യം ബൈഡന് ബ്രിട്ടനില്‍ നടക്കുന്ന ജി7 യോഗത്തില്‍ സംബന്ധിക്കും. പിന്നീട് ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും പങ്കെടുക്കും.
ഉക്രെയ്ന്, ബെലാറസ് വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ഉക്രയ്നിന്റെ പരമാധികാരം അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണ്. ബെലാറസ് വിഷയവും ഉന്നയിക്കും.- ജെന്‍ സാകി വിശദീകരിച്ചു.
ഫിന്‍ലന്റിലെ ഹെല്‍സിങ്കിയില്‍ 2018ല്‍ പുടിനും ട്രംപും കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇതാദ്യമാണ് ലോകശക്തികളായ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്. റഷ്യയിലെ വിമതനേതാവ് അലക്സി നവല്‍നിയെ വിഷംകൊടുത്തുകൊല്ലാന്ശ്രമിച്ചതിനും ജയിലിലടച്ചതിനും റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ചില്‍ അലക്സി നവല്‍നിയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുടിനെ കൊലയാളി എന്ന് ബൈഡന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: