ഉപനിഷത്ത് ഋഷിമാരുടെ കാലത്തിനു ശേഷം കിഴക്കിന്റെ ധ്യാനമാര്‍ഗത്തില്‍ സഞ്ചരിച്ച രണ്ടു യുഗസ്രഷ്ടാക്കളാണുള്ളത്. ശ്രീകൃഷ്ണനും, ശ്രീബുദ്ധനും. ആ വഴിത്താരയില്‍ നിത്യതയുടെ വസന്തം വിരിയിച്ച അഹേതുക കൃപാസിന്ധുക്കളാണ് കേരളധര ജന്മം നല്കിയ ശ്രീശങ്കരനും ശ്രീനാരായണഗുരുവും.
ശാന്തിക്കു പോലും ശാന്തിപാഠം തീര്‍ത്ത ഉപനിഷത്തുക്കള്‍, അര്‍ഥ കാമനകള്‍ക്ക് ധര്‍മ്മമാര്‍ഗ്ഗം ഉപദേശിക്കുകയും, പിളര്‍ന്നു നില്ക്കുന്ന മനോ വിചാരങ്ങള്‍ക്ക് ധ്യാനമാര്‍ഗം ഓതിയും, നേതി നേതി വാക്യങ്ങളിലൂടെ വിടര്‍ന്നു നില്ക്കുന്ന ലോകത്തില്‍ നിര്‍വാണണത്തെ പ്രാപിക്കാനുള്ള മാര്‍ഗം കാട്ടിയും, പഞ്ചശുദ്ധിക്കും അഹിംസയ്ക്കുമെല്ലാം ജീവിത പാഠം തീര്‍ത്തതുമായ വിജ്ഞാനത്തിന്റെ ആകരങ്ങളാണ് .
പുരാണങ്ങളില്‍ അവതാരത്തിന്റെ സര്‍വഭാവങ്ങളും ആവാഹിച്ചവരുടെ കൂട്ടത്തിലാണ് ബുദ്ധനെ ആദരിച്ചിട്ടുള്ളത് .
ഭൂതദയയുടെയും ക്ഷമയുടെയും സാഗരമായ ശ്രീബുദ്ധനെ
നരരൂപമെടുത്ത് ഭൂമിയില്‍
പെരുമാറീടിന കാമധേനുവോ
പരമാത്ഭുത ദാനദേവതാ-
തരുവോയീയനുകമ്പ പൂണ്ടവന്
എന്നാണ് ശ്രീനാരായണ ഗുരുദേവന് അനുകമ്പാ ദശകമെന്ന കൃതിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബുദ്ധനെ ബുദ്ധികൊണ്ട് വായിച്ചവര്‍ ജനമനസ്സുകളില്‍ അവതരിപ്പിച്ചതാകട്ടെ വേദവിരുദ്ധന്, നിരീശ്വരവാദി എന്നൊക്കെയാണ്.
ബുദ്ധാനുഭവത്തിനുള്ള വിവേകം
എന്നാല്‍ ശരിയായ ബുദ്ധന് ഇങ്ങനെയായിരുന്നില്ല. ആ ബുദ്ധനെ ഹൃദയത്തിലാവാഹിക്കാനും അറിയാനും ശ്രമിക്കാതിരുന്നതാണ് ഇന്ത്യ നേരിട്ട വലിയ വിപത്തെന്ന് വിവേകാനന്ദ സ്വാമികള്‍ പരാതിപ്പെട്ടിരുന്നു. അഗ്ര
പൂജയര്‍ഹിക്കുന്ന ഉപനിഷത്ത് സന്ദേശങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു ബുദ്ധന് എന്നാണ് സ്വാമിജി നിരീക്ഷിച്ചിട്ടുള്ളത്. ഉപനിഷത്ത് ആശയങ്ങളുടെ പൊരുളറിയാതെ ശ്രീബുദ്ധന്റെ ജീവിതത്തെയും ഉപദേശങ്ങളെയും വേണ്ടതു പോലെ ഉള്‍ക്കൊള്ളാനാവില്ല എന്ന സന്ദേശമാണ് ശ്രീരാമകൃഷ്ണ ദേവനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും പറഞ്ഞു പോന്നിരുന്നത്.
ബുദ്ധദര്‍ശനത്തെ ആഴത്തില്‍ പഠിച്ചിട്ടുള്ള സര് ഇ ഡെന്നീസണ്റോസ്, എഡ്വിന് ആര്‍നോള്‍ഡ്, എഡ്മണ്ട് ഹോംസ് തുടങ്ങിയ പാശ്ചാത്യ പണ്ഡിതരും ഇതേ ആശയം അടയാളപ്പെടുത്തിയിട്ടുണ്ട്. ബുദ്ധന്റെ ജീവിത വീക്ഷണം ഉപനിഷത്തുകളില്‍ നിറഞ്ഞു നിന്നിരുന്ന ദര്‍ശനമാണ് എന്നാണ് ഉദാഹരണ സഹിതം ഇവരൊക്കെ വരച്ചു കാട്ടിയത്.
സിദ്ധാര്‍ത്ഥനും ശ്രീബുദ്ധനും
അറിവിന്റെ മുറിവില്ലാത്ത നിറവിനെ അനുഭവിക്കാന്‍ ഉടല്‍പൂണ്ട മഹാത്ഭുതമാണ് കപിലവസ്തുവിലെ ശാക്യരാജവംശത്തിലെ ശുദ്ധോദന മഹാരാജാവിന്റെയും മായാദേവിയുടെയും മകനായി ജനിച്ച സിദ്ധാര്ത്ഥന്. ആജന്മശുദ്ധനായി ആസമുദ്ര ക്ഷിതീശനായി, ആഫലോദയ കര്‍മ്മങ്ങള്‍ അനുഭവിച്ച് ‘സാമ്രാട്ട് ‘ആകണമന്നായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ കാമനാരാഹിത്യത്തിന്റെ ഉള്ളുണര്‍വിലേക്ക് ഊളിയിട്ട്’ സ്വരാട്ട്’ ആയി വിടരുകയായിരുന്നു അദ്ദേഹം.
അതിനദ്ദേഹം തെരഞ്ഞെടുത്തത് ധിഷണയുടെ മാര്‍ഗമാണ്. ഏറെ കാലമായി തന്നില്‍ നിന്ന് മാത്രം മറച്ചുവെച്ച ദുഃഖവും ദുരിതവും പട്ടിണിയും മരണവുമെല്ലാം ഒരിക്കല്‍ നേരിട്ട് അറിയേണ്ടി വന്നപ്പോള്‍ സിദ്ധാര്‍ഥ രാജകുമാരന് അനുഭവിച്ചത് അപസ്മാര സദൃശമായ അവസ്ഥയായിരുന്നു.
ആധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ മൂന്ന് തരത്തിലുള്ള ആഴമാര്‍ന്ന ദുഃഖത്തിന്റെ ആഘാതത്തില്‍ നിന്നുള്ള അന്വേഷണത്തിലാണ് സിദ്ധാര്ത്ഥന് എന്ന പേരില്‍ നിന്നും ബുദ്ധനെന്ന അവസ്ഥയെ പ്രാപിക്കുന്നത്. അതിനദ്ദേഹം മുന്നോട്ട് വെച്ചത് ദുഃഖമെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അതിനെ മറികടക്കാനുള്ള ഉപാധികളുമാണ്. ശരിയായ സങ്കല്പവും, കര്‍മ്മവും, വാക്കും, കാഴ്ചപ്പാടും, വ്യായാമവും, തൊഴിലും, സമാധി തുടങ്ങിയ അഷ്ടാംഗങ്ങളായിരുന്നു, ഇതൊന്നും തന്നെ വേദങ്ങള്‍ക്കോ ഉപനിഷത്തുകളള്ക്കോ വിരുദ്ധമായ സമീപനമായിരുന്നില്ല.
ശുദ്ധമായ ജ്ഞാന യോഗം
ബുദ്ധന്റെ മാര്‍ഗം ശുദ്ധമായ ജ്ഞാന യോഗത്തിന്റെതാണ്, അറിവിന്റെതല്ല, അറിയലിന്റെതായിരുന്നു. ഈ പാതയായിലേക്കുള്ള സഞ്ചാര പഥങ്ങളിലെല്ലാം ധ്യാനത്തിന്റെ വഴികളായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. അഹിംസ, സത്യം, അസ്തേയം ബ്രഹ്മചര്യം, ശൗച, സന്താഷ, തപ, സ്വാധ്യയമെന്നിങ്ങനെയുള്ള യമ നിയമങ്ങളുടെയും, ആസനം പ്രാണായാമം, പ്രത്യാഹാരം, ധാരണാ ധ്യാനങ്ങളിലൂടെ നിര്‍വാണം പ്രാപിച്ച അനുകമ്പയുടെ വഴികളായിരുന്നു അത്.
ഒരു തേനീച്ചയെ പോലെ ജീവിക്കാനാണ് ബുദ്ധന് ഉപദേശിച്ചത്. പൂവിന്റെ ഭംഗിക്ക് കോട്ടം തട്ടാത്ത വിധം, സുഗന്ധം നശിപ്പിക്കാതെ, കുറച്ചു മാത്രം തേന്‍ നുകര്‍ന്ന് പൂവ് പോലും അറിയാതെ നിശ്ശബ്ദമായി പോകുന്നതു പോലെ ലളിതമായ ജീവിതം നയിക്കുന്നതാണ് ബൗദ്ധധര്‍മ്മം സ്വീകരിക്കുന്നവര്‍ പിന്തുടരേണ്ടത്.
എന്നാല്‍ ബുദ്ധന്റെ ഉപദേശത്തിന് വിരുദ്ധമായാണ് ഏറെയും ജനങ്ങള്‍ ചിന്തിച്ചിരുന്നതും ജീവിതം നയിച്ചിരുന്നതും എന്നാണ് ചരിത്രം പറയുന്നത്. മാത്രമല്ല ബുദ്ധന്റെ ഉപദേശം ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍ ചൈനയിലും, ജപ്പാനിലും ശ്രീലങ്കയിലും, ടിബറ്റിലും വ്യത്യസ്തമായിരുന്നു. ഈ വ്യത്യാസം അവിടങ്ങളിലെ ജനജീവിതത്തിലും പ്രതിഫലിച്ചിരുന്നു.
ബൗദ്ധധര്‍മ്മം ചൈനയില്‍ വ്യാപകമായി വളര്‍ന്നു കൊണ്ടിരുന്ന സമയത്ത് ബോധിധര്‍മ്മനെ അദ്ദേഹത്തിന്റെ ഗുരു ചൈനയിലേക്കയച്ചിട്ട് പറഞ്ഞു. മഹത്തായ ചൈനയുടെ മണ്ണില്‍ ബുദ്ധമതം സ്ഥാപിക്കണം. എന്തെന്നാല്‍ ലോകത്തിന്റെ അഞ്ചിലൊരാള്‍ ചൈനക്കാരനാണ്. അപ്പോള്‍ അവിടെ ബുദ്ധധര്‍മ്മം പ്രചരിക്കുന്നത് വലിയ കാര്യമാണ് എന്നും ഉപദേശിച്ചിരുന്നു. ബോധിധര്‍മ്മന്റെ പരിശ്രമഫലമായി ചൈനയിലെങ്ങും ബുദ്ധമതം വ്യാപകമായി പ്രചരിച്ചു. എന്നാല്‍ അവരിലൊരാള്‍ പോലും പ്രബുദ്ധതയുടെ ശാന്തി മാര്‍ഗത്തില്‍ എത്തിയില്ല.
ബുദ്ധന്റെ മൂലവിചാരം
ബുദ്ധനെന്ന വാക്കിന്റെ മൂലശബ്ദത്തിന് നിരവധി അര്‍ത്ഥങ്ങളാണ് ശാസ്ത്രങ്ങളില്‍ കല്പിച്ചിട്ടുള്ളത്. ബുധ് ധിഷണ എന്ന ധാതുവിന്റെ അര്‍ഥം, ഉണരുക, തിരിച്ചറിവ്, ഗ്രഹിക്കുക, (അറിയല്‍), ബോധോദയം പ്രാപിക്കുക, (സ്വയം പ്രകാശമാണെന്നറിയുക) എന്നിങ്ങനെയാണ്. അവബോധത്തിന്റെ ഉയര്‍ന്ന അവസ്ഥയില്‍ എത്തിയ ബുദ്ധന് അപാരമായ കാരുണ്യത്തോടും ശാന്തിയോടും കാല്‍ചുവട്ടി നടന്ന ഈ മണ്ണിലിന്നും അദ്ദേഹത്തിന്റെ സ്പന്ദനവും സ്വാധീനവുമുണ്ട്.
ഡോ. എം.വി. നടേശന്
(ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കാലടി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: