കൊച്ചി: ലക്ഷദ്വീപിലെ പ്രോസിക്യൂട്ടര്‍മാരെ കോടതി ജോലികളില്‍ നിന്നൊഴിവാക്കി മറ്റു ജോലികള്‍ക്കു നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അമിനി ദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറെ കവരത്തിയിലുള്ള സെക്രട്ടറിയേറ്റില്‍ ലീഗല്‍ സെല്ലിലേക്ക് നിയോഗിച്ചതിനെതിരെ ദ്വീപ് നിവാസിയായ കെ.പി. മുഹമ്മദ് സലിം നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് എം. ആര്. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ലക്ഷദ്വീപില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിക്കേണ്ടത്. കുറ്റപത്രം തയ്യാറാക്കാന്‍ ഇവരുടെ സേവനം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ എത്തിച്ചു കൊടുക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ മേയ് 21 നാണ് കുറ്റപത്രം തയാറാക്കാന്‍ പോലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ച് ലക്ഷദ്വീപിലെ എഡിഎം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികള്‍ നിറുത്തിവെക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു ക്രിമിനല്‍ കേസുകളുടെ വിചാരണ തടസപ്പെട്ടെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്നും മാധ്യമങ്ങളിലെ റിപ്പോര്ട്ടുകളെക്കുറിച്ചല്ല പറയുന്നതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
ലക്ഷദ്വീപിലെ പ്രോസിക്യൂട്ടര്‍മാരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കുന്നത് കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും റംസാന് അവധിക്കുശേഷം കോടതി തുറന്നെങ്കിലും കേസുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി സബ് ജഡ്ജി ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജില്ലാ ജുഡിഷ്യറി) മുഖേന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ലക്ഷദ്വീപിന്റെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് വിശദീകരണത്തിന് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: