ന്യൂദല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്(മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ചിട്ടുള്ളതായി കണക്കുകള്‍. കോവിഡ് രോഗികളിലാണ് ഇത് കൂടുതലായി റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്്. കേരളത്തില്‍ ഇതുവരെ 36 പേരാണ് ബ്ലാ്ക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ബ്ലാക്ക് ഫംഗസ് രോഗബാധയ്‌ക്കെതിരെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്റെ 29,250 വയലുകള്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അധികമായി അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: