ശാസ്താംകോട്ട: മുതിര്‍ന്ന ആര്‍എസ്എസ് കാര്യകര്‍ത്താവും ബിജെപി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന മണ്ട്രോത്തുരുത്ത് നെന്മേനി തെക്ക് തോട്ടുകര വീട്ടില്‍ കെ. മംഗളന്‍ (55) അന്തരിച്ചു. കൊവിഡ് ബാധിതനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം കഴിഞ്ഞു. ഭാര്യ: ചന്ദ്രലത. മക്കള്‍: കിരണ്‍, കാവ്യ.
ആര്‍എസ്എസ് കുണ്ടറ താലൂക്ക് കാര്യവാഹ്, ബിജെപി കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ ‘മംഗള്‍ ജി’ എന്ന് സഹപ്രവര്‍ത്തകര്‍ ആദരവോടെ വിളിച്ചിരുന്ന മംഗളന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു.
ആര്‍എസ്എസ് കൊല്ലം ഗ്രാമ ജില്ലാ കാര്യവാഹ് ആര്. ബാബുക്കുട്ടന്, വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, ബിജെപണ്ടി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജന: സെക്രട്ടറിമാരായ സന്തോഷ് ചിറ്റേടം, സുരേഷ് ആറ്റുപുറത്ത് തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
അണഞ്ഞത് ഉത്തമ മാതൃക: ബി.ബി. ഗോപകുമാര്‍
ആര്‍എസ്എസ് മുന്‍ കുണ്ടറ താലൂക്ക് കാര്യവാഹ്, ബിജെപി മണ്ട്രോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം അധ്യക്ഷന്‍, ജില്ലാ ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ. മംഗളന്ജിയുടെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖത്തപ്പെടുത്തുകയും ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. മാതൃകാ സമാജ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയായിരുന്നു കെ. മംഗളന്‍ എന്ന് ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: