കൊല്ലം: ഏറെ പ്രതീക്ഷയോടെ മാസങ്ങള്‍ക്ക് ശേഷം കടലില്‍ അന്നം തേടിപ്പോയവര്‍ക്ക് നിരാശയായിരുന്നു ഫലം. ഹാര്‍ബറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗികമായി അനുമതി ലഭിച്ചെങ്കിലും കൊവിഡും ലോക്ക്ഡൗണും കാലാവസ്ഥാ വ്യതിയാനവും കാരണം തീരമേഖല പട്ടിണിയിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ ദിവസം കടലില്‍ പോയ ഭൂരിഭാഗം ആളുകള്‍ക്കും വളരെ കുറച്ച് മത്സ്യം മാത്രമാണ് ലഭിച്ചത്.
ശക്തികുളങ്ങര, അഴീക്കല്‍, തങ്കശ്ശേരി ഹാര്‍ബറുകളും അനുബന്ധ ലേലഹാളുകളും കര്‍ശന നിബന്ധനകളോടെ ഭാഗിക പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും മല്‍സ്യ ലഭ്യത കുറവാണ്. നീണ്ടകര ഹാര്‍ബറിന് പ്രവര്‍ത്തന അനുമതി ആയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, ലേലക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഹാര്‍ബറുകളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാണ്. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ഒറ്റ-ഇരട്ട അക്ക വ്യവസ്ഥയിലാണ് ഹാര്‍ബറുകളില്‍ ഇവര്‍ക്ക് പ്രവേശനം.
രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍നിന്നും കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് പ്രവേശനാനുമതിയില്ല. യാനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്തുതന്നെ തിരികെ അടുപ്പിക്കണം. നീണ്ടകരയില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് ശക്തികുളങ്ങരയില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഹാര്‍ബറുകളിലും യാനങ്ങളിലും കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
ഇതിനിടെ രണ്ടു പേര് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഹാര്‍ബറില്‍ പ്രവേശിക്കാനുള്ള ശ്രമം നടത്തിയത് ആരോഗ്യവകുപ്പ് ഇടപെട്ട് തടഞ്ഞു. പോസിറ്റീവായ മുഴുവന്‍ പേരുടെയും പട്ടിക സിറ്റി പോലീസ് കമ്മിഷണര്‍ക്കു കൈമാറി.
ഹാര്‍ബറിനുള്ളില്‍ സ്ഥിരമായി പ്രവേശിക്കുന്നവര്‍ പാസ് ലഭിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയെ തുടര്‍ന്നാണ് ഹാര്‍ബറില്‍ കഴിഞ്ഞ ദിവസം കൂട്ട പരിശോധന നടത്തിയത്.
പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍
ഹാര്‍ബറുകളിലും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍. ഒറ്റദിവസം നടത്തിയ പരിശോധനയില്‍ 77 പേരാണ് പോസിറ്റീവ് ആയത്. ശക്തികുളങ്ങര, അഴീക്കല്‍ മേഖലകളിലായി നടത്തിയ പരിശോധനയിലാണിത്. ശക്തികുളങ്ങരയിലും കാവനാടുമായി നടത്തിയ പരിശോധനകളിലാണ് 50 പേര് പോസിറ്റീവായത്. കാവനാട് 30 പേര്‍ക്കും ശക്തികുളങ്ങരയില്‍ 20 പേര്‍ക്കും കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. അഴീക്കലില്‍ 2800ല്‍ പരം ആളുകള്‍ പരിശോധനയ്ക്കു വിധേയരായതില്‍ 27 പേര്‍ക്ക് പോസിറ്റീവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: