കണ്ണൂര്‍: കെപിസിസി അധ്യക്ഷനാകാനുളള വാര്‍ക്കിംഗ് പ്രസിഡണ്ടായ കെ. സുധാകരന്റെ നീക്കത്തിന് തുടര്‍ച്ചയായ രണ്ടാംതവണയും തിരിച്ചടിക്ക് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുല്ലപ്പളളിയെ മാറ്റി സുധാകരനെ പ്രസിഡണ്ടാക്കാന്‍ നടന്ന ശ്രമത്തിന് തടയിട്ട അതേശക്തികള്‍ വീണ്ടും രംഗത്തെത്തിയതാടെയാണ് സുധാകരന്റെ പ്രസിഡണ്ട് മോഹത്തിന് വിലങ്ങു തടിയാവുന്നത്.
സുധാകര വിരുദ്ധരായ നിരവധി നേതാക്കള്‍ അദ്ദേഹത്തിന്റെ അധ്യക്ഷ സ്ഥാനത്തിനെതിരെ രംഗത്തുണ്ടെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുളള ഒരു വിഭാഗമാണ് സുധാകരനെതിരെ ശക്തമായി അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നത്. സുധാകരന് അധ്യക്ഷസ്ഥാനത്തെത്താതിരിക്കാന് വിവിധ ഗ്രൂപ്പുകള്‍ വളരെ ആസൂത്രിതമായി പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍. സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ പുതിയ നീക്കം.
സുധാകരന് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെല്ലാം നിശബ്ദരായിരിക്കേണ്ടി വരുമെന്നും കണ്ണൂരിലെ കോണ്‍ഗ്രസില്‍ സുധാകരന് കാണിക്കുന്ന അപ്രമാദിത്വം സംസ്ഥാനത്തെ കെപിസിസിക്കകത്തും ഉണ്ടാകുമെന്ന ഭയമാണ് ഒരു വിഭാഗത്തെ സുധാകരനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി കേന്ദ്ര നേതാക്കള്‍ അടുത്ത ദിവസം കേരളത്തിലെത്താനിരിക്കേയാണ് സുധാകരനെതിരായ നീക്കം ശക്തമായിരിക്കുന്നത്. മറ്റ് രണ്ട് വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ് അടക്കമുളള ചില നേതാക്കളെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരാനുളള നീക്കമാണ് നടക്കുന്നത്. ബെന്നി ബഹനാനും അധ്യക്ഷപദവിയ്ക്കുവേണ്ടി ചിലരുടെ പിന്തുണയോടെ ശ്രമം ആരംഭിച്ചതായാണ് വിവരം.
സുധാകരന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്ന ചോദ്യമാണ് ഒരു വിഭാഗം ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. 11 സീറ്റുകളില്‍ രണ്ടേരണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും കണ്ണൂരില്‍ ലഭിച്ചത്. സിറ്റിംഗ് സീറ്റു പോലും നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. ഇതെല്ലാം സുധാകരന്റെ കഴിവുകേടാണെന്നതടക്കമുളള പരാതികള്‍ എഐസിസിയിലേക്ക് പോയതായാണ് വിവരം. കൂടാതെ സുധാകരന്റെ തീവ്രനിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഒരു വിഭാഗം എഐസിസിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുധാകരന് നേതൃത്വത്തിനെതിരെ നടത്തിയ ചില പരമാര്‍ശങ്ങള്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു.
സുധാകരന് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയാല്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കില്ലെന്നും പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാകുമെന്നും മറ്റുമുളള പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയര്‍ത്തിയതായാണ് വിവരം. വി.ഡി. സതീശന് പിന്നാലെ കെ. സുധാകരന് കൂടിയെത്തിയാല്‍ സമവാക്യങ്ങള്‍ പൊളിയുമെന്ന ആശങ്കയിലാണ് കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പല ഗ്രൂപ്പ് നേതാക്കള്‍. മുല്ലപ്പളളിയാണ് നിലവില്‍ കേരളപ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനെങ്കിലും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലാണ് കേരളത്തിലെ കാര്യങ്ങളുടെ അവസാനവാക്ക് എന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ സുധാകരന് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ തന്നെ അനുസരിക്കാത്ത സ്ഥിതിയുണ്ടാവുമെന്നും സുധാകരന്റെ അപ്രമാദിത്വമാകും പാര്ട്ടിയിലെന്നുമുളള തിരിച്ചറിവ് കെ.സി. വേണുഗോപാലിനെ സുധാകരനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
അതേസമയം സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് സുധാകരനുകൂലികളായ പാര്‍ട്ടിയിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗുലാംനബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കള്‍ സുധാകരനു വേണ്ടി രംഗത്തുണ്ട്. യുഡിഎഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ പരാജയത്തെകുറിച്ച് പഠിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക്ചവാന് അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്തിയേക്കും. സമിയുടെ വരവിന് പിന്നാലെ കോണ്‍ഗ്രസ് പുനസംഘടന നടത്താനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം. എന്നാല്‍ സുധാകരന് അനുകൂലമായും പ്രതികൂലമായും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും കെ.സി. വേണുഗോപാലും രംഗത്തെത്തിയത് എഐസിസി നേതൃത്വത്തിന് പ്രശ്നപരിഹാരം കീറാമുട്ടിയായി തീര്‍ത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: