കണ്ണൂര്‍: ജില്ലയിലെ കോവിഡ് പ്രതിരോധ രംഗത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്താനുളള റിലീഫ് ഏജന്‍സിയായി സേവാഭാരതിയെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ജില്ലാ ഭരണകൂടം ഉത്തരവ് റദ്ദാക്കി. ഉത്തരവ് റദ്ദാക്കിയതിന് പിന്നില്‍ ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗം. കഴിഞ്ഞ 22നായിരുന്നു ദുരന്ത നിവാരണ സമിതി ജില്ലാ ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി.വി. സുഭാഷ് സേവാഭാരതിയെ ജില്ലയിലെ റിലീഫ് ഏജന്‍സിയായി നിയമിച്ചത്. തുടര്‍ന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുളള പാസുകള്‍ സ്വീകരിക്കാനുളള ശ്രമങ്ങള്‍ സംഘടന നടത്തി വരികയായിരുന്നു. എന്നാല്‍ പാസുകള്‍ ലഭ്യമാവുകയോ സേവാഭാരതി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സംവിധാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ ആരംഭിക്കും മുമ്പാണ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് സേവാഭാരതിയെ റിലീഫ് ഏജന്‍സി സ്ഥാനത്തു നിന്നും നീക്കിയതായി കലക്ടര്‍ ഇന്നലെ ഉത്തരവിട്ടത്.
കോവിഡ് വ്യാപനവും ലോക്ഡൗണും തുടങ്ങിയ ആദ്യഘട്ടം മുതല്‍ സ്വന്തം നിലയില്‍ സേവാഭാരതി ജില്ലയിലെ നഗര-ഗ്രാമ വിത്യാസമില്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനാല്‍തന്നെ സ്വന്തം ഡ്രസ് കോഡും മറ്റും ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ജില്ലാ ഭരണകൂടം റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചുവെങ്കിലും ഒരു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ സന്നദ്ധ സേവനത്തിനുളള പാസ് ഇതുവരെ കൈപ്പറ്റുകയോ സംഘടനയുടെ ചിഹ്നങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസം മാത്രമാണ് ആയത്. ഇതിനിടയില്‍ അകാരണമായി ഉത്തരവ് റദ്ദു ചെയ്യുകയും ചെയ്തു. സേവാഭാരതിക്ക് പിന്നാലെ മുസ്ലീംലീഗിന്റെ പോഷക സംഘടനയായ സിഎച്ച് സെന്ററിനെ കലക്ടര്‍ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചിരുന്നു. സേവാഭാരതിയെ ഏജന്‍സിയായി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയ ഭരണകൂടം സിഎച്ച് സെന്ററുമായി ബന്ധപ്പെട്ടിറക്കിയ തീരുമാനം റദ്ദ് ചെയ്തിട്ടില്ല. അതു കൊണ്ടുതന്നെ സേവാഭാരതിയെ മാറ്റി നിര്‍ത്തുന്നതിന് സിപിഎം നേതൃത്വവും ജില്ലയിലെയും സംസ്ഥാനത്തേയും ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എന്നുറപ്പായിരിക്കുകയാണ്.
കോവിഡ് പ്രതിരോധ രംഗത്ത് ആദ്യ ഘട്ടത്തില്‍ത്തന്നെ സിപിഎമ്മിന്റെ പോഷക സംഘടനയായ ഐആര്‍പിസിയെ റിലീഫ് ഏജന്‍സിയായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയും ഭരണകൂടത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് വരികയുമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചും മറ്റ് പല തരത്തിലും ആരാലും ചോദ്യ ചെയ്യപ്പെടാതെ തോന്നിയതുപോലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളും സൈ്വര്യവിഹാരം നടത്തി വരികയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഐആര്‍പിസിയുടെയും ഡിവൈഎഫ്ഐയുടേയും മറ്റും പേരില്‍ പാസുകള്‍ സംഘടിപ്പിച്ച് മയക്കുമരുന്നും മദ്യവും കടത്തുന്ന സ്ഥിതി നിലവിലുണ്ട്. ഇത്തരത്തില്‍ മദ്യം കടത്തിയ ഡിവൈഎഫ്ഐക്കാരായ ചില പ്രാദേശിക നേതാക്കളെ പോലീസ് പിടികൂടിയ സംഭവവും ഉണ്ടായിരുന്നു. സേവാഭാരതിയുടെ കടന്നു വരവോടെ ഐആര്‍പിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ട് സംഘടനയുടെ ചെയര്‍മാനും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ ശക്തമായ ഇടപെടലാണ് സേവാഭാരതിയെ ഒഴിവാക്കാന്‍ കലക്ടറെ നിര്ബന്ധിപ്പിച്ചതെന്നാണ് വിവരം. ഇത്തരം ഇടപെടലുകള്‍ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ് റദ്ദാക്കി കൊണ്ടുളള കലക്ടറുടെ കുറിപ്പിലുളളത്. പാര്‍ട്ടി നേരിട്ട് പരാതി കൊടുത്ത് സോവാഭാരതിയെ റിലീഫ് ഏജന്‍സിയാക്കി കൊണ്ടുളള ഉത്തരവ് റദ്ദാക്കിയാല്‍ അതിന് രാഷ്ട്രീയ നിറം വരുമെന്നതിനാല്‍ വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഉത്തരവ് റദ്ദ് ചെയ്തത്. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് വ്യാജ കാര്യം ചൂണ്ടിക്കാട്ടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിനെ കൊണ്ട് പരാതി കൊടുപ്പിച്ച് കലക്ടറെക്കൊണ്ട് ഉത്തരവിറക്കിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്കിയ പാസ് ഉപയോഗിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിന് ഒരു തെളിവും പരാതിക്കാരി കലക്ടര്‍ക്ക് നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം കലക്ടര്‍ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ച സിച്ച്സെന്ററിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ പച്ചയായി അവരുടെ പ്രസ്ഥാനത്തിന്റെ ചിഹ്നവും അടയാളവും ഉളള വസ്ത്രങ്ങളും വാഹനങ്ങളും മറ്റും ഉപയോഗിച്ചാണ് സേവന പ്രവര്‍ത്തനം നടത്തുന്നത്. മാത്രമല്ല സിപിഎമ്മും ഡിവൈഎഫ്ഐയും ഐആര്‍പിസിയും ഉള്‍പ്പെടെയുളള ഭരണപക്ഷ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ ചിഹ്നങ്ങളും കൊടികളും വാഹനങ്ങളും ഉപയോഗിച്ചാണ് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. വേണ്ടിയും വേണ്ടാതേയും നൂറുകണക്കിന് വാഹനങ്ങളാണ് ഡിവൈഎഫ്ഐയുടേയും മറ്റും ബോര്‍ഡുംവെച്ച് പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പോലും തെക്കുവടക്ക് സര്‍വ്വീസ് നടത്തുന്നത്. ഇതൊന്നും കാണാത്ത കലക്ടറും ജില്ലാ പഞ്ചായത്തും സേവാഭാരതിക്കാര്‍ സ്വന്തം ചിഹ്നം ഉപയോഗിച്ച് സേവന പ്രവര്‍ത്തനം നടത്തുന്നുവെന്ന മേച്ഛമായ ആരോപണം ഉന്നയിച്ച് സേവാഭാരതിയ്ക്കെതിരെ കുതിര കയറുകയാണ്.
പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ച് കലക്ടര്‍ക്ക് ഉത്തരവിറക്കേണ്ടി വരികയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയായ സേവാഭാരതിയെ റീലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ച് രണ്ട് ദിവസം കൊണ്ട് അകാരണമായി റദ്ദ് ചെയ്ത നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോവിഡിന്റെ ഒന്നാം ഘട്ട വ്യാപനത്തിലും ലൗക്ഡൗണിലും അംഗീകാരങ്ങള്‍ തേടി പോകാതെ ജനങ്ങള്‍ക്കിടയില്‍ നിശബ്ദമായി പ്രതിരോധ പ്രവര്‍ത്തനം നടത്തിയ സംഘടനവര്ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം കൈമുതലാക്കി വരും ദിവസങ്ങളിലും സേവന രംഗത്ത് ജില്ലയില്‍ കര്‍മ്മ നിരതരായി മുന്നിലുണ്ടാകുമെന്ന് സേവാഭാരതി നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: