അമ്പലപ്പുഴ: പഞ്ചായത്തു ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് മാപ്പു പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാകുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി ഭാരവാഹി പ്രശാന്ത് എസ്.കുട്ടിയാണ് പരസ്യമായി മാപ്പു പറഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ജിതേഷിനെ പ്രശാന്ത് എസ്.കുട്ടി ഓഫീസില്‍ കയറി മര്‍ദിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മറ്റംഗങ്ങള്‍, സെക്രട്ടറി എന്നിവര്‍ ഓഫീസിലിരിക്കുമ്പോഴാണ് മര്‍ദനം നടന്നത്. മര്‍ദിച്ച ശേഷം പ്രശാന്ത് കടന്നു കളഞ്ഞു.
സെക്രട്ടറി നല്കിയ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് പ്രശാന്ത് എസ്.കുട്ടിക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയുടെയും ജിതേഷിന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിരുന്നില്ല. ഇതിനിടയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ ശ്രമവും നടത്തിയിരുന്നു.
എന്‍ജിഒ സംഘ് അംഗമാണ് ജിതേഷ്. ബിജെപി, എന്‍.ജി.ഒ സംഘ് ഭാരവാഹികള്‍, സിപിഎം നേതാക്കള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രശാന്ത് എസ്.കുട്ടി മാപ്പു പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മാപ്പു പറയില്ലെന്ന് പ്രശാന്ത് എസ്.കുട്ടിയും മറ്റ് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മാപ്പു പറഞ്ഞ് കേസ് ഒത്തു തീര്‍പ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: