ഉത്തരേന്ത്യയില്‍ മാവോയിസ്റ്റ് ഭീകരസംഘടനകള്‍ പ്രയോഗിക്കുന്ന വിധ്വംസക രാഷ്ട്രീയത്തിന്റെ കാര്‍ഡാണ് ലക്ഷദ്വീപിലെ കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് ജിഹാദി ശക്തികള്‍ പുറത്തെടുത്തിരിക്കുന്നത്. ജനങ്ങളെ അവികസിതാവസ്ഥയില്‍ തളച്ചിട്ട് അവരുടെ ദുരിതം ചൂഷണം ചെയ്ത് പിന്തുണ നേടുകയും, രാഷ്ട്രീയവും സാമ്പത്തികവുമായ മുതലെടുപ്പ് നടത്തുകയും ചെയ്യുക. ഛത്തീസ്ഗഡിലെയും മറ്റും മാവോയിസ്റ്റ് ഭീകരര്‍ കാലഹരണപ്പെട്ട മാവോയിസമാണ് ഇതിന് ഉപയോഗിക്കുന്നതെങ്കില്‍ ലക്ഷദ്വീപില്‍ ജനങ്ങളുടെ മതവികാരം ചൂഷണം ചെയ്യാനാവുമോയെന്നാണ് തല്‍പ്പരകക്ഷികള്‍ നോക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചിരിക്കുന്ന പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിന്റെ സമഗ്രവികസനത്തിനും, നിയമവാഴ്ച ഉറപ്പാക്കാനും എടുത്തുവരുന്ന ശക്തവും ക്രിയാത്മകവുമായ നടപടികള്‍ക്കെതിരെ ബിജെപി വിരുദ്ധരും മോദി വിരുദ്ധരുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ കുപ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ഡയറി ഫാമുകള്‍ നിര്‍ത്തലാക്കിയതും, ഗുണ്ടാ ആക്ട് നടപ്പിലാക്കിയതും, കടല്‍ത്തീരങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുമൊക്കെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ദ്വീപിലെ അന്തരീക്ഷം ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷലിപ്തമാക്കാന്‍ കാരണം.
സര്‍ക്കാര്‍ മേഖലയില്‍ ലിറ്ററൊന്നിന് 800 രൂപ മുടക്കി പാല് ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തിയാണ് ലിറ്ററിന് 40 രൂപ നിരക്കില്‍ അമൂല്‍ പാല്‍വിതരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് വളപ്പ് കയ്യേറി കളക്ടറെ ഘെരാവോ ചെയ്തതിനെതിരെ കേസെടുത്തതാണ് ഗുണ്ടാനിയമം നടപ്പാക്കുന്നുവെന്ന കുപ്രചാരണത്തിനു പിന്നില്‍. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനുവേണ്ടിയാണ് മദ്യം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി.എം. സെയ്ദ് എംപിയായിരുന്നപ്പോള്‍ മദ്യത്തിന് അനുമതി നല്‍കിയതിനോട് നിശ്ശബ്ദത പാലിക്കുകയായിരുന്നു. മദ്യം മതവിരുദ്ധമാണെന്ന ഇപ്പോഴത്തെ പ്രചാരണം തികഞ്ഞ ഇരട്ടത്താപ്പാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് സര്‍ക്കാരില്‍ അനധികൃതമായി നിയമനം നേടിയവരെ അവരുടെ കാര്യക്ഷമതയില്ലായ്മ തിരിച്ചറിഞ്ഞാണ് പിരിച്ചുവിട്ടിരിക്കുന്നത്. സ്ഥലം കയ്യേറിയും മറ്റും നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നത് കരാര്‍ ലോബികളെ പ്രകോപിപ്പിച്ചിരിക്കുന്നു. ലക്ഷദ്വീപിനെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ അട്ടിമറിക്കാനും തല്‍പ്പരകക്ഷികള്‍ ശ്രമിക്കുകയാണ്. 240 കോടി രൂപയ്ക്ക് അഗത്തി വിമാനത്താവളം വികസിപ്പിക്കാനുള്ള നീക്കങ്ങളെയും വികസനവിരോധികള്‍ എതിര്‍ക്കുന്നു. സ്വകാര്യ റിസോര്‍ട്ടുകള്‍ പൊളിക്കേണ്ടിവരുന്നതാണ് ഇതിനു കാരണം.
വികസനത്തിലൂടെയും സൈ്വരജീവിതത്തിലൂടെയും ലക്ഷദ്വീപിലെ ജനത ദേശീയ മുഖ്യധാരയോട് ചേരുന്നതിനെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും മുസ്ലിംലീഗും ഇഷ്ടപ്പെടുന്നില്ല. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഇതിനു മുന്‍പ് അഡ്മിനിസ്ട്രേറ്ററായി എത്തിയിരുന്നത് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നതിനപ്പുറം ഇവര്‍ക്ക് ദ്വീപിന്റെ വികസന ഭാവിയില്‍ താല്പ്പര്യമൊന്നുമുണ്ടായിരുന്നില്ല. ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ ഒരു രാഷ്ട്രീയ നേതാവിനെ മോദി സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചപ്പോള്‍തന്നെ കോണ്‍ഗ്രസ്സിനും ലീഗിനും മറ്റും അപകടം മണത്തു. പട്ടേല്‍ നടപ്പാക്കിയ ക്ലീന്‍ ലക്ഷദ്വീപ് പദ്ധതി ജനങ്ങളുടെ മനം കവര്‍ന്നതോടെ ഇങ്ങനെയൊരാളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അത് തങ്ങള്‍ക്ക് നഷ്ടക്കച്ചവടമാകുമെന്ന് ഈ പാര്‍ട്ടികളുടെ നേതൃത്വം മനസ്സിലാക്കി. ജനസംഖ്യയില്‍ നൂറുശതമാനവും മുസ്ലിങ്ങള്‍ ആയതിനാല്‍ മതം ആയുധമാക്കാനും, ഗുജറാത്തുകാരനായ പ്രഫുല്‍ പട്ടേലിനെ വരത്തനായി ചിത്രീകരിക്കാനും ഗൂഢാലോചന നടന്നു. ഇതിന്റെ ഫലമായാണ് പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് മോദി വിരുദ്ധര്‍ ഒറ്റക്കെട്ടായി മുറവിളി ഉയര്‍ത്തുന്നത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കളിച്ച മുസ്ലിം കാര്‍ഡ് സിപിഎം ലക്ഷദ്വീപിലും പയറ്റുകയാണ്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല. അവിടുത്തെ ജനങ്ങള്‍ വികസനത്തിനൊപ്പമാണ്. പ്രഫുല്‍ പട്ടേല്‍ നിലകൊള്ളുന്നതും അതിനാണ്. ലക്ഷദ്വീപില്‍ പരാജയപ്പെടാനാണ് മോദി വിരുദ്ധരുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: