ശ്ലോകം 340 ന്റെ തുടര്‍ച്ച.
ആദ്ധ്യാത്മിക വീക്ഷണത്തില്‍ സ്വയം വികസിച്ച് സമഷ്ടിയെ സ്വാത്മാവായി കാണലാണ് സര്‍വ്വാത്മഭാവം. എല്ലാം താന്‍ തന്നെയെന്ന അനുഭവം. ഈ സര്വ്വാത്മഭാവമുണ്ടായാല് പിന്നെ ബന്ധനത്തിന് വിമുക്തിയായി. അതിലപ്പുറം വേറൊന്നുമില്ല. എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാവാനുള്ള ഉപായമാണത്. ജ്ഞാനിക്കത് നിരന്തര ആത്മനിഷ്ഠയാല് ലഭിക്കുന്നു.
നമ്മുടെ ഇപ്പോഴത്തെ ചിന്താഗതി നാം വളരെ പരിമിതെന്നതാണ്. വിഷയ വസ്തുകളോടുള ആസക്തി മൂലം ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളില്‍ പെട്ട് ഭ്രമിച്ചിരിക്കുകയാണ് നമ്മള്. വളരെ സങ്കുചിതമാണ് നമ്മുടെ വ്യക്തിത്വം. സമാജം, രാഷ്ട്രം മുതലായവയോട് താദാത്മ്യപ്പെടാനാകുന്നില്ല. ദേഹാസക്തിയും വിഷയാസക്തിയും മൂലം കൂടുതല്‍ സങ്കുചിതമായ അവസ്ഥയിലാണ്. ഇതില്‍ നിന്നാണ് വിശ്വം തന്നെ ഞാനാകുന്നു എന്ന വിശ്വാത്മഭാവത്തിലേക്ക് ഉണരേണ്ടത്.
എല്ലാം ബ്രഹ്മമാണ് അതല്ലാതെ മറ്റൊന്നുമില്ല. സര്വബ്രഹ്മമയം എന്ന് സാക്ഷാത്കരിക്കത്ത വിധത്തില്‍ വികസിക്കണം. തന്റെ അന്തരാത്മാവ് തന്നെ സര്വ്വഭൂതാന്തരാത്മാവെന്ന് അറിയണം. നമ്മില്‍ എല്ലാറ്റിനുമിടം കൊടുക്കണം. എല്ലാം ആ പരമാത്മാവാണ്, നാരായണന്. ആ പരമാത്മാവ് തന്നെയാണ് പലതായി പ്രതിഭാസിക്കുന്നത്. ജീവജാലങ്ങളെല്ലാം നാരായണന്റെ ചലിക്കുന്ന ക്ഷേത്രങ്ങളാണ്. താന്‍ തന്നെ എല്ലാം, തന്നില്‍ നിന്ന് വേറിട്ട് മറ്റൊന്നുമില്ല. അപ്പോള്‍ പിന്നെ ബന്ധനമില്ല. ഒരേ ഒരു ആത്മാവ് തന്നെയാണ് എല്ലാറ്റിലും എന്ന അനുഭവത്തെ നേടണം. അതിനേക്കാള്‍ പരമമായ അനുഭവം ഇല്ല തന്നെ. ന പരോസ്തി കശ്ചിത് എന്നത് ഇതിനെ കുറിക്കുന്നു.
ആ അനുഭവത്തെ നേടുമ്പോള്‍ സാധകന് ബ്രഹ്മാനുഭൂതിയില്‍ സുപ്രതിഷ്ഠിതനാകുന്നു. ദൈ്വത പ്രതീതി ഇല്ലാതാവും. നമ്മില്‍ നിന്ന് വേറിട്ട് മറ്റൊന്നും കാണില്ല.
ആത്മാനുഭവത്തിന്റെ വെളിച്ചത്തില്‍ ദൃശ്യപ്രപഞ്ചത്തിന്റെ ഉണ്മ ബ്രഹ്മം തന്നെയെന്ന് അറിയുന്നു. നാമരൂപങ്ങള്‍ ഇല്ലാതാകുന്നില്ല. എന്നാല്‍ നാമരൂപങ്ങളെ കണ്ടാലും അവയുടെ സത്തായ ബ്രഹ്മത്തെയാണ് സാധകന് കാണുന്നത്.
ആദ്ധ്യാത്മിക സാധനയിലെ മുന്നേറ്റം വിഷയവികാര വിചാരങ്ങള്‍ക്ക് അപ്പുറത്തെത്തിക്കും. പിന്നെ ബാഹ്യപ്രപഞ്ചപ്രതീതിയുണ്ടാകില്ല. എങ്ങും ശുദ്ധമായ ആത്മചൈതന്യം മാത്രം നിറയും. അത് തന്നെ സര്വ്വത്മാഭാവം.
ഇതിനെയാണ് അപരോക്ഷ അനുഭൂതി എന്ന് വിശേഷിപ്പിക്കുന്നത്. തന്നില്‍ തന്നെയാണ് ആ അനുഭവം – മുമ്പ് പലതായി തോന്നിയിരുന്നതെല്ലാം ഒന്നായി മാറിയ അദൈ്വതാനുഭൂതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: