ലോകത്തെ വിറപ്പിച്ച കൊറോണ എന്ന മാരക വൈറസ് അതിന്റെ മൂന്നാം വരവിന് ഒരുങ്ങന്നതായി വൈദ്യലോകം കണക്കുകൂട്ടുന്നു. ഈ വൈറസ് പരത്തുന്ന കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടിയേ മതിയാകൂ. വഴികാട്ടിയായി ആയുര്‍വേദം നമ്മുടെ മുന്നിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ച് നമ്മെ അത് ബാധിക്കാത്ത വിധത്തില്‍ രക്ഷപ്പെടാമെന്ന കാര്യത്തില്‍ സംശയമില്ല. ആയുര്‍വേദ ശാസ്ത്രം രണ്ട് കാര്യങ്ങള്‍ക്കുള്ളതാണ്. ഒന്ന്: രോഗത്തില്‍ നിന്നുള്ള മോചനം, രണ്ടാമതായി, സ്വസ്ഥനായ മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള സംരക്ഷണം.
ശാസ്ത്രം രോഗങ്ങളെ രണ്ടായി തരംതിരിക്കുന്നു നിജം, ആഗന്തുകം എന്നിങ്ങനെ. നിജം എന്ന പട്ടികയില്‍ വരുന്ന രോഗങ്ങള്‍ മനുഷ്യരുടെ അപചാരാനുഷ്ടാനങ്ങളുടെ ഫലമായും പൂര്വ്വജന്മ കര്‍മഫലമായും രണ്ടും കൂടിയും വരുന്നതാണ്. കൊവിഡ് 19 ആഗന്തുകമാണ്. ആഗന്തുക രോഗങ്ങള്‍ പ്രകൃതിയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ വരുന്നതാണ്.
ഇവിടെ കൊവിഡ് 19 എന്ന മഹാമാരി ആഗന്തുക രോഗമാണ്. പുറത്തുനിന്നു വന്നതാണ്, അവനെ ഉപദ്രവകാരിയായതുകൊണ്ടു നമുക്ക് സ്വീകരിക്കാന്‍ സാധ്യമല്ല, അടിച്ചോടിച്ചേ പറ്റൂ. അതിന് ഇവിടുത്തെ ഭരണാധികാരികളും സേവാപ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിക്കുന്നു, അത് വിജയിക്കാന്‍ നമുക്കും അവരോടൊപ്പം പ്രവര്‍ത്തിക്കാം. ഇവിടെ സ്വസ്ഥരായി ജീവിക്കുന്ന നമ്മള്‍ക്ക് ഈ മഹാമാരിയേല്ക്കാതെ ശരീരത്തെ എങ്ങിനെ സൂക്ഷിച്ചു സംരക്ഷിക്കാം എന്നതാണ്് പ്രശ്നം.
”സ്വസ്ഥ്യസ്യ സ്വാസ്ഥ്യ സംരക്ഷണം ആര്ത്തസ്യ രോഗനൂത് ഇതി”
എന്ന് ചരകാചാര്യന്റെ നിര്‍വചനം, അതാണ് ആയുര്‍വേദ ലക്ഷ്യം.
സ്വസ്ഥനായ ആളുടെ ആരോഗ്യം സംരക്ഷിക്കണം. അതിന് ആയ്യുര്‍വേദ ശാസ്ത്രത്തില്‍ ദിനചര്യ എന്ന അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
”രോഗാ സര്വേപി ജായന്തേ വേഗോദീരണ ധാരണാല്’
രോഗം വരുന്നത് ശരീരത്തിന്റെ (വേഗങ്ങളെ) പ്രാഥമികാവശ്യങ്ങളെ തടുക്കുന്നതു കൊണ്ടും ആവശ്യമില്ലെങ്കിലും പ്രവര്ത്തിപ്പിക്കുന്നതുകൊണ്ടും ആണ്.അധോവാതം, മലമൂത്ര വിസര്‍ജനം, വിശപ്പ്, ഉറക്കം, അധ്വാനം കൊണ്ടുള്ള ക്ഷീണം, ശ്വാസം, കോട്ടുവാ, കരച്ചില്വരിക, ഛര്‍ദി, ചുമ, രതികാംക്ഷ, വെള്ളം ദാഹം, തുമ്മല്‍, മൂരിനിവരുക മുതലായവയാണ് വേഗങ്ങള്‍. അതിനാല്‍ ആദ്യമായി ആരോഗ്യ സംരക്ഷണം കാംക്ഷിക്കുന്ന വ്യക്തികള്‍ 14 തരം ശാരീരികാവശ്യങ്ങളേയും അതിന്റെ ധാര്‍മികമായ വിധിക്കനുസരിച് വേണ്ടപോലെ ശ്രദ്ധവെച്ച് പരിപാലിക്കണം.
രണ്ടാമത്തെ പ്രശ്നം ശാരീരികാരോഗ്യത്തിന് ആയാസം, ശരീരത്തിനേകുക എന്നുള്ളതാണ്.
”അഭ്യംഗമാചരേല് നിത്യം സ: ജരാ: ശ്രമവാതഹ:
തൈലം ചൂടാക്കി പുരട്ടി അഭ്യംഗം ചെയ്തു ശരീരം ചൂടുവെള്ളത്തില്‍ കുളിക്കുക.
‘ഉഷ്ണാമ്പുനാ അധഃകായസ്യ പരിഷേകോ ബലാവഹ’
കഴുത്തിന് കീഴോട്ട് ചൂടുവെള്ളമൊഴിച്ചുള്ള കുളി ശരീരത്തിനു വളരെ ബലം പ്രദാനം ചെയ്യും.
‘ബലാധിഷ്ടാനമാരോഗ്യം ആരോഗ്യാര്ത്ഥ ക്രിയാ ക്രമ:’
ആരോഗ്യം ബലത്തിലധിഷ്ഠിതമാണ്, ചികിത്സ അല്ലെങ്കില്‍ ഔഷധോപയോഗം ആരോഗ്യാര്ത്ഥമാണ്. ഈ ആരോഗ്യം വര്‍ധിക്കണമെങ്കില്‍ നമ്മുടെ ഓജസ്സ് ഉയരണം.
”ഓജ തേജസ്തു ധാതുനാം’ ഓജസ്സ് എന്നു പറയുന്നത് സപ്തധാതുക്കളുടെയും തേജസ്സാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇവയാണ് സപ്തധാതുക്കള്‍. ഈ ഏഴു ധാതുക്കളുടെയും പൂര്‍ണമായി യോജിച്ചുള്ള അനുകൂലതയാണ് തേജസ്. ആ തേജസാണ് ആരോഗ്യം. ഇതുണ്ടാകണമെങ്കില്‍ ഔഷധങ്ങള്‍ക്കു പുറമെ പോഷണകരങ്ങളായ ഭക്ഷണം വേണം. ഭക്ഷണം ശുചിയും ദഹിക്കാന്‍ ബുദ്ധിമുട്ടില്ലാത്തതും ആകണം.
പാല്, നെയ്യ് ഇവ ഹിതാനുസരണം ജീവനീയഗണം മുതലായ ഔഷധങ്ങളിട്ടു കാച്ചിയ പാല് അതുപോലെ വിദാര്യാദി ഗണം ചേര്‍ത്ത് കാച്ചിയ നെയ്യ്, ച്യവനപ്രാശം, ബ്രാഹ്മരസായനം മുതലായ രസായനങ്ങള്‍ ഇവ ആരോഗ്യവാനായ മനുഷ്യന് ദഹനത്തിനനുസരിച്ചു മാത്ര നിശ്ചയിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
ദശമൂലാരിഷ്ടം നാഡീ ഞരബുകളുടെ ക്ഷീണം മാറാനും ശരീരത്തിനു ഉറപ്പു തരുന്ന ഗ്ലുക്കോസിന്റെ പ്രവര്‍ത്തനം ശരീരത്തില്‍ വ്യാപിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ്. ച്യവനപ്രാശ്യം രാത്രി ഭക്ഷണശേഷം ജീവനീയഗണം, ചുക്ക് മുതലായ ഔഷധങ്ങളിട്ടു കാച്ചിയ പാല് അനുപാനത്തോടുകൂടി ഉപയോഗിക്കുന്നതും നല്ലതാണ്.
കോഴി, പോത്ത് മുതലായ മാംസങ്ങള്‍ ദഹിച്ചു ശരീരത്തിനു ഗുണം ചെയ്യാന്‍ താമസം വരുമെങ്കിലും കൊഴുപ്പു കുറഞ്ഞ മല്‍സ്യങ്ങള്‍, ആട്ടിന്‍മാംസം ഇവ വേണ്ടപോലെ പാകപ്പെടുത്തി ഉപയോഗിക്കുന്നത് ആരോഗ്യവര്ധനകരമാണ്. രക്തത്തിന്റെ ഗുണം പോഷിപ്പിക്കാനും രക്തധാതുവിന്റെ ശക്തി വര്‍ധിപ്പിക്കാനും ഹൃദയത്തിനു ബലം ഉണ്ടാകാനും സിദ്ധമകരധ്വജം മാത്രയനുസരിച്ചു ഉപയോഗിക്കാം.
ചില കാര്യങ്ങള്‍ ഞാനിവിടെ പറഞ്ഞു എന്നുമാത്രം, അതുപോലെ വ്യവസ്ഥയോടുകൂടി ചെയ്യുന്ന വ്യായാമവും യോഗാഭ്യാസമുറകളും തീര്‍ച്ചയായും നമ്മുടെ ആരോഗ്യവര്ധനകരമാണ്, സംശയമില്ല.
ഡോ.ഒ.എസ്. കൃഷ്ണന്‍നമ്പൂതിരി
(ആയുര്‍വേദ ഫിസിഷ്യന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: