അമ്പലപ്പുഴ: മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നിലച്ചു. വിഷം കലര്‍ന്ന പഴകിയ മത്സ്യം വ്യാപകം.കോവിഡും പ്രതികൂല കാലാവസ്ഥയും മൂലം മത്സ്യ ബന്ധനം പ്രതിസന്ധിയിലായിരിക്കുകയാണ്.മത്സ്യ ബന്ധന ബോട്ടുകളടക്കം അപൂര്‍വമായാണ് കടലില്‍ പോകുന്നത്. എങ്കിലും ജില്ലയില്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ മത്സ്യം സുലഭമാണ്. കൂടുതലും വിഷം കലര്‍ന്ന പഴകിയ മത്സ്യങ്ങളാണ് മാര്‍ക്കറ്റുകളിലൂടെ വിപണിയിലെത്തുന്നത്.
ഫോര്‍മാലിനും അമോണിയയും ഉള്‍പ്പെടെയുള്ള വിഷപദാര്‍ത്ഥങ്ങള്‍ നിറഞ്ഞ പഴകിയ മത്സ്യം വിപണിയില്‍ സുലഭമായിട്ടും ഫിഷറീസ്, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങളുടെ പരിശോധന പൂര്‍ണമായും നിലച്ചിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ കാലത്തും ഇതേ രീതിയില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പഴകിയ മത്സ്യ വില്‍പ്പന സജീവമായിരുന്നു. പിന്നീട് പരാതി വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ ശക്തമായ പരിശോധനയില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് വിഷം കലര്‍ന്ന പഴകിയ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്തും സമാനമായ രീതിയില്‍ പഴകിയ മത്സ്യം വിപണിയിലും മാര്‍ക്കറ്റുകളിലും നിറഞ്ഞിട്ടും ഒരിടത്തും പരിശോധന നടത്താന്‍ ഒരു വകുപ്പും തയ്യാറായിട്ടില്ല. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന പഴകിയ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപ്പാര്ട്ടികള്ക്കുമൊക്കെ വന്‍തുക കൊടുത്ത് സ്വാധീനിച്ചാണ് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ഇത്തരം മത്സ്യ വില്‍പ്പന നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന മാസങ്ങള്‍ പഴക്കമുള്ള മത്സ്യമാണ് ഇപ്പോഴും വിപണിയില്‍ വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: