കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. രോഗം പകരാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരിക്കേ, മരണം പോലും സംഭവിക്കാമെന്ന അവസ്ഥയിലും രാപകല്‍ ഭേദമില്ലാതെ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഇവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനു മുന്‍പ് കൊവിഡ് രോഗികളും സമൂഹമാകെത്തന്നെയും ഭീതിയുടെ പിടിയിലമര്‍ന്നപ്പോള്‍ ധീരമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവച്ചത്. രോഗബാധിതരെ പരിചരിക്കാനും സമീപിക്കാന്‍ തന്നെയും ഉറ്റബന്ധുക്കള്‍പോലും തയ്യാറാവാതിരുന്നപ്പോള്‍ സ്വജീവന്‍ തൃണവല്‍ഗണിച്ച് രംഗത്തിറങ്ങിയവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇക്കാരണത്താലാണ് ആദ്യഘട്ടത്തില്‍ തന്നെ കൊവിഡ് പോരാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്കിയതും, വലിയ തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതും. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആവര്‍ത്തിച്ചു പറയുകയും, അവരുടെ സേവനത്തെ കലവറയില്ലാതെ പ്രശംസിക്കുകയും ചെയ്തു. ഇപ്പോള്‍ കൊവിഡ് ചികിത്സയ്ക്ക് പലതരം വാക്സിനുകളും മരുന്നു തന്നെയും കണ്ടുപിടിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അനുപേക്ഷണീയമായി തുടരുകയാണ്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയുള്‍പ്പെടെ കേരളത്തിലെ വനവാസി ഊരുകള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നവയാണ്. വികസനം എത്തിനോക്കാത്ത ഇവിടങ്ങളില്‍ കഴിയുന്ന മനുഷ്യര്‍ രോഗദാരിദ്ര്യപീഡകളാല് വലയുന്നതിനെക്കുറിച്ചാണ് വാര്‍ത്തകള്‍ വരാറുള്ളത്. ഇതു വായിച്ച് മറ്റുള്ളവര്‍ ആശ്ചര്യപ്പെടുകയോ ദുഃഖിക്കുകയോ അമര്‍ഷംകൊള്ളുകയോ ചെയ്യാറുണ്ടെങ്കിലും വനവാസി ഊരുകളിലെ കഷ്ടസ്ഥിതികള്‍ക്ക് മാറ്റം വരാറില്ല. ഇനിയും സാമൂഹ്യ മുഖ്യധാരയിലേക്ക് വന്നിട്ടില്ലാത്ത വനവാസികളെക്കുറിച്ചല്ല, അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ ദുരിതത്തെക്കുറിച്ചാണ് പുതിയ വാര്‍ത്ത. നല്ല റോഡുകളോ ആരോഗ്യസംവിധാനങ്ങളോ ഇല്ലാത്ത വനവാസി ഊരുകളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ വലിയ വെല്ലുവിളിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്നത്. കൊവിഡ് ബാധിച്ചവരെ ചികിത്സിക്കാന്‍ അട്ടപ്പാടിയിലെ മുരുഗുള ഊരില്‍ എത്തിച്ചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരുടെ കഷ്ടപ്പാടുകള്‍ പറഞ്ഞറിയിക്കാനാവില്ല. ഭവാനിപ്പുഴ നീന്തിക്കടന്ന് ഊരിലെത്തിയാണ് ഇവര്‍ കൊവിഡ് ബാധിച്ച വനവാസികളെ പരിശോധിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും എത്തിക്കാനാവാത്ത അവസ്ഥയില്‍ ഇതു ചെയ്യുക എത്ര ശ്രമകരമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഉദ്യോഗസ്ഥരെന്ന നിലയ്ക്കു മാത്രമല്ല, തികഞ്ഞ മനുഷ്യസ്നേഹികളായതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നത്.
വനവാസി ഊരുകളില്‍ കൊവിഡ് രോഗബാധ വിതയ്ക്കാനിടയുള്ള ദുരന്തം വളരെ വലുതായിരിക്കും. ഫലപ്രദമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും. മുരുഗുള ഊരിലേത് ഒറ്റപ്പെട്ട അവസ്ഥയല്ല. മറ്റു പല വനവാസി ഊരുകളിലും കാര്യമായ പരിശോധനയോ ബോധവല്‍ക്കരണമോ നടന്നിട്ടില്ല എന്നാണറിയുന്നത്. ഇതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ക്കിടയില്‍ എത്രപേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. റോഡ്, പാലം മുതലായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇപ്പോഴും സംസ്ഥാനത്തെ വനവാസി ഊരുകളെ വലയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. എന്തെങ്കിലും സഹായമെത്തിക്കണമെങ്കില് തന്നെ വല്ലാതെ പാടുപെടേണ്ടിവരുന്നു. മുരുഗുളയില് തന്നെ കഴിഞ്ഞ ദിവസം ചില സന്നദ്ധ പ്രവര്‍ത്തകര്‍ പുഴ കടന്ന് തലച്ചുമടായാണ് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്. രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും അവകാശവാദങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ വനവാസി ഊരുകള്‍ സോമാലിയയുടെ ചെറുപതിപ്പുകളായി തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവവും അപര്യാപ്തതകളും വനവാസികളുടെ ജീവിതത്തെ തുറിച്ചുനോക്കുന്നു. വാഹന സൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളുമൊക്കെയുള്ള നഗരങ്ങളില്‍പ്പോലും കൊവിഡ് മഹാമാരി മനുഷ്യരുടെ ജീവനെടുക്കുമ്പോള്‍ വനവാസി ഊരുകളില്‍ രോഗം പടര്‍ന്നാലുള്ള ഭീഷണമായ സ്ഥിതിയെക്കുറിച്ച് അധികൃതര്‍ ഗൗരവമായി ചിന്തിക്കണം. ഇവിടങ്ങളില്‍ സേവനത്തിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: