വളരെ യാദൃച്ഛികമായാണ് സുബ്രഹ്മണ്യപുരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ തീരത്തെത്തിയത്. പുഴയോടു ചേര്‍ന്നുള്ള വിശാലമായ മണല്‍ത്തിട്ടയില്‍ തിരുവിതാംകൂറിനെ ഓര്‍മപ്പെടുത്തുന്ന പുരാതന കെട്ടിടങ്ങളുടെയും ചന്തയുടെയും പുനരാവിഷ്ക്കാരം കണ്ട് ഞാനൊന്ന് സ്തബ്ധനായി. മലബാര്‍ മേഖലയില്‍ തിരുവിതാംകൂറിനെ ഓര്‍മപ്പെടുത്തുന്ന കെട്ടിടങ്ങളോ?
സൂര്യന് പതുക്കെ പടിഞ്ഞാറ്റിനിയിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ്. കുന്തിപ്പുഴയുടെ മാദക സൗന്ദര്യം കണ്ടിട്ടാവാം സൂര്യനങ്ങിറങ്ങാന് ഒരു മടി.
അവള്-കുന്തിപ്പുഴ-പതിവിലും സന്തോഷവതിയായി ആര്‍ത്തുല്ലസിച്ച് കളിക്കുകയാണ്. സാധാരണ ഉച്ചമയക്കത്തില്‍ അവള് ശാന്തമായി കിടക്കുന്ന സമയമാണ്. പക്ഷേ, ഇന്ന് പതിവ് തെറ്റിച്ച് ഉച്ചമയക്കുമൊന്നുമില്ലാതെ തത്തിക്കളിക്കുകയാണ്. മണല്ത്തിട്ടയിലിന്ന് ആളനക്കമില്ലാത്തതിനാലാവാം ചേലകള്‍ ചുറ്റുവാന്‍ അവള് മറന്നിരുന്നു.
എന്തോ കണ്ട് മദിച്ചിട്ടാവാം അവളുടെ മാറിടം പതിവിലും തുളുമ്പി നിന്നു. ആഴമുള്ള ചുഴിയിലേക്ക് ആരോ പുഷ്പവൃഷ്ടി നടത്തുന്നു. ഒളിഞ്ഞുനിന്നാസ്വദിക്കുന്ന വായുദേവന്റെ നിമ്നോന്നത നിശ്വാസമാണ് കാരണമെന്ന് എനിക്ക് മനസ്സിലായി. എവിടെയും കുന്തിരിക്കത്തിനൊപ്പം കസ്തൂരിയും മണക്കുന്നു. വെറുതെയല്ല സൂര്യന് തന്റെ വീട്ടിലേക്ക് ഗമിക്കാതെ പമ്മി പമ്മി അവിടെ തന്നെ നില്‍ക്കുന്നത്.
പുഷ്പപാദുകം പുറത്ത് വച്ചിട്ടാണ് മന്ദം മന്ദം ഞാനവളുടെയടുത്ത് ചെന്നത്. എന്നെ കണ്ടതും പെട്ടെന്ന് തന്നെ തന്റെ ചേലകള്‍ വലിച്ചുവാരിയുടുത്ത് നാണം മറയ്ക്കുവാന്‍ ശ്രമിച്ചു. അവളുടെ ചൊടികള്‍ വല്ലാതെ വീര്‍ത്ത് ചെമന്നിരിക്കുന്നു. എന്റെ മനസ്സ് മന്ത്രിച്ചു ഭൂമിയിലെ സ്വര്‍ഗ്ഗം ഇവിടെയാണോ?
സമീപം ചെന്ന് അവളുടെ കാതുകളില്‍ ഞാന്‍ മന്ത്രിച്ചു. ‘നീയിന്ന് വലിയ സന്തോഷത്തിലാണല്ലോ… എന്താ, നീയിഷ്ടപ്പെടുന്ന ആരെങ്കിലും ഇവിടെ വന്നിരുന്നോ?’
‘ഉം…’ അവള് നീട്ടി മൂളി.
എനിക്കും ആകാംക്ഷയായി. ആരായിരിക്കും ഇവളെ ഇത്രയധികം സന്തോഷിപ്പിച്ചയാള്‍. എനിക്കയാളോട് അസൂയ തോന്നിത്തുടങ്ങി.
വീണ്ടും ഞാന്‍ ചോദിച്ചു. ‘ആരാണയാള്‍?’
‘തിരുവിതാംകൂറുകാരനാണോ?’ ‘തിരുവിതാംകൂറിനെ ഓര്‍മ്മപ്പെടുത്തുന്ന കെട്ടിടങ്ങള്‍ എങ്ങനെയിവിടെ?’
ഇതിനു മറുപടിയെന്നവണ്ണം അവള് പറഞ്ഞു.
”എത്രയോ സുന്ദരലാവണ്യങ്ങളാണ് എന്നില്‍ ഈയടുത്ത ദിവസങ്ങളില്‍ തത്തിക്കളിച്ചത്. വല്ലാതെ ഇക്കിളിപ്പെടുത്തിയെങ്കിലും അതെല്ലാം ഞാനങ്ങ് ആസ്വദിക്കുകയായിരുന്നു. സത്യത്തില്‍ ഇതൊന്നുമല്ല എന്നെ ഏറെ സന്തോഷിപ്പിച്ചത്. അധികാര ഗര്‍വ്വുള്ള, അനീതികളെ നിര്‍ഭയമായി ചോദ്യം ചെയ്യുന്ന ധൈര്യശാലിയായ അരോഗദൃഢനായ ഒരു സുന്ദരഗാത്രനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അയാളുടെ കഥകള്‍ ഈ മണല്‍ത്തിട്ടകളില്‍ നിന്ന് കേട്ടറിഞ്ഞപ്പോള്‍ അറിയാതെ ഞാനുമങ്ങ് ആരാധികയായി-ആറാട്ടുപുഴ ശ്രീധരപ്പണിക്കര്‍. അദ്ദേഹത്തിന്റെ കഥ പറയുന്ന ചരിത്ര സിനിമയുടെ ഒരുക്കങ്ങളായിരുന്നു ഇവിടെ.”
”ഉം… നീയും ഒരു സിനിമാനടിയായി” ഞാന്‍ പറഞ്ഞു.
”ഞാന്‍ പണ്ടേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.” സന്തോഷത്തോടെ ഇതു പറയുമ്പോഴും അവളുടെ മുഖത്തെ പരിഭവം ഞാന്‍ തിരിച്ചറിഞ്ഞു.
”അതെ, നീണ്ട മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍! അതിനുശേഷം ഇന്നാണ് ഒരു ‘പുരുഷനെ’ ഞാന്‍ കാണുന്നത്. അന്നൊരു അനന്തപത്മനാഭന്. സുന്ദരന്‍, സ്നേഹമുള്ളവന്, ആരെയും ആകര്‍ഷിക്കുന്ന പ്രകൃതം. ഈ തീരങ്ങളില്‍ എന്നോട് ചേര്‍ന്നുനിന്നാണ് അവന് തന്റെ പ്രണയിനിയോട് സംസാരിച്ചത്. അവരുടെ സംഭാഷണങ്ങള്‍, അവരുടെ ചേഷ്ടകള്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ… ഞാനും സത്യത്തില്‍ അനന്തനെ അറിയാതെ പ്രണയിച്ചു പോയി.”
പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്… ജീവിതത്തിലെ ദുരന്തങ്ങള്‍, അവഗണനകള്‍ അനന്തനെ പ്രതികാരദാഹിയാക്കി…
അനന്തനിലെ പ്രണയമനസ്സിനെ ആ മേക്കാടന്‍ തിരുമേനി ഇല്ലാതാക്കി. ആഭിചാരകര്‍മ്മങ്ങള്‍ക്ക് തന്റെ പിന്‍ഗാമിയാക്കി അനന്തനെ അയാള്‍ മാറ്റി. അഥര്വ്വവേദാചാര്യനാക്കി.
”മേക്കാടന്‍ തകര്‍ത്തഭിനയിച്ച സ്ഥലമാ…”
എന്നാല്‍ എനിക്കയാളെ ഭയമായിരുന്നു. അനന്തനെ നശിപ്പിച്ചയാള്‍.
”അവസാനം ഞാന്‍ അനന്തനെയും ഭയന്നു തുടങ്ങി. പക്ഷേ, ഇപ്പോഴും മനസ്സിലെവിടെയോ ആ അനന്തന്… ഒളിച്ചിരിക്കുന്നു… ഒരിക്കല്‍ അയാളും സര്‍വ്വവും മറന്ന് എന്നില്‍ ലയിച്ചതല്ലേ… ഞാനെങ്ങനെ മറക്കും?”
ഇതെല്ലാം കേട്ട് ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ അവളോട് എന്റെ മനസ്സ് തുറന്നു.
”കണ്ട മാത്രയില്‍ ഞാനും നിന്നെയങ്ങ് വല്ലാതെ ആഗ്രഹിച്ചു. എത്ര സുന്ദരിയാണു നീ… എവിടെയും കുന്തിരിക്കത്തിന്റെ ഗന്ധം… സത്യത്തില്‍ നീയാരാണ്. നിന്റെ ജനനം എങ്ങനെയാണ്?”
ഇതുകേട്ട് അവള് ചിരിച്ചു.
”എന്നെ എല്ലാവരും കുന്തിരിക്കപ്പുഴയെന്നാ വിളിച്ചിരുന്നത്. അങ്ങ് ദൂരെ മലമുകളില്‍ നിന്ന് ഉറവകളായി രൂപപ്പെട്ട എന്നെ ഒരു പുഴയായി വളര്‍ത്തി സംരക്ഷിച്ച് ഇങ്ങോട്ടു വിടുന്നത് ഇരുകരകളിലുമുള്ള കുന്തിരിക്കമരങ്ങളാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന മലനിരകളെ സൈരന്ധ്രിവനമെന്നാ പറയുക. ഇവിടുത്തെ കുളിരുകോരുന്ന നീരിനെ നിളാനദിയിലെത്തിച്ച് സമ്പുഷ്ടമാക്കുന്നതും ഞാനാണ്. നിളയുടെയും സൈരന്ധ്രിവനത്തിന്റെയും ജീവാത്മാവും പരമാത്മാവും ഞാന്‍ തന്നെ. സൈരന്ധ്രി (പാഞ്ചാലി)യോടൊപ്പം പഞ്ചപാണ്ഡവര്‍ വനവാസം നടത്തിയത് ഈ നിശബ്ദ താഴ്വരയിലാണ്. എത്രയോ വൈവിധ്യമുള്ള ജീവികള്‍ എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്നു. ചോലകളെ പുഷ്ടിപ്പെടുത്തുന്ന മാമരങ്ങളെ സംരക്ഷിക്കുന്ന കണ്ണുനീര്‍പോലുള്ള എന്നെ തടഞ്ഞുനിര്‍ത്തി ഇവയെയെല്ലാം മുക്കിക്കൊല്ലുവാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് അനന്തനെയും ആറാട്ടുപുഴ പണിക്കരെയും പോലുള്ള ഇന്നാട്ടിലെ വീരശൂരപരാക്രമികളായിരുന്നു. ആനയും സിംഹവും പുലികളും കുരങ്ങും മാനും കരടിയും എന്നു വേണ്ട മൃഗങ്ങളെല്ലാം സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന സൈരന്ധ്രി വനത്തില്‍ ഞാനെന്റെ ആഗ്രഹങ്ങളെ പരിലസിപ്പിച്ച് സ്വച്ഛന്ദമായി ഒഴുകട്ടെ…”
ഇതെല്ലാം കേട്ടപ്പോള്‍ ഈ സൗന്ദര്യവതിയായ കുന്തിപ്പുഴയെ പിരിഞ്ഞുപോവുക ബുദ്ധിമുട്ടായി. സൂര്യന് തന്റെ കാമുകിയെ മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ച് തന്റെ ഭവനത്തിലേക്ക് മടങ്ങി. അല്ലാതെ നിവൃത്തിയില്ലല്ലോ!
വീണ്ടും വരാമെന്ന് പറഞ്ഞ് ഞാനും…
അടിക്കുറിപ്പ്: സുബ്രഹ്മണ്യപുരത്തിന്റെ പ്രാന്തപ്രദേശമാണ് കരിമ്പുഴ. കുന്തിപ്പുഴ ഈ പ്രദേശത്തുകൂടി ഒഴുകുമ്പോള്‍ കരിമ്പുഴയെന്ന് ചെല്ലപ്പേര്. ഈ പുഴയും അതിന്റെ വിശാലമായ മണല്‍ത്തിട്ടയും അഥര്‍വ്വം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു. 32 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതേ സ്ഥലം മറ്റൊരു സിനിമയുടെ ലൊക്കേഷനായി. വിനയന്റെ പുതിയ ചരിത്രകഥ പറയുന്ന സിനിമ-ഈയടുത്ത ദിവസം ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഷൂട്ടിങ് കഴിഞ്ഞിരിക്കുന്നു. എന്നാലും അതിനുവേണ്ടി തയ്യാറാക്കിയ സെറ്റുകള്‍ കുറെയധികം ബാക്കി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: