ഇതിഹാസ സങ്കലന സമിതി എന്ന സംഘപരിവാറിന്റെ ഭാഗമായ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം എന്താണെന്നതിനെപ്പറ്റി പലര്‍ക്കും പല വിധത്തിലുള്ള ധാരണയാണുള്ളതെന്നു തോന്നുന്നു. സംഘത്തിന്റെ ആദ്യ പ്രചാരകന്മാരില് ഒന്നാംസ്ഥാനക്കാരനായി കരുതപ്പെടുന്ന ബാബാസാഹിബ് എന്ന ഉമാകാന്ത കേശവ ആപ്തേയാണ് ആ സംരംഭത്തിന്റെ തുടക്കക്കാരന് എന്നാണ് ഞാന്‍ ധരിച്ചുവച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ ഓരോ പ്രദേശത്തിനും മാത്രമല്ല ഓരോ ഗ്രാമത്തിനും ചരിത്രവും പാരമ്പര്യവുമുണ്ട് എന്നദ്ദേഹം പറയുമായിരുന്നു. പുരാണകഥകള്‍ക്കും സവിശേഷമായ സന്ദേശമുണ്ട്. അദ്ദേഹത്തിന്റെ ബൗദ്ധിക്കുകള്‍ എല്ലാം തന്നെ ചരിത്രത്തിന്റെ ഭാവാത്മകമായ വിശദീകരണങ്ങളായിരുന്നു. ബൃഹദ് ഭാരതത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തില്‍ ശാന്തസമുദ്ര പ്രദേശങ്ങളില്‍ ദക്ഷിണ ഭാരതത്തില്‍നിന്ന് ദ്വിഗ്വിജയം ചെയ്തുപോയ കൗണ്ടിന്യനും ഖാരവേലനും മറ്റും സ്ഥാപിച്ച വിജയസാമ്രാജ്യം 1400 വര്‍ഷം നിലനിന്നുവെന്നും, അവര്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍ അങ്കോര്‍വാത്, ബോറോബുദൂര്‍ മുതലായവ ഇന്നും ലോകാദ്ഭുതമായി നിലനില്‍ക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എവിടെ കിട്ടുമെന്നു ചോദിച്ചപ്പോള്‍ നിങ്ങളുടെ തൃശൂര്ക്കാരന് പി. തോമസ് എഴുതിയ ഒട്ടേറെ പുസ്തകങ്ങളുണ്ടെന്ന് ആപ്തേജി പറഞ്ഞു.
ഭാരതത്തിലെ ഓരോ പ്രദേശത്തിന്റെയും ഗ്രാമത്തിന്റെയും ചരിത്രം ശേഖരിച്ചു തയ്യാറാക്കിയാല്‍ അത് നമ്മെത്തന്നെ ശരിക്കു മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കരുതി. ‘ഇതിഹാസ സങ്കല’നമെന്നത് അതീവ ക്ലേശകരമായ സംരംഭമായിരിക്കുമെന്നു പറയേണ്ടതില്ലല്ലൊ. സ്വന്തം ഗ്രാമങ്ങളുടെ ചരിത്രാന്വേഷണം നടത്തിയ ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന് നായര്‍ പഴയ ചിറയ്ക്കല്‍ താലൂക്കിലെ നിരവധി ഗ്രാമങ്ങളുടെ ചരിത്രം ഗവേഷണം ചെയ്ത് എഴുതി പുസ്തകമാക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആ വാല്യങ്ങളില്‍ ചിലത് വായിക്കാന്‍ എനിക്കവസരമുണ്ടായി. അതൊരു വിജ്ഞാന ഖനി തന്നെയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡിസി ബുക്സ് ഗ്രാമീണ കഥാകോശം എന്ന പേരിലാണെന്നു തോന്നുന്നു ഏതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. ജില്ലയും താലൂക്കും തിരിച്ചു ഗ്രാമങ്ങളിലെ നാടോടി പാരമ്പര്യം അതില്‍ വായിക്കാന്‍ കഴിഞ്ഞു. പക്ഷേ ആ സംരംഭം വിജയിച്ചില്ലെന്നാണറിവ്.
ഇതിഹാസ സങ്കലന സമിതിയുടെ ആഭിമുഖ്യത്തില്‍ 10-15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴയില്‍ ചേര്‍ന്ന ഒരു സദസ്സില്‍ പങ്കെടുക്കുകയുണ്ടായി. പരേതനായ ചേലങ്ങാട്ടു ഗോപാലകൃഷ്ണന് അമ്പലപ്പുഴയുടെയും ആലപ്പുഴയുടെയും കരപ്പുറ (ചേര്‍ത്തല)ത്തിന്റെ ചരിത്രം വിവരിച്ചതു കേട്ടു. അമ്പലപ്പുഴ ദേവനാരായണന് തിരുമേനി തന്റെ രാജ്യത്തിന്റെയും, ആലപ്പുഴ ക്ഷേത്രത്തിന്റെയും താക്കോല്‍ ക്ഷേത്രത്തിന്റെ പടിയില്‍ വച്ച് ഒറ്റ വസ്ത്രധാരിയായി പുറത്തുവന്നതും, പെരുമ്പടപ്പിലെ രാജപ്രതിനിധി അദ്ദേഹത്തെ ഏറ്റെടുത്തു തൃശ്ശിവപേരൂരിലെ കൊട്ടാരത്തില്‍ താമസിപ്പിച്ചതും, അവിടെ ഏതാണ്ട് പ്രായോപവേശം പോലെ കഴിഞ്ഞ് ജീവിതമവസാനിപ്പിച്ചതും അദ്ദേഹം വിവരിച്ചു.
നമ്മുടെ നാടിന്റെ ഏതു ഭാഗത്തിനും ഇപ്രകാരമുള്ള ആവേശകരവും കരളലിയിക്കുന്നതുമായ ചരിത്രമുണ്ട്. വലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് പോലും ദുസ്സാധ്യമാണ് അവ കണ്ടെത്തി ക്രമീകരിക്കുന്ന പ്രവൃത്തി. ആപ്തേജിയുടെ പ്രേരണയില്‍ ചരിത്രാന്വേഷണത്തിനിറങ്ങിത്തിരിച്ചയാളായിരുന്നു പ്രശസ്ത ഗവേഷകനായിരുന്ന വി.എസ്. വാക്കണ്‍കര്‍. തപസ്യയുടെ എറണാകുളം സമ്മേളനത്തിലെ മുഖ്യാതിഥിയും പങ്കാളിയും അദ്ദേഹമായിരുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ എടക്കല്‍ ഗുഹകളും മറയൂരിലെ മുനിയറകളും മറ്റനേകം സ്ഥലങ്ങളും അദ്ദേഹം പഠനവിധേയമാക്കിയിരുന്നു.
ഇതൊക്കെ ഓര്‍ക്കാന്‍ ഈയിടെ ഒരു അവസരമുണ്ടായി. 1950-60 കളില്‍ കോഴിക്കോടു ജില്ലയിലെ പയ്യോളി, മേലടിയിലെ പഴയ സ്വയംസേവകന് വി.കൃഷ്ണന് കാണാന്‍ വരികയും താന്‍ എഴുതി തയ്യാറാക്കി വച്ചിരുന്ന ഒട്ടേറെ വിവരങ്ങള്‍ വായിക്കാന്‍ തരികയും ചെയ്തതായിരുന്നു അവസരം. അദ്ദേഹം ബാല സ്വയംസേവകനായിരുന്നപ്പോഴായിരുന്നു ഞാന്‍ അവരുടെ നാട്ടില്‍ പ്രചാരകനായിരുന്നത്. അവരുടെ കടപ്പുറത്തിന് മലബാറിലെ സംഘ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. 1953 ലെ ഗോഹത്യാ നിരോധന പ്രചാരണകാലത്ത് പയ്യോളിയില്‍ വന്‍ സംഘര്‍ഷമുണ്ടാകുകയും, മുസ്ലിങ്ങള്‍ (പക്കു, മുസ്സാ എന്നിവര്‍) അവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും, കേളപ്പജി പ്രസംഗിച്ച യോഗത്തില്‍ പങ്കെടുത്ത കണ്ണന് ഗുമസ്തനെ രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കൊലചെയ്യുകയുമുണ്ടായി. തുടര്‍ന്നു ഏതാനും മാസക്കാലത്തെ സംഘര്‍ഷാവസ്ഥ നിലനിന്നു. ജില്ലാ ഭരണകൂടം ശക്തമായ നടപടികളെടുത്ത് ഏതാനും മാസങ്ങള്‍കൊണ്ടാണ് സമാധാനം പുനഃസ്ഥാപിച്ചത്. കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരക നിര്‍മാണത്തിലും അവിടത്തെ സ്വയംസേവകര്‍ അവിടെ സേവനമനുഷ്ഠിച്ചിരുന്നു.
കൃഷ്ണനാകട്ടെ പഠിത്തം കഴിഞ്ഞ് ഏതാനും നാള് പ്രചാരകനായി പ്രവര്‍ത്തിച്ചു. അങ്ങനെയിരിക്കെ വടക്കാഞ്ചേരിക്കടുത്ത് പറളിക്കാട്ടെ ജ്ഞാനാശ്രമം വക വ്യാസാ കോളജില്‍ അനധ്യാപക തസ്തികയില്‍ നിയമിതനായി. ആശ്രമത്തിലെ സംന്യാസിമാരും സംഘത്തിന്റെ പ്രചാരകന്മാരുമായി (മാധവജി, സി.പി. ജനാര്ദ്ദനന്) ഉണ്ടായിരുന്ന അടുപ്പത്തിന്റെ ഫലമായിരുന്നു കൃഷ്ണന് അവിടെ നിയമനം ലഭിച്ചത്. മറ്റൊരു സ്വയംസേവകനായ ലക്ഷ്മീനാരായണ ഭട്ട് അവിടെ ചരിത്രാധ്യാപകനായും നിയമിതനായി. വേറെയും ചിലരുണ്ടായിരുന്നു. ഇവരെയാണ് എനിക്കടുത്തു പരിചയമുണ്ടായിരുന്നത്. 1968 ല്‍ കൃഷ്ണന് വ്യാസാ കോളജ് ഓഫീസില്‍ ജീവനക്കാരനായി. ‘വ്യാസാ കോളജ് കൃഷ്ണേട്ടന്’ എന്ന പേരില്‍ തൃശ്ശിവപേരൂരിലും സംഘവൃത്തങ്ങളിലും പ്രശസ്തനായി കോളേജിലും പുറത്തും സംഘത്തിന്റെ അന്തസ്സ് നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്നു പറയാം.
ഔദ്യോഗിക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍, തന്റെ അനുഭവങ്ങളിലും വായനയിലും മറ്റും നിന്ന് ലഭിച്ച അറിവുകള്‍ രേഖപ്പെടുത്തണമെന്ന ചിന്തയുണ്ടായി. അതെഴുതിവയ്ക്കുകയും ചെയ്തു. അതോടൊപ്പം തന്റെ ശ്രദ്ധയില്‍പ്പെട്ട പൊതുവിവരങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ കോപ്പിയെടുത്തു സൂക്ഷിച്ചു. അപൂര്‍വങ്ങളായ ഫോട്ടോഗ്രാഫുകളും അവയില്‍പ്പെടുന്നു. തന്റെ പരിമിതികള്‍ ബോധ്യപ്പെട്ടുകൊണ്ടുതന്നെ അവ വായിച്ച് നോക്കാന്‍ ഏല്‍പ്പിച്ചത് എന്നെയായിരുന്നു. സംഘപഥത്തിലൂടെ എന്ന ഈ പംക്തിയാണ് എന്നെ ഏല്‍പ്പിക്കാന്‍ പ്രേരണയായത് എന്നദ്ദേഹം പറയുന്നു.
വളരെ വലിയ ഒരു സാഹിത്യം തന്നെയാണ് കൃഷ്ണന് എന്നെ ഏല്‍പ്പിച്ചത്. ചില സവിശേഷ സാഹചര്യങ്ങള്‍ ഉണ്ടായതിനാല്‍ എനിക്കത് മുഴുവന്‍ വായിച്ചു നോക്കാന്‍ അവസരമുണ്ടായില്ല. തലപ്പിള്ളി താലൂക്കില്‍ ഒട്ടേറെ ഗ്രാമങ്ങളിലെ സംഘവ്യാപനത്തിന്റെ കഥകളാണ് ആ സമുയച്ചത്തിലുള്ളത് എന്നു മനസ്സിലായി. നൂറുകണക്കിനു വ്യക്തികളുടെ സ്വഭാവവിശേഷങ്ങളും, സംഘത്തിനുള്ള സംഭാവനകളും അതില്‍ ചിത്രീകരിച്ചിരിക്കുന്നു. ശരിക്കും ഒരു ഇതിഹാസസങ്കലനമായിട്ടാണ് ആ സാഹിത്യം എനിക്കനുഭവപ്പെട്ടത്. സംഘത്തിന്റെ മണ്ഡലങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുണ്ടല്ലോ. ഒരു താലൂക്കിന്റെ അരനൂറ്റാണ്ടുകാലത്തെ സംഘചരിത്രത്തിന്റെ ദൃക്സാക്ഷി വിവരണമാണ് അത് എന്നു തോന്നി.
ജോലിയില്‍നിന്ന് വിരമിച്ചശേഷം സൃഷ്ടിപരമായ ഒരു സേവനം നടത്തിയെന്നദ്ദേഹത്തിനഭിമാനിക്കാം. മുഴുവനും വായിച്ചതിനുശേഷം കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതാമെന്നുദ്ദേശിക്കുന്നു. ഓരോ താലൂക്കിലെയും സംഘവികാസത്തെപ്പറ്റി, അതിന്റെ ബഹുമുഖവശങ്ങളെപ്പറ്റി ആരെങ്കിലും എഴുതാനുണ്ടായാല് അത് സങ്കലനം ചെയ്തു കേരളത്തിലെ സംഘചരിത്രമാകും. തൊടുപുഴയില്‍ 1973-74 കാലത്ത് പ്രചാരകനായിരുന്ന പി. ചന്ദ്രശേഖരനും ഞാനും പ്രാന്തകാര്യാലയത്തില്‍ വര്‍ഷങ്ങളോളം സഹമുറിയന്മാരായിരുന്നു. അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന പ്രതിഭയുടെ നിഴലാട്ടങ്ങള്‍ അനുഭവിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. കൃഷ്ണനും സ്വാനുഭവങ്ങള്‍ അക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തൊടുപുഴയിലെ കെ.എസ്. സോമനാഥനും വടക്കാഞ്ചേരിയില്‍ പ്രചാരകനായിരുന്നു. തൊടുപുഴക്കാരന് സിജിയും അവിടെ പ്രവര്‍ത്തിച്ചിരുന്നു. അവരെപ്പോലെ ആ നാടുമായി അടുത്ത ബന്ധം എനിക്കുണ്ടായിട്ടില്ല. കൃഷ്ണന്റെ ഈ സംരംഭം വളരെ സന്തോഷം നല്കി. ഇതിഹാസസങ്കലനം തുടരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: