ന്യൂദല്‍ഹി: ടൂള്‍ കിറ്റ് സംബന്ധിച്ച് ബിജെപി മുഖ്യവക്താവ് സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിച്ച സംഭവത്തില്‍ ട്വിറ്ററിന്റെ വിശദീകരണം തേടി ദല്‍ഹി പൊലീസിന്റെ നോട്ടിസ്. മോദി സര്‍ക്കാരിനെ ഉന്നമിട്ട് കോണ്‍ഗ്രസാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന് സംപിത് പത്ര ട്വീറ്റില്‍ പറഞ്ഞിരുന്നു. ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് തിങ്കളാഴ്ച നല്കിയ നോട്ടിസില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആവശ്യപ്പെടുന്നു. മെയ് 21ന് ആയിരുന്നു സംപിത് പത്രയുടെ ട്വീറ്റ് മുദ്രയടിച്ചത്. ‘കൃത്രിമമായി സൃഷ്ടിച്ച മീഡിയ(ദൃശ്യങ്ങള്‍, ശബ്ദം, ചിത്രങ്ങള്‍) എന്നിവ ഉള്‍പ്പെടുന്ന ട്വീറ്റ് മുദ്രയടിച്ചേക്കാം’ എന്ന് ട്വിറ്റര്‍ പറയുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും സംഘര്‍ഷമുണ്ടാക്കുന്നുവെന്നും ആരോപിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്ത് അയച്ചിരുന്നു. പിന്നാലെയാണ് സംപിത് പത്രയുടെ ട്വീറ്റിനെതിരെ ട്വിറ്ററിന്റെ നടപടി വന്നത്. ബിജെപി പുറത്തുവിട്ട രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’യെന്ന് മുദ്രയടിച്ച ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു. ട്വിറ്ററിന് വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നും ‘മാനിപുലേറ്റഡ് മീഡിയ’എടുത്തുമാറ്റണമെന്നും ട്വിറ്ററുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയമാണ് വിഷയത്തില്‍ ട്വിറ്ററുമായി ആശയവിനിമയം നടത്തിയത്.
ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ മോദി വകഭേദമെന്ന് വിളിക്കണം, അതിവ്യാപന കുംഭ് എന്ന് ഉപയോഗിക്കുന്നത് തുടരണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബിജെപി പുറത്തുവിട്ട രേഖകളിലുളളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തര്‍ക്കുകയാണ് ടൂള്‍കിറ്റിന് പിന്നിലുള്ള ഉദ്ദേശ്യമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: