ന്യൂദല്‍ഹി: രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐ സി എം ആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്.
ജൂണില്‍ ആരംഭിക്കുന്ന പരീക്ഷണം ജൂലൈ മധ്യത്തോടെ അവസാനിക്കും. ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളവരിൽ ഏറ്റവും പ്രായം കുറവ് രണ്ടു വയസ്സുളള കുട്ടിയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹി എയിംസ്, എയിംസ് പട്‌ന, മെഡ്ട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നാഗ്പുര്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളിലായി 525 കുട്ടികളിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നല്‍കി 28 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത്.
നിലവില്‍ ഇന്ത്യയിലെ 18 മുകളില്‍ പ്രായമുളളവര്‍ക്ക് കോവാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നോ നാലോ പാദത്തില്‍ കൊവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക് അധികൃതര്‍ പറയുന്നു. ഇതിനുവേണ്ടിയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ എഴുപത് കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ ഓര്‍ഡര്‍ മുന്‍കൂറായി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നാണ് ഭാരത് ബയോടെക്ക് അധികൃതര്‍ പറയുന്നത്. അതേസമയം, അമേരിക്ക, കുവൈറ്റ് അടക്കമുളള രാജ്യങ്ങളില്‍ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാനുളള അനുമതി അതാത് സര്‍ക്കാരുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: