കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തിയെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ഗവര്‍ണറായുള്ള കാലാവധി പൂര്‍ത്തിയാക്കിയശേഷം ജഗ്ദീപ് ധന്‍കര്‍ക്കെതിരെ നടപടിയെടുക്കാനായി പൊലീസില്‍ പരാതികള്‍ നല്‍കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് കല്യാണ്‍ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. നാരദ കോഴക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ അറസ്റ്റിനുള്ള ഉപകരണമായിരുന്നു ഗവര്‍ണറെന്നും ബാനര്‍ജി ആരോപിച്ചു.
‘ഗവര്‍ണര്‍ക്കെതിരെ ഒരു നിയമനടപടിയും സാധ്യമല്ലെന്ന് നമുക്കറിയാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം ഗവര്‍ണറായിരിക്കില്ല. അതുകൊണ്ട്, കുറ്റകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മതധ്രുവീകരണത്തിനും ഗവര്‍ണര്‍ എവിടെ പ്രകോപനം സൃഷ്ടിക്കുന്നത് കണ്ടാലും പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഗവര്‍ണര്‍ അല്ലാതായി മാറുമ്പോള്‍ നടപടിയെടുക്കും. അങ്ങനെ പറയരുതെങ്കിലും പ്രസിഡന്‍സി ജയില്‍ അദ്ദേഹത്തിന്റെ ഇടമായിരിക്കും’-ഹൂഗ്ലി ജില്ലയില്‍ ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാവിലെ മുതല്‍ വൈകിട്ടുവരെ തൃണൂല്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ വേട്ടയാടുന്നു. നാലു നേതാക്കളുടെ അറസ്റ്റിന് അദ്ദേഹം ഉപകരണമായിരുന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹദ് ഹക്കിം, പാര്‍ട്ടി എംഎല്‍എ മദന്‍ മിത്ര എന്നിവരെയാണ് കഴിഞ്ഞ തിങ്കളാഴ് വീടുകളില്‍നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്. മുന്‍ തൃണമൂല്‍ നേതാവും കൊല്‍ക്കത്ത മേയറുമായിരുന്ന സോവന്‍ ചാറ്റര്‍ജിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
നിലവില്‍ നാലുപേരെയും വീട്ടുതടങ്കലിലാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി കേസ് വിശാല ബഞ്ചിന് വിട്ടിരിക്കുകയാണ്. മെയ് ഏഴിന് നാലുപേര്‍ക്കുമെതിരെ ധന്‍കര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. പ്രസ്താവന ‘ആശ്ചര്യപ്പെടുത്തിയെങ്കിലും വിഷയം സംസ്‌കാരമുള്ള ബംഗാള്‍ ജനതയുടെയും മാധ്യമങ്ങളുടെയും വിവേചന അധികരത്തിന് വിട്ടു’വെന്ന് ജഗ്ദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: