ശ്രീകണ്ഠപുരം: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി സനീഷ് ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടത്തില്‍പ്പെട്ട സനീഷിനെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു.
വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകനാണ് 35 കാരനായ സനീഷ്. അവിവാഹിതനാണ്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒ.എന്‍.ജി.സി) കരാര്‍ജോലികള്‍ ചെയ്തിരുന്ന മാത്യു അസോസിയേറ്റ്സ് എന്ന കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. സനീഷിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നായിരുന്നു ഒഎന്‍ജിസി ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് കുടുംബത്തിന് ലഭിച്ച വിവരം. ഒപ്പം ജോലി ചെയ്തിരുന്ന ചെമ്പേരി സ്വദേശിയായ സിബിയുടെ കൂടെ സേഫ്റ്റി ജാക്കറ്റിട്ട് ബാര്‍ജില്‍ നിന്ന് അവസാന നിമിഷം കടലിലേക്ക് ചാടുകയായിരുന്നുവെന്നായിരുന്നു സഹോദരന് ലഭിച്ച വിവരം. സിബിയെ നേവി രക്ഷപ്പെടുത്തി. മുംബൈയിലെത്തിയ സിബി അദ്ദേഹത്തിന്റെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് വിവരം വീട്ടിലറിഞ്ഞത്.
സനീഷിന്റെ പിറന്നാള്‍ കഴിഞ്ഞ15-നായിരുന്നു. അന്നാണ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്.സഹോദരനും ചുഴലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ അനീഷ് ജോസഫ് വാട്‌സാപ്പില്‍ അയച്ച പിറന്നാള്‍ ആശംസക്കുള്ള മറുപടിയാണ് അന്ന് സനീഷ് അയച്ചത്. ജൂണ്‍ ആദ്യവാരത്തോടെ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടെന്നും വാട്‌സാപ്പ് സന്ദേശത്തിലുണ്ടായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ റിഗ്ഗിലാണ് സനീഷ് ജോലി ചെയ്തിരുന്നത്. അവിടെ നെറ്റ് വര്‍ക്കില്ലാത്തതിനാല്‍ വല്ലപ്പോഴും മാത്രമേ ഫോണ്‍ വിളിക്കാന്‍ സാധിക്കാറുള്ളുവെന്നും മെസേജ് അയച്ചാല്‍ എപ്പോഴെങ്കിലും ഡാറ്റ കിട്ടുമ്പോള്‍ മറുപടി അയക്കാറാണ് പതിവെന്നും സഹോദരന്‍ അനീഷ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം 5മണിയോടെ ചെമ്പേരി ഫെറോന പളളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: