പയ്യന്നൂര്‍:വാഹന പരിശോധനയ്ക്കിടയില്‍ അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവും രേഖകളില്ലാത്ത പണവും പയ്യന്നൂര്‍ പോലീസ് പിടികൂടി. ലോറിയില്‍ മദ്യം കടത്തവേ തമിഴ്നാട് മധുര സ്വദേശികളായ ശങ്കര്‍ സെല്‍വം(32),ദിനേശ്കുമാര്‍(26) എന്നിവരാണ് പിടിയിലായത്. രേഖകളില്ലാതെ നാലേകാല്‍ ലക്ഷത്തോളം രുപ കണ്ടെത്തിയ സംഭവത്തില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ കൊളമുള്ളി സുബൈര്‍,കല്ലുവളപ്പില്‍ സുലൈമാന്‍ എന്നിവരുമാണ് പിടിയിലായത്.
ജില്ലാ അതിര്‍ത്തിയായ കാലിക്കടവിന് സമീപം കരിവെള്ളൂര്‍ ആണൂരിലാണ് വാഹന പരിശോധനയ്ക്കിടെ കര്‍ണാടക മദ്യം പിടികൂടിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ലോറിയില്‍ ഒളിച്ചുകടത്തുകയായിരുന്ന മദ്യം കണ്ടെത്തിയത്. 180 മില്ലി കൊള്ളുന്ന 98 കുപ്പി കര്‍ണാടക മദ്യമാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.
ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലെ വാഹന പരിശോധനയ്ക്കിടയില്‍ 4,30,500 രൂപ കണ്ടെത്തിയതാണ് മറ്റൊരു സംഭവം.കാസര്‍ഗോഡ്നിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കിടയിലാണ് മതിയായ രേഖകളില്ലാത്ത പണവുമായി ഒറ്റപ്പാലം സ്വദേശികള്‍ പിടിയിലായത്. പോത്തുകളെ വിറ്റ പണമാണെന്നാണ് ഇവര്‍ പോലീസിന് നല്കുന്ന വിശദീകരണമെങ്കിലും ഇവരുടെ വാക്കുകളിലെ പൊരുത്തക്കേടുകളും സംശയത്തിന് വഴിവെച്ചതിനെ തുടര്‍ന്നാണ് പോലീസ് പണം പിടിച്ചെടുത്തത്. മതിയായ രേഖകളുണ്ടെങ്കില്‍ ഹാജരാക്കുന്നതിനായി നോട്ടീസ് നല്‍കിയാണ് പോലീസ് ഇവരെ വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: