പഞ്ചഭൂതങ്ങളുടേയും അധിഷ്ഠാനമാണ് ഭൂമി. അനുഷ്ഠാനപൂര്‍ണ്ണമായി ഭൂമിയെ സമീപിക്കുമ്പോള്‍ അതിലെ ആധികാരികത അന്ധവിശ്വാസമായി മാറുക സ്വാഭാവികമാണ്. വിശ്വാസം നല്ലതാണെങ്കിലും അന്ധവിശ്വാസം അപകടകരമാണ്. യുക്തിഭദ്രവും മേധാശക്തിക്ക് നിസ്സംശയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാഴ്ചപ്പാട് ഭൂമിയെ സംബന്ധിച്ച് ഉണ്ടാകേണ്ടതനിവാര്യമാണ്. അമീബ മുതല്‍ ആന, തിമിംഗലം വരെയുള്ളജീവികളേയും ബാക്ടീരിയ മുതല്‍ ആല്‍മരം വരെയുള്ള സസ്യലോകത്തിന്റേയും ആധാരം ഭൂമിയാണ്. ആകാശവും, വായുവും, ജലവും, അഗ്നിയും ഭൂമിയെന്ന ആധാരത്തിലാണ് നിലകൊള്ളുന്നതും അതാതിന്റെ ധര്‍മ്മം നിറവേറ്റുന്നതും. ഭൂമി പോഷിതമായാല്‍ ലോകം മുഴുവന്‍ സ്വസ്ഥമാകും.
ഇത് ഒരാശയതലമോ ആത്മീയ തലമോ മാത്രമല്ല. ശാസ്ത്രത്തിന്റെ ഉള്‍ക്കാഴ്ച ഭൂമിയുടെ പവിത്രതയെ സാധൂകരിയ്ക്കുന്നു. മനുഷ്യ ശരീരത്തിലെ മജ്ജയും മാംസവും, തൊലിയും, എല്ലും, പല്ലും, രോമങ്ങളും, ശക്തിയുമൊക്കെ നല്കി ജീവശരീരത്തെ നിലനിര്‍ത്തുന്നത് മണ്ണാണ് എന്ന് നാം തിരിച്ചറിയണം. മണ്ണിനെ ശരീരമാക്കുന്നതിനായി വര്‍ത്തിയ്ക്കുന്ന മാധ്യമമാണ് സസ്യങ്ങള്‍. ഭൂമിശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ പ്രത്യേകതകളാലാണ് ശുദ്ധമായ വായുവും, ശുദ്ധമായ വെള്ളവും ഫലഭൂയിഷ്ഠമായ മണ്ണും രൂപപ്പെടുന്നത്. മനുഷ്യരുടെ ഭൂമിയോടുള്ള സമീപനം തെറ്റായ ദിശയിലായതിനാല്‍ പാരിസ്ഥിതിക ദുരന്തവും മാനവിക ദുരന്തവും നാം അനുഭവിക്കുന്നു. അറിഞ്ഞും അറിയാതെയും നാം ചെയ്യുന്ന അഭികാമ്യമല്ലാത്ത പ്രവൃത്തികളാണ് ഭൂമിയുടെ ചൂഷണത്തിന് കാരണമായതും ഭൂമി ഊഷരമാകുവാനും ഇടയായത്.
മാനവികതയുടെ മഹനീയത വെളിവാകുന്നത് ശുദ്ധമായ പരിസ്ഥിതി ബോധത്തിലാണ്. പരിതഃ അഥവ ചുറ്റുപാടുമുള്ള സ്ഥിതിയാണ് പരിസ്ഥിതിയായി മാറുന്നത്. പ്രകര്‍ഷേണ കൃതമായ പ്രകൃതിയുമായി പരിസ്ഥിതിയ്ക്ക് സമരസതയുണ്ടാകണം. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റമാണ് നമ്മെ മണ്ണില്‍ നിന്നും അകറ്റിയത്. പ്രകൃതി ശ്രോതസ്സുകള്‍ ചൂഷണചെയ്യാനുള്ളതാണെന്ന ചിന്ത പ്രകൃതിയുടെ പുനര്‍നിര്‍മ്മാണ പ്രക്രീയകളെ അസാദ്ധ്യമാക്കി. മണ്ണില്‍ ജീവന് നിലനില്ക്കേണ്ടതനിവാര്യമാണ്. മണ്ണിന് ജീവന് കൊടുക്കുന്നത് കോടിക്കണക്കിന് സൂക്ഷ്മജീവികളാണ്. ഭൂമിയെ പോഷിപ്പിക്കുന്ന സൂക്ഷ്മജീവികളെ കാത്തുസൂക്ഷിക്കുക എന്നതാണ് ഭൂപോഷണ യജ്ഞം.
ഓരോ സസ്യവും വളരുന്നത് സ്വയം ജീവിക്കുവാനും വംശം നിലനില്‍ത്തുവാനും ഭൂമിയെ പോഷിപ്പിക്കാനുമാണ്. ഭൂമിയില്‍ നിന്നും വലിച്ചെടുക്കുന്ന മൂല്യത്തിലെ മൂന്നിലൊന്നുമാത്രമേ അതിന്റെ വളര്‍ച്ചയ്ക്ക് എടുക്കു. ബാക്കി മുന്നിലൊന്ന് ഫലമായി, ധാന്യമായി, കിഴങ്ങായി അതിന്റെ വംശവര്‍ദ്ധനവും നിലനില്‍പ്പും സാധ്യമാക്കുന്നു. ബാക്കി വരുന്ന മൂന്നിലൊന്ന് ജൈവാവശിഷ്ടമായി ഭൂമിയെ കരുത്താക്കി നിര്‍ത്തുവാനായി ഭൂമിയിലേക്കുതന്നെ നല്‍കുകയാണ്. ജന്തുക്കളുടെ കാഷ്ഠവും, മൂത്രവും, മൃത്യുവിനുശേഷമുള്ള ശരീരാവശിഷ്ടവുമെല്ലാം ഭൂമിയെ പോഷിപ്പിക്കുവാനായി നല്‍കുകയാണ് ചെയ്യുന്നത്. ജന്തുസഞ്ചയവും സസ്യസഞ്ചയവും ഭൂമിയെ പോഷിപ്പിക്കുവാന്‍ നിരന്തരം ജാഗ്രതകാണിക്കുമ്പോള്‍ മനുഷ്യന്റെ വിവേക രഹിത ബുദ്ധിയാണ് ഭൂമിയെ ശോഷിപ്പിക്കുവാന്‍ കാരണമായത്.
ശാസ്ത്രീയമായി ഭൂമി രൂപപ്പെടുവാന്‍ കാലങ്ങളെടുത്തതുപോലെ തന്നെ മണ്ണ് പരിവര്‍ത്തനപ്പെടുവാനും കാലങ്ങളെടുത്തു. വായുവിന്റെ സാന്നിദ്ധ്യത്തില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളും വായുവിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികളുടേയും കോടാനുകോടി വര്‍ഷങ്ങളുടെ പരിശ്രമഫലമായിട്ടാണ് പാറകള്‍ പൊടിഞ്ഞ് മണ്ണാകുന്നത്. മേല്‍പ്പരപ്പാണ് മണ്ണാകുവാന്‍ സാഹചര്യം കൂടുതലുള്ളത്. മണ്ണില്‍ നൂറില്‍പ്പരം മൂലകങ്ങളും അതിന്റെ ഖനീഭവിച്ച രൂപമായ ലോഹങ്ങളും ധാതുക്കളും നിറഞ്ഞു നില്ക്കുന്നു. അതില്‍ പതിനേഴ് ഘടകങ്ങളേയാണ് സസ്യങ്ങള്‍ വേര്‍തിരിച്ച് കായും കനിയും ധാന്യവുമാക്കി സമസ്ഥ ജീവികളുടേയും ആഹാരമാക്കിമാറ്റുന്നത്. അതില്‍ പ്രധാന മൂലകങ്ങളായ ഹൈട്രജന്‍, ഓക്സിജന്‍, കര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും, ദ്വിതീയ മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ കൂടാതെ സൂക്ഷ്മമൂലകങ്ങളായ ഇരുമ്പ്, മാംഗനീസ്, കോപ്പര്‍, സിങ്ക്, ബോറോണ്‍, മോളിബ്ഡിനം, ക്ലോറിന്‍, സിലിക്കോണ്‍ എന്നിവയുമുണ്ട്. ഇത്തരം മൂലകങ്ങളുടെ സംയോജനമോ വിശ്ലേഷണമോ നടത്തുവാന്‍ ചൂടും വെള്ളവും സൂര്യപ്രകാശവും സൂക്ഷ്മജിവികളും അനിവാര്യമാണ്.
തൈലോക്യ ദീപമായ സൂര്യന് ഇല്ലാതെ ജീവന് നിലനില്ക്കാത്തതിനാല് ആത്മസ്ഥാനമാണ് സൂര്യന് നല്‍കിയിരിക്കുന്നത്. ആയതിനാല്‍ നാംസൂര്യനെ പ്രണമിക്കുന്നു. ചന്ദ്രന് ഭൂമി സ്വാധീനിയ്ക്കുന്ന ഉപഗ്രഹമാണ്. ചന്ദ്രന് ഭൂമിയെ ചുറ്റുമ്പോള്‍ ഭൂമിയിലുള്ളവര്‍ അനുഭവിയ്ക്കുന്ന വ്യതിയാനങ്ങളെ തിഥികളായി നാം അറിയപ്പെടുന്നു. ചന്ദ്രന്റെ സഹായമാണ് ഭൂപോഷണത്തിന് ആവശ്യമായ സാഹചര്യം ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്നത്. ആയതിനാല്‍ ചന്ദ്രനും നമുക്കാരാദ്ധ്യ ദേവനായി മാറുന്നു. 6500 കി.മി വേഗത്തില്‍ ഭൂമിയാകുന്ന വാഹനത്തില്‍ സൂര്യനെ ചുറ്റുന്ന യാത്രക്കാരാണ് നാം ഓരോരുത്തരും. അന്നവും, ജലവും, വായുവും തരുന്ന ഭൂമി നമ്മുടെ അമ്മയാകുന്നു. കാരണം പ്രത്യുപകാര പ്രതീക്ഷയില്ലാതെ കര്‍മ്മംചെയ്യുന്നവളാണല്ലോ അമ്മ. ആയതിനാല്‍ ”മാതാഭൂമി പുത്രോഹം പൃഥ്യവ്യാ” എന്ന ആപ്തവാക്യം അന്വര്‍ത്ഥമാകുന്നു. സൂര്യനേയും ഭൂമിയേയും പ്രപഞ്ചത്തേയും ഏത് ആധാരത്തിലാണോ ഉറപ്പിച്ചിട്ടുള്ളത് അതിനെ പരബ്രഹ്മമായി കണക്കാക്കി ഭാരതീയര്‍ പ്രകൃതിയുടെ ഏകാത്മാകതയെ ശാസ്ത്രീയമായി അപഗ്രഥിച്ച് കാത്ത് സൂക്ഷിക്കുന്നു. അങ്ങനെ ഭാരതീയര്‍ക്ക് ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാകുന്നു.
തന്നെ കാക്കുന്നവരെ ആദരിക്കുക എന്നത് അതിജീവനത്തിന്റെ ദര്‍ശനമാണ്. മൗലീകമായി പ്രപഞ്ചം സത്വരജസ്തമോ ഗുണങ്ങളുടെ സങ്കലനമാണ്. ഗുണാതീതമായ കാഴ്ചപ്പാടുള്ളവര്‍ക്ക് മാത്രമേ ഗുണങ്ങളെ തിരിച്ചറിയുവാന്‍ സാധിക്കു. ഗുണങ്ങളുടെ ആവിഷ്കാരമായ നവരസങ്ങളെ മനസ്സും, ഷട്ട് രസങ്ങളെ അന്നമയ കോശവും സ്വീകരിച്ച് ബുദ്ധിയെ പ്രചോദിപ്പിച്ച് ആത്മീയ സത്തയില്‍ ആനന്ദമനുഭവിക്കുവാന്‍ ഇടയാക്കുന്നു. ആയതിനാല്‍ ത്രിഗുണത്തെ ഉള്‍ക്കൊള്ളുന്ന ഭൂമിയാണ് പ്രകൃതിയുടെ ആധാരമായി ഉള്‍കൃഷ്ടമായി നിലനില്‍ക്കേണ്ടത്.
ഭൂമി അന്നപൂര്‍ണ്ണയാണ്. അന്നമൂട്ടാനുള്ള ഭൂമിയുടെ ശേഷിയെ തകര്‍ക്കുന്ന രീതികളെല്ലാം അഭാരതീയമാണ്. നാട്ടറിവിലൂടെയും മുത്തശ്ശി നാവിലൂടെയും നാം കേട്ടതും അറിഞ്ഞതും ആചരിക്കുവാനുള്ളതാണെന്ന് നാം മറന്നുപോയി. കാര്‍ഷികാധാരിത ഗോആധാരിത സാമ്പത്തിക വ്യവസ്ഥ തകര്‍ന്നുപോയി. മൃണ്മയമായ ശരീരത്തിലെ മണ്ണിനെ നാം തിരിച്ചറിയാതെ പോയി. മണ്ണിലെ ഓരോ ഘടകവുമാണ് എന്റെ ശരീരം. ”മണ്ണാണ് മനുഷ്യന്, മനുഷ്യനാണ് മണ്ണ്” അഭേദമില്ലാത്ത ഏക സ്വരൂപത്തെ അന്യമായി കാണുകയും ആ കാഴ്ചയെ വികലമായി ആവിഷ്കരിക്കുകയും ചെയ്ത ബുദ്ധി ആത്മനാശത്തിന്റെ പടുകുഴി തോണ്ടും എന്ന തിരിച്ചറിവാണ് ഭൂപോഷണ യജ്ഞം.
മണക്കുന്നതുകൊണ്ടാണ് മണ്ണ് എന്ന പേര് വന്നത്. അതുകൊണ്ടാണ് പൂജാരി ”’ലം’ പൃഥ്വ്യാത്മനാ ഗന്ധം കല്പയാമി” എന്ന മന്ത്രം ജപിക്കുന്നത്. ഭൗതീക നേട്ടങ്ങള്‍ തേടി മനുഷ്യന് നെട്ടോട്ടമോടുമ്പോള്‍ അവന്റെ മണ്ണും അതിലൂടെ അവന്റെ ആരോഗ്യവും തകരുന്നു. മാനവീകതയുടെ മഹനീയ മുഖമായ കൃഷി മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയാണ്. നമ്മുടെ ഭാഷ, വേഷം, ശരീരം, സൗന്ദര്യം, സമ്പത്ത് എല്ലാം നല്‍കിയത് ഈ മണ്ണാണ്. പൂര്‍വ്വികര്‍ പോഷണത്തിലൂടെയും തോഷണത്തിലൂടെയും മണ്ണില്‍ നട്ടുവളര്‍ത്തിയ നന്മയുടെ ഫലം കൊയ്ത് വിളവിറക്കുവാന്‍ മറന്നുപോയ തലമുറയുടെ ദുഃഖം നാമിന്നറിയുന്നു. സൂക്ഷ്മ ജീവികള്‍ക്കും സ്ഥൂലജീവികള്‍ക്കും, സസ്യസഞ്ചയങ്ങള്‍ക്കും ആവാസമൊരുക്കുവാനു
ള്ള അമ്മയുടെ ശേഷി ശോഷിച്ചുപോയിരിക്കുന്നു. ആരോടും പരിതപിക്കാതെ ആരേയും ശപിയ്ക്കാതെ കപടലോകത്ത് നന്മയുടെ വിത്തുകള്‍ നട്ട് തിന്മയുടെ ചുവടറക്കുന്ന പ്രവര്‍ത്തനം അനിവാര്യമായിരിക്കുന്നു. ഭൂപോഷണ യജ്ഞം അതിനുള്ള ഒരു തിരിവെട്ടമാകുവാന്‍ എല്ലാവരുടേയും മനസ്സും സമര്‍പ്പണവും കര്‍മ്മവും അനിവാര്യമാണ്.
കാലം നമ്മെ മാടിവിളിക്കുകയാണ്. ഇന്നലെയേ നോക്കി പരിതപിയ്ക്കാതെ നാളെയെ നോക്കി ഭാവന മെനയാതെ ഇന്നില്‍ കാലുറപ്പിച്ച് മണ്ണിനേറ്റ ഓരോ ക്ഷതത്തേയും ഇല്ലായ്മ ചെയ്ത് ഈ മണ്ണിനെ നമുക്ക് അക്ഷയഖനിയാക്കണം. കൃഷിയാണ് ലോകത്ത് സാംസ്കാരിക പാത നമുക്ക് വെട്ടിത്തന്നത്. കാലത്തെ അതിജീവിച്ച കരുത്ത് നമുക്ക് നല്‍കിയത് കൃഷിയാണ്. മനുഷ്യത്വത്തിന്റെ മഹനീയ മുഖമാണ് നമുക്ക് കൃഷിയില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നത്. എന്നാല്‍ മണ്ണിനേയും മനുഷ്യനേയും മറന്ന കാര്‍ഷികവൃത്തിയും മണ്ണിനോട് കാണിച്ച അനാദരവും മനുഷ്യനെ സ്വന്തം കാലില്‍ നില്ക്കുവാന് ശേഷിയില്ലാത്തവനാക്കിയിരിക്കുന്നു. കാലത്തിന് മായ്ക്കാന്‍ കഴിയാതെപോയ ആ കറുത്ത പാടുകളെ തിരുത്താന്‍ കഴിയാത്ത ജനത്തിന് അതിജീവനത്തിനുള്ള അവകാശം ജഗദീശ്വരന്‍പോലും നിഷേധിക്കപ്പെടും.
സ്നേഹത്തിന്റെ സായൂജ്യമായ സേവനത്തേയും കര്‍മ്മത്തിന്റെ കാതലായ ഹൃദയവിശാലതയേയും ജ്ഞാനത്തിന്റെ കരുത്തായ ആത്മബോധത്തേയും മണ്ണിലേക്ക് ചേര്‍ത്ത് നിര്‍ത്തണം. ഊഷരഭൂമിയെ ഉര്‍വ്വരതയിലേക്ക് മാറ്റുവാന്‍ മണ്തരികളെ ചേര്‍ത്ത് നിര്‍ത്തുന്ന ജീവനരസമായ ക്ലേദം ഭൂമിയില്‍ ഉണ്ടാകുവാനുള്ള ആധുനിക യാഗം തുടങ്ങണം. പഞ്ചഗവ്യധാരയാണ് ഭൂമിയെ രക്ഷിക്കുവാന്‍ ഏറ്റവും ഉത്തമമായത്. എന്നുള്ളതുകൊണ്ട് ഗോമാതാവിനെ പൂജിക്കുക എന്നത് ഗോവിനെ വളര്‍ത്തലും വര്ദ്ധിപ്പിയ്ക്കലുമാണ്. നമ്മുടെ വീടുകള്‍ ആടുമാടുകളും പക്ഷി കൂട്ടങ്ങളും വളരുന്ന സസ്യ-ശാമള-കോമളമായ മലര്‍വാടിയാകണം. അതിലൂടെ ഭൂപോഷണ യജ്ഞത്തെ ഒരു പുതിയ തലത്തിലേക്ക് നമുക്ക് ഉയര്‍ത്തുവാന്‍ സാധിക്കും. ”മണ്ണും പെണ്ണും നോക്കിയാലേ നന്നാകു” എന്നാണ് പഴമൊഴി. മലയാളികളുടെ മണ്ണും മനസ്സും ഉര്‍വ്വരമാകുവാന്‍ ഭൂപോഷണ യജ്ഞത്തിലൂടെ സാധിക്കുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.
(ഭൂമിപൂജ യജ്ഞസമിതി
സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: