ആധുനികകേരളത്തിന്റെ ശില്പികളില് പ്രധാനിയായിരുന്നു പണ്ഡിറ്റ് കെ.പി.കറുപ്പന്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും സാമൂഹ്യ സാംസ്കാരിക സാമ്പത്തികരംഗത്തു സൃഷ്ടിച്ച സര്വ്വതോന്മുഖമായ വികാസത്തിന്റെ ചുവടുപിടിച്ചു തന്നെയായിരുന്നു ഈ മഹാത്മാവിന്റെയും ജൈത്രയാത്ര. താന്‍ പിറന്ന സമുദായത്തിന്റെ മാത്രമല്ല മുഴുവന്‍ അധ:സ്ഥിതവിഭാഗത്തിന്റെയും രക്ഷകനാകുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും ശുചിത്വവും നിര്‍ഭയത്വവും പോരാട്ടത്തിന്റെ പടച്ചട്ടയും യുദ്ധോപകരണവുമായി അദ്ദേഹം മാറ്റി. വെറുപ്പിന്റെ പോര്‍മുഖത്തിനു പകരം സമന്വയത്തിന്റെയും സമാധാനത്തിന്റെയും പാതയായിരുന്നു സ്വീകരിച്ചത്. ‘പട്ടുനൂലില്‍ വജ്രസൂചി കുത്തിയിറക്കുന്നതു ‘ പോലെയാണ് കറുപ്പന് രാജാവിനും ദിവാനും മറ്റും നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നതെന്ന് തോട്ടയ്ക്കാട്ട് കൃഷ്ണമേനോന് തന്റെറ ലേഖനത്തില്‍ പറയുന്നു. അപ്രിയസത്യങ്ങള്‍ പണ്ഡിതോചിതമായ രീതിയില്‍ രാജസമക്ഷം തന്നെ അവതരിപ്പിക്കാനുള്ള നിര്‍ഭയത എക്കാലത്തും മാതൃകാപരമാണ്.
ശങ്കരന് കറുപ്പനാകുന്നു
1885 മെയ് 24നു എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ അത്തോ പൂജാരി എന്നറിയപ്പെട്ട പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും മകനായി ശങ്കരന് പിറന്നു. എന്നാല്‍ ലോകം തിരിച്ചറിഞ്ഞത് പ്രകൃതവുമായി ഒരു ബന്ധവുമില്ലാത്ത കറുപ്പനായാണ്. വെളുത്തു സുന്ദരനായ ഒരാളെ ‘കറുപ്പന്’ എന്നു വിളിക്കുന്നതിനെക്കുറിച്ചുള്ള ഡോ.പല്‍പ്പു വിന്റെവിശേഷണം രസകരമാണ്. ഡോ.പല്‍പ്പു മൈസൂര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച് തീവണ്ടി മാര്‍ഗ്ഗം തൃശ്ശൂരിലെത്തി. സ്വീകരിക്കാന്‍ അയ്യാക്കുട്ടിജഡ്ജിയും (സഹോദരന് അയ്യപ്പന്റെ ഭാര്യാപിതാവ്) കൂടെ വെളുത്തു സുമഖനായ യുവാവും. ‘ഇത് കറുപ്പന്’ ജഡ്ജ് പരിചയപ്പെടുത്തി. ‘ഓ, ഇപ്പോള്‍ അര്‍ദ്ധരാത്രിയായല്ലേ, ഇത്ര വെളുത്ത സുന്ദരനെ ‘കറുപ്പന് എന്നു വിളിച്ചാല്‍ ഈ നട്ടുച്ചയെ നമുക്ക് അര്‍ദ്ധരാത്രി എന്നു വിളിക്കാമല്ലോ’ എന്നായിരുന്നു പല്‍പ്പുവിന്റെ നര്‍മ്മംവിതറിയ മറുപടി.
‘കറുപ്പന്’ എന്ന പേര് നല്‍കിയത് അച്ഛനുമമ്മയുമായിരുന്നില്ല. തമിഴ്നാട്ടുകാരനായ ഒരു സിദ്ധനായിരുന്നു ആ പേരിട്ടത്. ‘കറുപ്പന്’എന്ന വാക്കിനു പണ്ഡിതന്’ എന്നാണര്‍ത്ഥം. ആ പേരിനെ അന്വര്‍ത്ഥമാക്കികൊണ്ട് സാക്ഷാല്‍ ശങ്കരനെ അനുസ്മരിപ്പിക്കുംവിധം കറുപ്പന് പ്രശസ്തനും മഹാപണ്ഡിതനുമായി. താന്‍ പിറന്ന ധീവരസമൂഹത്തെക്കുറിച്ച് കറുപ്പന് മാസ്റ്ററുടെ വാക്കുകള്‍ കേള്‍ക്കാം.
.’ധീമതാം വര: ധീവര: = ബുദ്ധിമാന്മാരില് ശ്രേഷ്ഠന് ധീവരന്’. വേദവ്യാസനിലും സത്യവതിയിലും അഭിമാനംകൊള്ളുന്ന സമൂഹമാകണം ധീവരരെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. ധീവരരുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തിപിടിച്ചു കൊണ്ടാണ് അദ്ദേഹം പിന്നാക്കസമുദായങ്ങളുടെ ഉന്നതിക്കായി പരിശ്രമിച്ചത്.
ചരിത്രസംഭവം-കായല്‍ സമ്മേളനം
അക്കാലത്ത് പുലയസമുദായാംഗങ്ങള്‍ക്ക് എറണാകുളം നഗരത്തില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. യോഗം നടത്താന്‍ ഭരണാധികാരികള്‍ അനുമതി നല്‍കിയില്ല. ഇതറിഞ്ഞ കറുപ്പന് അവരോടു വള്ളത്തില്‍ വരാന്‍ ആവശ്യപ്പെട്ടു. വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതൊരു സമ്മേളനവേദിയായി. അതാണ് ചരിത്രസംഭവമായി മാറിയ കായല്‍ സമ്മേളനം. അവര്‍ണ്ണസമുദായങ്ങളുടെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ സവര്‍ണ്ണവിഭാഗത്തിന്റെ പിന്തുണ നേടുന്നതിലും ആ മനുഷ്യസ്നേഹി വിജയിച്ചു. തന്റെ ഇരുപത്തിനാലാമത്തെ വയസില്‍ 1909 ല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ വച്ച് പുലയമഹാസഭ രൂപീകരിക്കാന്‍ പണ്ഡിറ്റ് കറുപ്പന് മുന്‍കൈ യെടുത്തു ചേര്‍ന്ന യോഗത്തിന്റെ അധ്യക്ഷന്‍ ടി.കെ.കൃഷ്ണമേനോന് ആയിരുന്നുവെന്നു പറഞ്ഞാല്‍ സംഘാടനത്തിന്റെ മികവും സംഘാടകന്റെ ദീര്ഘദൃഷ്ടിയും ബോധ്യമാകും. തുടര്‍ന്ന്മൂന്നു വര്‍ഷം കഴിഞ്ഞ് എറണാകുളത്ത്
(ഇന്നത്തെ സുഭാഷ് പാര്‍ക്ക് ) നടന്ന കാര്‍ഷിക പ്രദര്‍ശനത്തിലാണ്, കറുപ്പന്റെ ശ്രമഫലമായി പുലയസമുദായത്തില്‍ പെട്ടവര്‍ക്ക് പ്രവേശനം ലഭിച്ചത്. സംഘടന മാത്രമല്ല, നിരവധി നിശാപാഠശാലകളാരംഭിച്ച് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അദ്ദേഹം മുന്‍കൈയെടുത്തു. കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ തുടക്കം അതായിരുന്നുവെന്നു പറയാം.
സാമൂഹ്യസമരസതയുടെ രാജകല്പ്പന
കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കൊച്ചി മഹാരാജാവ് രാമവര്‍മ തമ്പുരാനു പണ്ഡിറ്റ് കറുപ്പനെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്:- ‘അനിതരസാധാരണമായ പ്രതിഭയുള്ള ഒരു കവിയാണ് കറുപ്പന്. അങ്ങയുടെ രാജ്യത്തെ പ്രജയും ധീവര യുവാവുമാണ്’. തുടര്‍ന്ന് സവര്‍ണര്‍ക്ക് മാത്രം പ്രവേശനമുള്ള എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായി. ചില രക്ഷകര്‍ത്താ ക്കള്‍ എതിര്‍ത്ത പ്പോള്‍ കൊച്ചിരാജാവിനെ ശക്തമായി നേരിട്ടു. ‘കറുപ്പന്റെകീഴില്‍ പഠിക്കാന്‍ ആഗ്രഹമില്ലാത്ത കുട്ടികളെ പുറത്താക്കാനായിരുന്നു രാജകല്പ്പന. അതോടെ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു. എല്ലാവരും ക്ലാസ്സിലെത്തി.
ജാതിക്കുമ്മി ഉയര്‍ത്തിയ പ്രകമ്പനം
പണ്ഡിറ്റ് കറുപ്പന്റെ ഏറ്റവും പ്രധാനകൃതി ഇരുപതാം വയസ്സില്‍ എഴുതിയ ‘ജാതിക്കുമ്മി’ തന്നെയാണ്. ഗുരുദേവനും കുമാരനാശാനും അയ്യങ്കാളിയും തൊട്ടുകൂടായ്മക്കും തീണ്ടലിനും അനാചാരങ്ങള്‍ക്കും എതിരെ ഉയര്‍ത്തിയ ചെറുത്തുനില്‍പ്പിന് കൊച്ചിയില്‍ നേതൃത്വം നല്‍കിയത് കറുപ്പനായിരുന്നു. ആശാന്റെ ‘ദുരവസ്ഥ’യ്ക്കു ഒരു ദശാബ്ദം മുന്നേതന്നെ ജാതിക്കുമ്മി പ്രസിദ്ധീകരിച്ചിരുന്നു. ശങ്കരാചാര്യസ്വാമികളുടെ ‘മനീഷാപഞ്ചക’ത്തെ അടിസ്ഥാനമാക്കിയാണ് ജാതിക്കുമ്മി രചിച്ചത്.
‘ഇക്കാണും ലോകങ്ങളീശ്വരന്റെ മക്കളാണെല്ലാരുമൊരു ജാതിനീക്കി നിറുത്താമോ സമസൃഷ്ടിയെ?
ദൈവം നോക്കിയിരിപ്പില്ലേ യോഗപ്പെണ്ണേ തീണ്ടല് ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ……’
എത്ര അര്‍ത്ഥസമ്പുഷ്ടമായ വാക്കുകള്‍. അതില്‍ ഭീഷണിയില്ല, പരിവേദനമല്ല. മനുഷ്യത്വത്തിന്റെ ഒരംശം അവശേഷിക്കുന്നയാളിന്റെ നെഞ്ചകം പിളര്‍ക്കുന്ന വജ്രസൂചിയായി അതുയരുന്നു.
ഒരു വസ്തു അവര്ണന് തൊട്ടു അശുദ്ധമാക്കിയാല്‍ അതു ക്രിസ്ത്യാനി സ്പര്‍ശിച്ചാല്‍ ശുദ്ധമാകും. ഇതിനെ കണക്കിന് കളിയാക്കുന്ന ഒരു ചൊല്ലും ഉണ്ടായി. ‘തൈലാദി വസ്തുക്കളശുദ്ധമായാല് പൈലോതു തൊട്ടാലതു ശുദ്ധമാകും.’
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ബാലാകലേശം നാടകം വെറും പത്തുദിവസം കൊണ്ടെഴുതിയതാണ്. പണ്ഡിതസദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട കൃതി. ഇതിനെമുന്‍ നിര്‍ത്തിയാാണ് കൊച്ചി മഹാരാജാവ് 1919 ല്‍ അദ്ദേഹത്തിനു ‘കവിതിലകന്‍’ പട്ടം നല്‍കുന്നത്. കേരള കാളിദാസന് എന്നറിയപ്പെട്ട കേരളവര്‍മ വലിയകോയിതമ്പുരാന് ‘വിദ്വാന്’ പട്ടം നല്കി ആദരിച്ചു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് രത്നമോതിരം നല്കി. ബാലാകലേശത്തിന്റെ ഒരു പ്രതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും നല്‍കിയിരുന്നു. വച്ചാരാധിക്കുന്ന ചില ബിംബങ്ങളുടെ പൂച്ചു പുറത്തുചാടുന്നതിവിടെയാണ്. രാമകൃഷ്ണപിള്ള കറുപ്പനെ നിശിതമായി വിമര്‍ശിച്ചു. അവര്‍ണ-സവര്‍ണ കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനെ വിമര്‍ശിച്ച് ‘സ്വദേശാഭിമാനി’ 1910 ല്‍ മുഖപ്രസംഗം എഴുതി. അതിലെ ചില വരികള്‍ വായിക്കൂ… വര്‍ണ യോഗ്യതകളെ വകതിരിക്കാതെ നിര്‍ഭേദം ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്ന് ശഠിക്കുന്നതിനെ അനുകൂലിക്കുവാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തുവന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധികൃഷിക്കാര്യത്തിനു ഒന്നായി ചേര്ക്കു ന്നത് കുതിരയേയും പോത്തിനേയും ഒരു നുകത്തില്‍ കെട്ടുകയാകുന്നു.’
പണ്ഡിറ്റ് കറുപ്പനെ പിന്തുടര്ന്ന് കൊച്ചി നിയമസഭയില്‍ അംഗമായ കെ.പി.വള്ളോന്‍ കറുപ്പന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് നിയമസഭയില്‍ പ്രസംഗിച്ചതിങ്ങനെ: ‘അദ്ദേഹം എന്റെറ ഗുരുവാണ്, എന്റെ സമുദായത്തിന്റെ പിതാവാണ്. അധ:കൃതരുടെ സര്‍വ്വ തോന്മുഖമായ സമുദ്ധരണത്തിനു കാരണക്കാരനാണ്.’ പണ്ഡിറ്റ് കറുപ്പനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പി.കെ.ഡീവറടക്കമുള്ളവര്‍ സ്വാതന്ത്ര്യസമര സേനാനികളായത് എന്നതിനും ചരിത്രം സാക്ഷി. 1938 മാര്‍ച്ച് 23 പണ്ഡിറ്റ് കെ.പി.കറുപ്പന് ഓര്‍മയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: