ആധുനികകാലത്ത് ഏറെ ജനപ്രിയമായ ഒരു ആശയമാണ് ശുഭചിന്തകള്‍ അഥവാ ‘പോസിറ്റീവ് തിങ്കിങ്’. എന്നാല്‍ ശുഭചിന്തകള്‍ മാത്രമാണോ ജീവിതം നയിക്കാനുള്ള നേരായ മാര്‍ഗം? ശുഭാശുഭ സമ്മിശ്രമാണ് ജീവിതം. അശുഭ ചിന്തകളെ (നെഗറ്റീവ് തിങ്കിങ്) എത്രതന്നെ അവഗണിച്ചാലും അവ നിങ്ങളെ വിട്ടുപോകണമെന്നില്ല. അതേക്കുറിച്ച് സദ്ഗുരു പറയുന്നു:
ശുഭചിന്തകളെക്കുറിച്ചാണ് ലോകത്ത് ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നത്. അതേക്കുറിച്ച് നിങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോഴേ ഒരു കാര്യം വ്യക്തമാണ്. യാഥാര്‍ഥ്യത്തില്‍ നിന്ന് രക്ഷപെടാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. ജീവിതത്തിന്റെ ഒരു വശം മാത്രം കാണാന്‍ ആഗ്രഹിക്കുമ്പോള്‍ മറുവശം കാണാതെ പോകുന്നു.
അശുഭ കാര്യങ്ങള്‍ അവഗണിക്കുന്നുവെങ്കില്‍ നിങ്ങള്‍ ജീവിക്കാനിരിക്കുന്നത് ‘വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അതിന്റെ ഫലവും ജീവിതം നിങ്ങള്‍ക്ക് തന്നിരിക്കും. ആകാശത്തില്‍ നിറയെ കാര്‍മേഘങ്ങള്‍ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് അതിനെ അവഗണിക്കാം. പക്ഷെ അവ നിങ്ങളെ അവഗണിക്കില്ല. മഴ പെയ്യാന്‍ തുടങ്ങിയാല്‍ പെയ്തു കൊണ്ടിരിക്കും. നിങ്ങള്‍ നനയുകയും ചെയ്യും
അശുഭമായതെന്തും അവഗണിക്കാം. എല്ലാം നന്നായി നടക്കുമെന്ന് വിചാരിക്കുകയുമാകാം. പക്ഷേ, അതിനു ചില മാനസിക, സാമൂഹിക പ്രാധാന്യങ്ങളുമുണ്ട്. എന്നാല്‍ അസ്തിത്വത്തെ സംബന്ധിച്ചിടത്തോളം അതൊട്ടും പ്രസക്തമല്ല. അത് നിങ്ങള്‍ക്ക് ആശ്വാസമേകുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ ശരിക്കും യാഥാര്‍ഥ്യത്തില്‍ നിന്ന് മിഥ്യയിലേക്ക് നീങ്ങിക്കൊണ്ടു സ്വയം ആശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്. യാഥാര്‍ഥ്യത്തെ കൈകാര്യം ചെയ്യാന്‍ പറ്റില്ലെന്ന നിങ്ങളുടെ വിശ്വാസമാണ് ഇതിന് കാരണം. ഒരു പക്ഷെ നിങ്ങള്‍ക്ക് അത് സാധ്യമാവുകയുമില്ല. അതിനാല്‍ നിങ്ങള്‍ ശുഭ ചിന്തകളുടെ അധീനതയിലാവുന്നു. അശുഭകാര്യങ്ങളെ മറികടന്നു ശുഭ ചിന്തയില്‍ മാത്രമായിരിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അശുഭങ്ങളെ അവഗണിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ജീവിതത്തിന്റെ ഒരു വശം അവഗണിച്ച് മറുവശത്തോടൊപ്പം ജീവിക്കുന്നതിലൂടെ ഏതൊരാളും അവനവനെ തന്നെ ദുരിതത്തിലാക്കുകയാണ്.
ദൈ്വത ഭാവം
പ്രപഞ്ചത്തിലെ മുഴുവന്‍ അസ്തിത്വവും സംഭവിക്കുന്നത് ദൈ്വത രൂപത്തിലാണ്. നിങ്ങള്‍ എന്താണോ പോസിറ്റീവ് -നെഗറ്റീവ് എന്ന് പരാമര്‍ശിക്കുന്നത് അത് പുരുഷന് -സ്ത്രീ, പ്രകാശം -ഇരുട്ട്, ദിനം -രാത്രി എന്നിവ പോലെയാണ്. പരസ്പര പൂരകങ്ങള്‍. അങ്ങനെയല്ലാതെ ജീവിതം എങ്ങനെ ജീവിച്ചു തീര്‍ക്കും? ജീവിതം മാത്രം മതി മരണം വേണ്ട എന്ന് പറയുന്നത് പോലെയാണ് ഇത്. എന്നാല്‍ മരണം ഉള്ളത് കൊണ്ട് മാത്രമാണ് ജീവിതവും ഉള്ളത്. ഇരുട്ടുള്ളത് കൊണ്ട് മാത്രമാണ് പ്രകാശമുള്ളത്.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ശുഭാശുഭങ്ങളെ അനുഭവിച്ച് അറിയാന്‍ അനുവദിക്കുക. എന്നിട്ട് രണ്ടിനേയും സൃഷ്ടിപരമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുക.
ജീവിതം അതിന്റെ വഴിയേ നോക്കിക്കാണുകയാണെങ്കില്‍ ശുഭവും അശുഭവുമായ കാര്യങ്ങളില്‍ വേര്‍തിരിവുണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ ശുഭ (പോസിറ്റീവ്) കാര്യങ്ങള്‍ക്കും അശുഭ(നെഗറ്റീവ്) കാര്യങ്ങള്‍ക്കും നിങ്ങളെ അധീനതയിലാക്കാന്‍ സാധിക്കില്ല. ശുഭാശുഭങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക.
‘ഞാനൊരു ശുഭ ചിന്തകന്‍’
ഒരു ബള്‍ബ് പ്രകാശിക്കുന്നതിനു കാരണം വൈദ്യുതിയില്‍ പോസിറ്റീവും നെഗറ്റീവും ഉള്ളത് കൊണ്ടാണ്. ഒരു ശുഭ (പോസിറ്റീവ്) ഫലം ലഭിക്കുമ്പോള്‍ നമ്മള് അശുഭത്തെ ശ്രദ്ധിക്കുന്നില്ല. ഒരു പുരുഷനും സ്ത്രീയുമുണ്ടെങ്കില്‍, അവരില്‍ നിന്ന് ആനന്ദമാണ് ബഹിര്‍ഗമിക്കുന്നതെങ്കില്‍ അതാണ് നമ്മള് ശ്രദ്ധിക്കുക. പുരുഷനോ സ്ത്രീയോ എന്ന് ശ്രദ്ധിക്കില്ല. അശുഭ (നെഗറ്റീവ്) കരമായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ അവര്‍ പ്രശ്നക്കാരാണെന്ന് നമ്മള് ചിന്തിക്കും. അങ്ങനെ വരുമ്പോള്‍ ശുഭം, അശുഭം എന്നതല്ല പ്രശ്നം, നിങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷമാണ് പ്രധാനം.
അതുകൊണ്ട് ശുഭാശുഭങ്ങളെ പ്രതിരോധിക്കേണ്ട കാര്യമില്ല. അതില്‍ നിന്ന് സദ്ഫലം ഉണ്ടാക്കിയെടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. നമ്മള് ജീവിതത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നുവെങ്കില്‍ ഇപ്പോള്‍ നമ്മള് എവിടെ നില്ക്കുന്നു എന്നതിനോട് സത്യസന്ധത കാണിക്കേണ്ടത് വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ നമ്മള്‍ക്ക് ഒരു യാത്ര സാധ്യമാവൂ. ശുഭ(പോസിറ്റീവ്) ചിന്തകള്‍ ഒരുപാടു പേരുടെ ജീവിതസാധ്യതകളെ നശിപ്പിച്ചിട്ടുണ്ട്. ഇവിടെ ഒരു ശുഭചിന്തകന്‍ എഴുതിയ കവിത നോക്കാം:
ഒരു കുഞ്ഞു പക്ഷി
ആകാശത്തിലൂടെ
പറക്കുകയായിരുന്നു
അതെന്റെ കണ്ണിലേക്ക് കാഷ്ഠിച്ചു
പക്ഷെ എനിക്ക്
വിഷമിക്കുവാനോ
കരയുവാനോ കഴിഞ്ഞില്ല
കാരണം ഞാനൊരു
ശുഭചിന്തകനാണ്’
ജീവിതത്തെ അതേ പോലെ കാണാന്‍ തയ്യാറല്ലെങ്കില്‍ മുന്നോട്ടൊരു ചുവടു പോലും വയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: