വല്ലാഡോളിഡ്: വയസന് എന്ന് പരിഹസിച്ച് ബാഴ്സലോണ പുറത്താക്കിയ ലൂയി സുവാരസിന്റെ കിടിലിന്‍ ഗോളില്‍ അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടം. ഈ സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ വല്ലാഡോളിഡിനെ തോല്‍പ്പിച്ചാണ് അത്ലറ്റിക്കോ ഏഴു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്പാനിഷ് കിരീടം സ്വന്തമാക്കുന്നത്. പിന്നില്‍ നിന്ന്് വിജയത്തിലേക്ക് പൊരുതിക്കയറുകയായിരുന്നു. അത്ലറ്റിക്കോയുടെ കിരീടമുറപ്പിച്ച സുവാരസിന്റെ ഗോള്‍ അറുപത്തിയേഴാം മിനിറ്റിലാണ് പിറന്നത്. ഇത് പതിനൊന്നാം തവണയാണ് അത്ലറ്റിക്കോ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകുന്നത്. 2014 ലാണ് അവസാനമായി കിരീടം നേടിയത്.
കിരീടം ഉറപ്പിക്കാന്‍ അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ മത്സരഗതിക്കെതിരെ പതിനെട്ടാം മിനിറ്റില്‍ റയല്‍ വല്ലാഡോളിഡ് ലീഡ് നേടി. ഒസ്കര് പ്ലാനോയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ വല്ലാഡോളിഡ് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ അത്ലറ്റിക്കോ പോരാട്ടം മുറുക്കി. അമ്പത്തിയേഴാം മിനിറ്റില്‍ ഗോള്‍ നേടി വല്ലാഡോളിഡിനൊപ്പം എത്തി. കൊറിയയാണ് സ്കോര്‍ ചെയ്തത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം അത്ലറ്റിക്കോയുടെ കിരീടവിജയം ഉറപ്പിച്ച ഗോള്‍ പിറന്നു. മൈതാനമധ്യത്തില്‍ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് കുതിച്ചു മുന്നേറിയ സുവാരസ് ഒരു പ്രതിരോധ താരത്തെയും ഗോളിയേയും കീഴടക്കി പന്ത് വലയിലേക്ക്് അടിച്ചുകയറ്റി. ഈ സീസണില്‍ സുവാരസിന്റെ ഇരുപത്തിയൊന്നാം ഗോളാണിത്.
ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് 38 മത്സരങ്ങളില്‍ 86 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് നിര്‍ണായ മത്സരത്തില്‍ വിയാ റയലിനെ ഒന്നിനെതിരെ രണ്ട്് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചു. എന്നാല്‍ അത്ലറ്റിക്കോ അവസാന മത്സരത്തില്‍ വിജയിച്ചതോടെ റയലിന്റെ കിരീട പ്രതീക്ഷ അസ്തമിച്ചിരുന്നു. 38 മത്സരങ്ങളില്‍ 84 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി.
മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ അവസാന റൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഐബറെ തോല്‍പ്പിച്ചു. 38 മത്സരങ്ങളില്‍ 79 പോയിന്റുമായി ബാഴ്സ മൂന്നാം സ്ഥാനം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: