ഇതുപോലൊരു നടന് ലോകത്തു വേറെ ഉണ്ടാകുമോ? സംശയം തോന്നും. കലാമണ്ഡലം ഗോപി എന്ന കഥകളി ആശാനെക്കുറിച്ചാണ് ഈ ചിന്ത. കഥാപാത്രങ്ങളെ തന്മയത്വത്തോടെയും ഭാവഗംഭീരമായും അവതരിപ്പിക്കുന്ന മഹാനടന്മാര് ഏതു ഭാഷയിലും ഏതുകലയിലും ഏറെയുണ്ടാകാം. പക്ഷേ, അഭിനയം മനുഷ്യ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതാണ് കഥകളിയുടെ പ്രത്യേകത. അചേതന വസ്തുക്കള്‍ അടക്കം ഏതിനേയും അവതരിപ്പിക്കാനുള്ള കടമയും അവസരവും കഥകളിയിലെ നടനുണ്ട്. അഭിനയ കലയുടെ ഇത്ര വലിയൊരു ക്യാന്‍വാസ് മറ്റൊരു കലാരൂപത്തിലും ഉണ്ടാവാനിടയില്ല. ലോകത്തുള്ള എന്തും അവിടെ കഥാപാത്രങ്ങളാകും. ആരാമ വര്‍ണനയില്‍ വൃക്ഷലതാദികളും പൂവും പൂവിലെ വണ്ടും പൂമ്പാറ്റയും ഗന്ധവും പക്ഷിജാലവും തടാകങ്ങളും കഥാപാത്രങ്ങളാവും. വനാന്തരങ്ങളും വന്യമൃഗങ്ങളും പര്‍വതങ്ങളും സമുദ്രവും യുദ്ധഭൂമിയും സ്വര്‍ഗ ലോകവും നടന്റെ മുഖഭാവങ്ങളിലൂടെയും അംഗചലനങ്ങളിലൂടെയും അരങ്ങില്‍ത്തന്നെ രൂപം കൊള്ളും. ഈ അഭിനയത്തികവിന്റെ പൂര്‍ണതയാണു ഗോപിയാശാനെ മഹാനടനാക്കുന്നത്. ഏതിനേയും അരങ്ങിലേയ്ക്കു കൊണ്ടുവരാനും, ഏതു കഥാലോകത്തേയ്ക്കും കഥാസങ്കേതങ്ങളിലേയ്ക്കും ആസ്വാദകരെ കൂടെ കൊണ്ടുപോകാനും ഉള്ള സിദ്ധി. ഒരുതരം യാത്രാനുഭവമാണ് ആശാന്റെ അരങ്ങുകള്‍ അനുവാചകനു നല്‍കുന്നത്.
കൗമാര പ്രായത്തില്‍ തുടങ്ങിയതാണ് ഗോപിയാശാനുമൊത്തുള്ള അത്തരം യാത്രകള്‍. രുഗ്മാംഗദനിലായിരുന്നു തുടക്കം. പിന്നെ, എത്രയോ കഥാപാത്രങ്ങളിലൂടെ ആശാനൊപ്പം ഉദ്യാനങ്ങളിലും വനാന്തരങ്ങളിലും ദേവലോകത്തും സഞ്ചരിച്ചു. പൂങ്കാവനങ്ങളും പര്‍വതങ്ങളും വനവും വന്യജീവികളും നദികളും പുളിനങ്ങളും സമുദ്രവും അരങ്ങില്‍ കണ്ടു. കൈലാസവും കദളീവനവും നന്ദനോദ്യാനവും വൃന്ദാവനവും കല്പവൃക്ഷവും ദേവസ്ത്രീകളും കണ്മുന്നിലെത്തി. ഒരു നിരാശ മാത്രം. വൈകുണ്ഠ ദര്‍ശനം ആ യാത്രകളില്‍ തരമായില്ല. സന്താനഗോപാലത്തില്‍ കൃഷ്ണാര്ജുനന്മാരുടെ വൈകുണ്ഠ യാത്ര വര്‍ണിക്കുന്നുണ്ടെങ്കിലും അത് ഗോപിയാശാന് അരങ്ങത്ത് ആടി കണ്ടിട്ടില്ല.
അത്തരം അരങ്ങുകളിലൂടെ മനസ്സുകൊണ്ടു തിരിച്ചൊരു യാത നടത്തുമ്പോള്‍ ഒരു സംശയം ബാക്കി നില്ക്കുന്നു. ഇപ്പറഞ്ഞതൊക്കെ ആശാന് അരങ്ങിലെ ഇത്തിരി വട്ടത്തിലേയ്ക്കു കൊണ്ടുവരുകയായിരുന്നോ? അതോ നമ്മളേയും കൂട്ടി അവിടങ്ങളിലേയ്ക്കൊക്കെ സഞ്ചരിക്കുകയായിരുന്നോ? ഒരുമിച്ചുള്ള യാത്രകളായിരുന്നു എന്നു സങ്കല്പ്പിക്കാനാണു കൂടുതല്‍ സുഖം. എങ്കില്‍ ആശാനോടൊപ്പം എത്രയോ തവണ ആ യാത്ര നടത്തിയിട്ടുണ്ട്. പക്ഷേ, ഒരിക്കലും ആവര്‍ത്തന വിരസത തോന്നിയിട്ടില്ല. വനയാത്രകള്‍ തന്നെ എത്ര കഥാപാത്രങ്ങളോടൊപ്പം എത്ര സന്ദര്‍ഭത്തില്‍! പക്ഷേ, വനത്തിന്റെ നിഗൂഢ സൗന്ദര്യം മുഖത്തു വിടരുന്നത് എപ്പോഴും സമാന സ്വഭാവത്തിലല്ലല്ലോ. അതു കഥാപാത്രങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ചു മാറും. കിരാതത്തിലെ അര്‍ജുനനും ബകവധത്തിലേയും കല്യാണ സൗഗന്ധികത്തിലേയും ഭീമനും കചദേവയാനിയില്‍ കചനും വനവര്‍ണനയുണ്ട്. പക്ഷേ, ഇവരുടെ ആ സമയത്തെ മനോഗതത്തിനനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും.
കിരാതത്തില്‍ തപസ്സിനായുള്ള യാത്രയില്‍ അര്ജുനന് കാണുന്നതിനെല്ലാം ഭക്തിയുടെ പരിവേഷമുണ്ടാകും. ഗിരിനിരകളും നദീതടങ്ങളും വനഭൂമികളും കടന്നാണല്ലോ ‘രജതഗിരി വരോപാന്ത ഗംഗാ തടം’ തപസ്സിനായി അര്ജുനന് തിരഞ്ഞെടുക്കുന്നത്. മുനിവര്യന്മാരുടെ തപസ്സുകൊണ്ടു ധന്യതയാര്‍ജിച്ച തപോവനമാണത്. ചിരവൈരികളായ കീരിയും പാമ്പും തമ്മിലും, ആനക്കുട്ടിയും സിംഹവും തമ്മിലും പോലും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഭൂമി. മഹര്‍ഷിമാരുടെ ഹോമകുണ്ഡങ്ങളിലെ അഗ്നിയില്‍ സ്വയം വന്നു പതിച്ച് ഇരട്ടി ഉണര്‍വോടും ഊര്‍ജത്തോടും കൂടി പറന്നുയരുന്ന പക്ഷിജാലത്തെ ആശാന്റെ അര്ജുനന് കാണിച്ചു തരുമ്പോള്‍ അര്ജുനനേപ്പോലെ നമ്മളും വിസ്മയിച്ചു പോകും. വെള്ളിയില്‍ തീര്‍ത്തതുപോലെ സൂര്യരശ്മിയില്‍ തിളങ്ങുന്ന കൈലാസത്തിന്റെ വര്‍ണന, കൈലാസം കയറിയ അനുഭവം മനസ്സില്‍ നിറയ്ക്കും.
ശുക്രാചാര്യരുടെ തപോവനത്തിലേയ്ക്കുള്ള കചന്റെ യാത്രയിലും ആട്ടത്തിനു സമാനതയാകാമെങ്കിലും ഭാവത്തില്‍ വ്യത്യാസം വരും. ഗൂഢോദ്ദേശ്യത്തോടെയാണ് ആ യാത്ര. അവിടെ ഭക്തിയല്ല അന്വേഷണ ബുദ്ധിയാണു കചനെ നയിക്കുന്നത്. കല്യാണ സൗഗന്ധികത്തിലെ ഭീമന് പോകുന്നതു പ്രണയിനിക്കു വേണ്ടി സൗഗന്ധികം അന്വേഷിച്ചാണ്. അവിടെ എന്തിലും കാല്പനിക ഭാവം നിറയും. ഹിമവല്‍ പര്‍വതനിരകളിലൂടെയുള്ള യാത്രയില്‍, ഗിരിശൃംഗങ്ങളെ മുത്തുമാലയണിയിക്കുന്ന കാട്ടുചോലകളും പാറക്കെട്ടുകളുടെ വിടവുകളിലൂടെ ഒലിച്ചിറങ്ങുന്ന ചായില്യം-മനയോലയും ധാതുദ്രവ്യങ്ങളും അഗ്നിശോഭയാര്ന്ന രാജകിരീടമണിഞ്ഞ ഗന്ധമാദന പര്‍വതവും യഥേഷ്ടം വിഹരിക്കുന്ന മൃഗവൃന്ദവും ആണ്-പെണ്മാനുകളുടെ സല്ലാപങ്ങളും മനസ്സിനു സുഖം പകരും. അജഗരകബളിതവും നാലു ചുറ്റിലുമായി വേടന്റെ തൊടുത്ത അമ്പിനും ചീറുന്ന സിംഹത്തിനും തീക്കുണ്ഡത്തിനും ജലപ്രവാഹത്തിനും നടുവിലകപ്പെട്ട പുര്‍ണ ഗര്‍ഭിണിയായ മാന്‍പേടയുടെ ദൈന്യവും ദൈവേച്ഛയാ എല്ലാ ദുരിതങ്ങളുമൊഴിഞ്ഞ് സുഖ പ്രസവം സാധ്യമാകുന്നതിലെ ആശ്വാസവും മനസ്സില്‍ നിന്നു മായാതെ നില്ക്കും.
ബകനെ വെല്ലുവിളിക്കാന്‍ പുറപ്പെടുന്ന ഭീമന്റെ വനവര്‍ണനയില്‍ ഘോരവനത്തിന്റെ ഭീതിദമായ ആസുരഭാവത്തിനാണു പ്രാധാന്യം. സൂര്യരശ്മി കടക്കാത്ത നിബിഡ വനം. തളംകെട്ടിനില്ക്കുന്ന നിഗൂഢതയും ഭീകരതയും. നരികളുടേയും ശവംതീനി കഴുകന്മാരുടേയും കര്‍ണകഠോരമായ ശബ്ദങ്ങള്‍. പിശാച പ്രേതാദികളുടെ അട്ടഹാസങ്ങള്‍. ജീര്‍ണിച്ച ശവങ്ങളുടെ രൂക്ഷഗന്ധം. ആകെ പേടിപ്പെടുത്തുന്ന അന്തരീക്ഷം. രോഷാഗ്നി എരിയുന്ന ഭീമന്റെ മനോനിലയ്ക്കു യോജിച്ച വര്‍ണന. കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള വനവര്ണനയുടെ ഈ വൈവിദ്ധ്യത്തിനു പൂര്‍ണത കൈവരാന്‍, ആട്ടത്തിന് അകമ്പടി നില്ക്കുന്ന മേളത്തിലും ഇതേ വൈവിദ്ധ്യം വേണമെന്നുള്ളതിനാലാവാം അക്കാര്യത്തില്‍ ആശാന് ചില നിര്‍ബന്ധബുദ്ധിയൊക്കെ കാണിക്കുന്നത്.
ദക്ഷ പ്രജാപതിയിലൂടെ കാളിന്ദീപുളിനത്തിലൂടെയും, കാലകേയവധത്തിലെ അര്ജുനനിലൂടെ സ്വര്ഗലോകത്തേയ്ക്കുമുള്ള യാത്ര. മൂന്നു തലങ്ങളായി വിളങ്ങുന്ന സ്വര്‍ഗത്തിന്റെ അധോഭാഗം കല്പവൃക്ഷത്തളിരുകളാലും പുഷ്പങ്ങളാലും നിറശോഭയാര്ന്നതായി കാണാം. രത്ന ഖചിതമായ മണിമാളികകളും ഗോപുരങ്ങളും അടങ്ങിയ മധ്യഭാഗം. ദിവ്യവിമാനങ്ങള്‍ പറന്നിറങ്ങുകയും പോവുകയും ചെയ്യുന്ന ഉപരി ഭാഗം. കല്പവൃക്ഷം, ഐരാവതം, ഉച്ചൈശ്രവസ്, ആകാശഗംഗ, ദേവസുന്ദരികള്‍… ദേവലോകമാകെ അര്‍ജുനനൊപ്പം സഞ്ചാരം. ചോദിക്കുന്നതെന്തും നല്കുന്ന കല്പവൃക്ഷത്തില് നിന്നു സമ്മാനങ്ങള്‍ വാങ്ങി അണിയുന്ന ദേവസ്ത്രീകളുടെ കോലാഹലം. മോക്ഷം പ്രാപിച്ച മഹര്ഷിമാരടക്കമുള്ള ദിവ്യാത്മാക്കള്‍ വാഴുന്ന അതിമനോഹരമായ ദിവ്യസ്ഥാനം.
ആശാന് ഏറ്റവും പ്രിയപ്പെട്ട നായകന് നളനാണെന്നു മുന്‍പു പറഞ്ഞിട്ടുണ്ട്. മനുഷ്യഗന്ധിയായ കഥാപാത്രമാണു നളന് എന്നാണ് ആശാന്റെ പക്ഷം. അതു നമ്മള് തന്നെയാണെന്നു തോന്നുന്ന സന്ദര്‍ഭങ്ങള്‍ പലതുണ്ട്. അതുകൊണ്ടാകാം മനുഷ്യജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളിലൂടേയും ദുര്ഘടഘട്ടങ്ങളിലൂടേയും ആശാന് ആ കഥാപാത്രത്തിലൂടെ നമ്മേ ഏറെ സഞ്ചരിപ്പിച്ചത്.
എത്രയെത്ര കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍. ഏതു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും സ്ഥായീഭാവം ഉടനീളം നിലനിര്‍ത്താനുള്ള പ്രത്യേകമായ ശ്രദ്ധയും കഴിവും ശ്രദ്ധേയം തന്നെ. ശാരീരിക ചലനങ്ങളേക്കുറിച്ച് ചിന്തയേ വേണ്ട എന്ന അവസ്ഥ ഈ സ്ഥായീഭാവം നിലനി
ര്ത്തുന്നതില് ആശാന് ഏറെ സഹായകമാണെന്നു തോന്നും. അത്ര കൃത്യമായി ചിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നു അവ. ആശാന് പോലും അറിയാതെ അയത്നലളിതമായി അതു സംഭവിച്ചുകൊള്ളും. ആ സിദ്ധിയെക്കുറിച്ചു ചോദിച്ചാല്‍ ആശാന് പറയും അതു ഗുരുനാഥന്റെ ശിക്ഷണവും അനുഗ്രഹവുമാണെന്ന്.
വൈവിധ്യങ്ങളിലൂടെയുള്ള യാത്രയാണ് ഗോപിയാശാന്റെ കലാജീവിതം. അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേയ്ക്കുള്ള യാത്രയില്‍ കഥാപാത്രങ്ങളില്‍ നിന്നു കഥാപാത്രത്തിലേയ്ക്കു മനസ്സിനെ പറിച്ചു നടുന്ന പ്രക്രിയ എങ്ങനെയായിരിക്കും.
അങ്ങനെയൊരു ചിന്ത വേണ്ടിവരാറില്ലെന്ന് ആശാന് തന്നെ പറഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളേയും അവയുടെ സ്ഥായീഭാവത്തേയും കുറിച്ചുള്ള ബോധം മനസ്സിലുറച്ചിട്ടുണ്ടല്ലോ. അതിനു മേലെ പുതിയതായി എന്തു ചെയ്യാമെന്നോ എങ്ങനെ കൂടുതല്‍ മിഴിവു കൊടുക്കാമെന്നോ ആണു ചിന്തിക്കാവുന്നത്. അതു മിക്കപ്പോഴും അരങ്ങില്‍ വച്ചു പെട്ടെന്നു വരുന്നതാണ്. നേരത്തേ ചിന്തിച്ചുറപ്പിച്ചാലും അരങ്ങില്‍ അങ്ങനെയാവില്ല വരുക. അതുകൊണ്ടു തന്നെ കൂട്ടു വേഷക്കാരുമായും മുന്‍ ധാരണ പതിവില്ല.
ഒന്നാം ദിവസത്തെ നളന് എന്ന റൊമാന്റിക് ഹീറോയും രണ്ടാം ദിവസത്തെ നളന്റെ രാജകീയ പ്രൗഢിയും മൂന്നിലേയും നാലിലേയും ബാഹുകന്റെ ശോകത്തില്‍ ചാലിച്ച ഭാവങ്ങളും ആശാനു നന്നായി വഴങ്ങി. രുഗ്മാംഗദന്, രൗദ്രഭീമന്‍ തുടങ്ങി വികാരം തള്ളിത്തുറന്നു വരുന്ന വേഷങ്ങളും കല്യാണസൗഗന്ധികത്തിലെ ഭീമനേയും കിര്‍മീരവധത്തിലെ ധര്മപുത്രരേയും കാലകേയവധത്തിലെ അര്‍ജുനനേയും പോലെ ചിട്ടപ്രധാന വേഷങ്ങളും ആശാന്റെ കൈയില്‍ ഭദ്രമായി.
തുടക്കം തുള്ളലിലായിരുന്നു. ആദ്യം അരങ്ങേറിയതും അതില്‍ത്തന്നെ. കൂവപ്പിള്ളില്‍ പുഷ്പകത്തു പരമേശ്വരന് നമ്പീശന്റെ ശിക്ഷണത്തിലായിരുന്നു എട്ടാം വയസ്സില്‍ അരങ്ങേറ്റം. പിന്നെ കഥകളിയിലേയ്ക്കു മാറി. വടക്കന്‍ ശൈലിയുടെ അടിത്തറയായ കല്ലുവഴിച്ചിട്ടയില്ത്തന്നെയായിരുന്നു തുടക്കം. ആദ്യ ഗുരു തേക്കിന്‍കാട്ടില്‍ രാവുണ്ണി നായര്‍. പത്താം വയസ്സില്‍ ലവണാസുരവധത്തില്‍ കുശനായി അരങ്ങേറി. പിന്നെയാണു കലാമണ്ഡലത്തിലെത്തുന്നത്. ആദ്യം പത്മനാഭന്നായര് ആശാന്റെ കളരിയിലാണു ചെന്നെത്തിയത്. കല്ലുവഴിച്ചിട്ടയുടെ പ്രയോക്താവായ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ പുത്രനും ശിഷ്യനുമാണ് അദ്ദേഹം. അരങ്ങിനേക്കാള്‍ കളരിയെ സ്നേഹിച്ച പത്മനാഭന് നായര്‍ ആശാനാണ് ആ കൊച്ചു പയ്യന്റെ മനസ്സിലും ശരീരത്തിലും കഥകളി നിറച്ചത്. പാലക്കാട് കോതച്ചിറയിലെ ഗോവിന്ദന് നായര്‍ അതോടെ കലാമണ്ഡലം ഗോപിയായി. നവരസങ്ങള്‍ വിരിയുന്ന കണ്ണുകളും മുഖവും അരങ്ങുകളുടെ സൗന്ദര്യമായി. അംഗീകാരങ്ങള്‍ പത്മശ്രീ വരെയെത്തി. ഇപ്പോള്‍ ശതാഭിഷേകത്തിന്റെ പ്രസന്നമായ വസന്തകാലത്തിലെത്തി നില്ക്കുന്നു.
ഇന്നാണു ശതാഭിഷേകം. എട്ടാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഇന്ന് എണ്പത്തിനാലാം പിറന്നാള്‍. അരങ്ങില്‍ പിന്നിട്ടത് 76 വര്‍ഷം! സപ്തതി പിന്നിട്ട അരങ്ങ് അനുഭവത്തെ കാല്‍തൊട്ടു വണങ്ങാന്‍ തുനിഞ്ഞാല്‍ ആശാന്റെ വിനയം അനുവദിക്കില്ല. ‘ഞാന്‍ അത്രയൊന്നും വലുതായിട്ടില്ല’ എന്ന ഭാവം. അതാണു ഗോപിയാശാന്. കൊറോണക്കാലം ശതാഭിഷേകത്തിനു മങ്ങലേല്പിച്ചു എന്നു വിഷമിക്കേണ്ടകാര്യമില്ല. ലോകമെങ്ങും ആശാന്റെ മനസ്സിനൊപ്പം സഞ്ചരിക്കാന്‍ എത്രയോ പേരുണ്ട് ഈ പിറന്നാള്‍ ദിനത്തില്‍.
വടക്കന്‍, തെക്കന്‍ എന്നു കഥകളി തരംതിരിക്കപ്പട്ടിരുന്ന കാലത്തായിരുന്നു ഗോപിയാശാന് കളിയരങ്ങുകളില്‍ തിളങ്ങി വന്നത്. ആ തരംതിരിവ് ഇന്ന് അത്രതന്നെ പ്രകടമല്ല. അച്ചട്ടമായ ചിട്ടകള്‍, മുദ്രക്കൈകളുടെ ഭംഗി, ചൊല്ലിയാട്ടത്തിന്റെ ചാരുതയും ചടുലതയും, അംഗചലനങ്ങളുടെ സൗകുമാര്യം തുടങ്ങിയവയ്ക്കാണു വടക്കന്‍ ശൈലിയില്‍ പ്രാധാന്യം. തെക്കന്‍ ശൈലിയില്‍ പ്രാധാന്യം അഭിനയത്തിനും. ഈ രണ്ടു പ്രത്യേകതകളും ഒരുപോലെ സംഗമിച്ച നടനാണ് കലാമണ്ഡലം ഗോപി.
ഓരോ ചലനത്തിലുമുണ്ട് കല. വേഷഭംഗിയും മുഖത്തു തെളിഞ്ഞു മിന്നുന്ന ഭാവങ്ങളും കണ്ണുകളുടെ ജീവസ്സും സൗന്ദര്യവും അതിനോടു കൈകോര്‍ത്തു. സ്വയം രൂപപ്പെടുത്തിയ ചില നാടകീയമായ നിലകളും ചലനങ്ങളും ചേര്‍ന്നപ്പോള്‍ പുതിയ മാനം കൈവന്നു. ചിട്ടകളുടേയും ചലന ഭംഗിയുടേയും കാര്യത്തില്‍ ഗോപിയാശാനുമുന്നേ സഞ്ചരിച്ചയാളാണ് അദ്ദേഹത്തിന്റെ ഗുരുനാഥനായ കലാമണ്ഡലം രാമന്‍കുട്ടി നായര്‍. അദ്ദേഹത്തിന്റെ അംഗചലനങ്ങള്‍ക്കു പക്ഷേ, കരുത്തും ഗൗരവവും കൂടും. അതു കത്തിവേഷത്തിന്റെ രാജസ ഭാവത്തിനാണു യോജിക്കുക. ഗോപി
യാശാന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതൊരു ഒഴുകുന്ന ശൈലിയാണ്. ഭാവാഭിനയത്തിലും ഗോപിയാശാനുമുന്പേ കടന്നു പോയൊരു മഹാരഥനുണ്ട്. കലാമണ്ഡലം കൃഷ്ണന് നായര്‍ ആശാന്. പൊടുന്നനെ മുഖത്തുവിരിയുന്ന ഭാവങ്ങള്‍കൊണ്ട് അദ്ദേഹം അരങ്ങു വാണിരുന്ന കാലമുണ്ടായിരുന്നു.
ഗോപി ആശാന്റെ അനുഭവത്തില്‍, നടന് എന്ന നിലയിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും? മുന്‍പ് ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ആശാന് അന്നു തന്ന മറുപടി തന്നെ കുറിക്കാം.
ഇന്ന് ഒന്നാം ദിവസത്തെ നളനെ അവതരിപ്പിച്ചാല്‍ നാളെ രുഗ്മാംഗദനെ അവതരിപ്പിക്കേണ്ടിവന്നേക്കാം. അല്ലെങ്കില്‍ ഭീമനേയോ ധര്മപുത്രരേയോ ഒക്കെ. ഇവരൊക്കെ തമ്മില്‍ സ്ഥായീഭാവത്തില്‍ വലിയ മാറ്റമുണ്ട്. അതിനനുസരിച്ച് പ്രതികരണത്തിലും ചലനങ്ങളില്‍ പോലും മാറ്റം വരും. അത് ഉള്‍ക്കൊണ്ടു പെരുമാറുക എന്നതാണു നടന്റെ ധര്‍മം. അതു നന്നായി എന്നു പറഞ്ഞു കേള്‍ക്കുന്നതാണ് ഏറ്റവും വലിയ സംതൃപ്തി. അതു തന്നെയാണ് ഏറ്റവും വലിയ ഗുരുത്വ ലക്ഷണമായി ഞാന്‍ കാണുന്നതും.
അതെ, ആ സംതൃപ്തിയാണ് ആസ്വാദകരുടേയും തൃപ്തി. അരങ്ങില്‍ ആശാന്റെ ചലന ഭംഗിയിലൂടെ പത്മനാഭന് നായര്‍ ആശാന്റെ അദൃശ്യമായ സൗമ്യ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ട്. രാമന്‍കുട്ടിനായര്‍ ആശാന്റെ നീക്കുപോക്കില്ലാത്ത ചിട്ടയുടെ കാര്‍ക്കശ്യം തെളിഞ്ഞുകാണാറുണ്ട്. കൃഷ്ണന്‍നായര്‍ ആശാന്റെ അഭിനയത്തികവിന്റെ പ്രകാശം ഞങ്ങള്‍ ആസ്വാദിക്കാറുണ്ട്.
ഗുരുത്വവും സംതൃപ്തിയും തൃശൂര്‍ പേരാമംഗലത്തെ ‘ഗുരുകൃപ’യില്‍ തുള്ളിത്തുളുമ്പി നില്‍ക്കുന്നുമുണ്ടല്ലോ. തനി വീട്ടമ്മയും ആതിഥേയയുമായി മുറപ്പെണ്ണുകൂടിയായ ഭാര്യ ചന്ദ്രികയും മക്കള്‍ ജയരാജും രഘുരാജും കുടുംബവും.
‘…..അന്യം ഗുരു കടാക്ഷാല്‍ ഒന്നു വേണമെന്നുണ്ടോ?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: