ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം ചിഞ്ചുറാണി (ക്ഷീരവികസനം, മൃഗസംരക്ഷണം)
കൊവിഡ് കാരണം ബുദ്ധിമുട്ടിലായ ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കും. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തതയ്ക്ക് പ്രവര്‍ത്തനങ്ങള്‍ തുടരും. മൃഗശാലയിലെ ജീവികള്‍ക്ക് ജീവനക്കാരില്‍നിന്നും കൊവിഡ് പകരുന്നത് തടയാന്‍ നടപടികള്‍ കൈക്കൊള്ളും. ജീവനക്കാര്‍ക്ക് കൊവിഡ് ഇല്ലെന്നുറപ്പാക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ പരിശോധന ആലോചിക്കുന്നു.
പ്രാധാന്യം കൊവിഡ് പ്രതിരോധത്തിന് കെ.എന്‍. ബാലഗോപാല്‍ (ധനം)
കൊവിഡ് പ്രതിരോധത്തിനാകും പരമ പ്രാധാന്യം. തൊഴിലില്ലായ്മ, വരുമാനക്കുറവ്, ഭക്ഷണലഭ്യത എന്നിവ പരിഹരിക്കാന്‍ ശ്രമിക്കും. അതിജീവനമാണ് സാധാരണക്കാരന്റെ ആഗ്രഹം. കേരളത്തിലും ലോകത്താകമാനവും വലിയ തോതില്‍ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. മഹാമാരി കാരണം ഗള്‍ഫില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ മടങ്ങുകയാണ്. ഇതുകാരണമുള്ള മാന്ദ്യം, തൊഴില്‍ നഷ്ടം, വായ്പകള്‍ എന്നിവ സാമ്പത്തിക സ്ഥിതി മോശമാക്കി. അവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കും.
ദേവസ്വം ബോര്‍ഡുകള്‍ പ്രതിസന്ധിയില്‍, വിശ്വാസം തകര്‍ക്കില്ല: കെ.രാധാകൃഷ്ണന്(ദേവസ്വം)
ശബരിമല പ്രശ്നത്തില്‍ കോടതി വിധിയനുസരിച്ചാകും തീരുമാനം. വിശ്വാസം തകര്‍ക്കുന്ന നിലപാട് സര്‍ക്കാരിനില്ല. വിധി വന്നശേഷം എല്ലാവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. 2018 മുതല്‍ ക്ഷേത്രങ്ങളില്‍ വരുമാനം കുറവാണ്. ഇത് ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ പെന്‍ഷനെയും ബാധിക്കുന്നു. ബോര്‍ഡുകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കും. ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമം: ഡോ.ആര്. ബിന്ദു (ഉന്നത വിദ്യാഭ്യാസം)
ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ആദ്യ ശ്രമം. സര്‍വകലാശാലകളുടേയും കോളേജുകളുടേയും പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ വേണം. അധ്യാപന രംഗത്തെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവ്ക്കാനാകും. പ്രതീക്ഷയുണ്ട്.
ജലഗതാഗത സൗകര്യംവിപുലപ്പെടുത്തും: ആന്റണി രാജു (ഗതാഗതം)
ജലഗതാഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ പദ്ധതികള്‍ തയ്യാറാക്കും. ചെലവു കുറഞ്ഞ യാത്രാ ഉപാധിയായി ജലഗതാഗതത്തെ മാറ്റും. റോഡപകടങ്ങള്‍ കുറയ്ക്കും. ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. ചരക്കു നീക്കം ജലമാര്ഗമാക്കുന്നതിന്റെ സാധ്യതകള്‍ വിലയിരുത്തും. ജലപാതകളുടെ പുരോഗതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് വകുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയുണ്ടാക്കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നമുണ്ട്. കെ സ്വിഫ്റ്റ് രൂപീകരണമടക്കം എല്ലാവരുമായി ചര്‍ച്ച നടത്തും. മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കും.
കര്‍ഷകര്‍ക്ക് പിന്തുണയും പിന്‍ബലവും നല്‍കും: പി. പ്രസാദ് (കൃഷി)
കര്‍ഷകര്‍ക്ക് പിന്തുണയും പിന്‍ബലവും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പാക്കും. കൃഷിക്ക് പ്രധാന്യം കൊടുക്കുക എന്നത് ജീവിതത്തിന് പ്രാധാന്യം നല്‍കുന്നത് പോലെയാണ്. ആരോഗ്യമാണ് വലിയ സമ്പത്ത്. വിഷമല്ലാത്ത ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കൃഷി കൊണ്ടുവരും. കാര്‍ഷികവൃത്തിയേയും കര്‍ഷകരേയും പുച്ഛത്തോടെ കണ്ടതോടെയാണ് നമ്മുടെ ദുരിതം ആരംഭിച്ചത്. കഞ്ഞിക്കുഴിയുടെ ജൈവകര്‍ഷക സംസ്കൃതിയെ ഉയര്‍ത്തിക്കൊണ്ടുവരും.
പൊതുവിതരണ മേഖല ശക്തമാക്കും: ജി.ആര്. അനില്‍ (ഭക്ഷ്യം)
പൊതു വിതരണ മേഖല ശക്തമാക്കും. വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി വരുന്നതേയുള്ളൂ. അനാഥാലയങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജൂവനൈല്‍ ഹോമുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: