കൊല്ലം: കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. തന്ത്രപ്രധാനമായ ചുമതലയായ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണിത്.
സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. തമിഴ്നാട്ടില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ചെന്ന സംശയത്തില്‍ പുനലൂര്‍ സ്വദേശിയുള്‍പ്പടെ രണ്ട് പേരെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യുപിയില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് ഈ വിവരം തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചത്. തൊട്ടുപിന്നാലെ ക്യൂബ്രാഞ്ച് കേരളാപോലീസിന് വിവരം കൈമാറി. പിടിയിലായവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നായിരുന്നു ക്യൂ ബ്രാഞ്ചിന്റെ ആവശ്യം. ഇതിന് നിയോഗിക്കപ്പെട്ട കേരളാ പോലീസിലെ ഉദ്യോഗസ്ഥനാണ് ദേശവിരുദ്ധ ശക്തികളുമായി ഒത്തുകളിച്ചത്.
പിടിയിലായവര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ടും ഇയാള്‍ നല്‍കിയിരുന്നു. തൊട്ടുപിന്നാലെ ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇന്റലിജന്‍സ് തെളിവുകള്‍ കിട്ടിയത്. ഇതോടെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് മുഖം രക്ഷിച്ചു. ഔദ്യോഗിക ഫോണിലെയും പേഴ്സണല്‍ ഫോണിലെയും ഫോണ്‍കോള്‍ വിശദാംശങ്ങളില്‍ നിന്ന് വഴിവിട്ട സൗഹൃദങ്ങളുടെ തെളിവുകള്‍ ലഭിക്കുകയും തീവ്രസ്വഭാവമുള്ള ചില സംഘടനാനേതാക്കളുടെ വാഹനങ്ങളും അവരുടെ സഹായങ്ങളും ഡിവൈഎസ്പി
യാകും മുമ്പും അതിന് ശേഷവും പല ഘട്ടത്തിലും ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നപ്പോഴും പക്ഷപാതപരമായ നിലപാടുകള്‍ക്കും സമീപനങ്ങള്‍ക്കും മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേരളാ പോലീസില്‍ നിന്ന് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നത് കേന്ദ്ര ഇന്റലിജന്‍സ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര ഇന്റലിജന്‍സും തമിഴ്നാട് ക്യൂ ബ്രാഞ്ചും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: