തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും കൃത്യമായി അജണ്ട നടപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് വകുപ്പു വിഭജനത്തിലും പതിവുതെറ്റിച്ചില്ല. വകുപ്പ് രൂപീകൃതമായതു മുതല്‍ ഇതുവരെ മുസ്ലീം സമുദായത്തിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പ് ഏറ്റെടുത്തതിനു പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഒരേ സമയം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ നേരിട്ട് നിയന്ത്രിക്കാം. വകുപ്പ് നടപടികളുടെ നേട്ടം തനിക്കും പാര്‍ട്ടിക്കും അനുകൂലമാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മരുമകന്റെ രാഷ്ട്രീയ ഭാവിക്കും ന്യൂനപക്ഷക്ഷേമം താന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുണകരമാണ് എന്നതാണ് തീരുമാനത്തിന് പിന്നില്‍.
ന്യൂനപക്ഷക്ഷേമ വകുപ്പ് ആദ്യം കൈകാര്യം ചെയ്തത് പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മഞ്ഞളാംകുഴി അലിയായി. കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി. ജലീലാണ് ഇത് കൈകാര്യം ചെയ്തത്.
മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രം വകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി അതിരൂപത പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നായിരുന്നു സഭകളുടെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യന്‍ സംഘടനകള്‍ ഇതടക്കം ആവശ്യങ്ങളുന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയ പിണറായി വിജയന്, സഭകള്‍ ആവശ്യപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കുകയും മന്ത്രിസ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു.
വിവിധ മതസംഘടനകളുമായും മതനേതാക്കളുമായി നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ഗുണം ഇതിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജലീലിനെ ഒഴിവാക്കി ചില മുസ്ലിംസംഘടനകളുമായി പിണറായി വിജയന് രഹസ്യചര്‍ച്ച നടത്തിയ സാഹചര്യം വരെയുണ്ടായി. 2019 ല്‍ തലസ്ഥാനത്ത് നടന്ന ഒരു ചര്‍ച്ചയില്‍ രാത്രി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പോലീസ് വാഹനത്തിലായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയ്ക്കെത്തിയത്. ന്യൂനപക്ഷ വകുപ്പ് കൈയിലുണ്ടെങ്കില്‍ ഇനി രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കും മറ്റ് സുപ്രധാന ചര്‍ച്ചകള്‍ക്കും ഇത്തരം മറയുടെ ആവശ്യമില്ല. മുസ്ലിം, ക്രിസ്ത്യന്‍ നേതൃത്വങ്ങള്‍ക്കിടയിലെ ഭിന്നതയില്‍ താന്‍ ഇടപെട്ട് പരിഹാരം കണ്ടാല്‍ ഇരുവിഭാഗങ്ങളിലുംപെട്ട ഭൂരിപക്ഷം പേരെയും തനിക്കും പാര്‍ട്ടിക്കുമൊപ്പം അണിചേര്‍ക്കാമെന്ന ലക്ഷ്യം കൂടി പിണറായിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: