മുംബൈ: അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശി അര്ജുന്, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന് എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. വടക്കാഞ്ചേരി പുതുരുത്തി നെയ്യംപടി മുനപ്പി വീട്ടില്‍ തങ്കപ്പന്റെ മകനാണ് അര്ജുന് (38). ഒഎന്‍ജിസി ജീവനക്കാരനായ അര്ജുന് ഒന്നര മാസം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്. അമ്മ: ചന്ദ്രിക. ആലപ്പുഴ സ്വദേശിയായ ആതിരയുമായി ഒന്നര വര്‍ഷം മുന്‍പാണ് വിവാഹം കഴിഞ്ഞത്. കൊല്ലം ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയ്ലില്‍ മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ് ആന്റണി എഡ്വിന് (27). രണ്ട് വര്‍ഷമായി ആഫ്കോണ്‍ കമ്പനിയിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ചാര്‍ളി, ഡാനി.
കല്പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിന് ഇസ്മയില്‍, വയനാട് വടുവന്‍ചാല്‍ സ്വദേശി സുമേഷ് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വടുവന്‍ചാല്‍ മേലേവെള്ളേരി സുധാകരന്, ദേവയാനി ദമ്പതികളുടെ മകനാണ് സുമേഷ്(31) ദല്‍ഹി ബോസ്റ്റഡ് കണ്ട്രോള് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ദൃശ്യ. സഹോദരന്: സുഭാഷ്.
ബാര്‍ജിലുണ്ടായിരുന്ന 30 മലയാളികളില്‍ 22 പേരെ രക്ഷപ്പെടുത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂന്നു ബാര്‍ജുകളും സാഗര്‍ ഭൂഷണ് എന്ന ഓയില്‍ റിഗ്ഗിലെ (എണ്ണക്കിണര്‍) ഡ്രില്ലിങ് ഷിപ്പുമാണു കഴിഞ്ഞ തിങ്കളാഴ്ച ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിയത്. എന്നാല്‍, പി 305 ബാര്‍ജിലുള്ളവര്‍ മാത്രമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലുണ്ടായിരുന്ന 261 ജീവനക്കാരില്‍ 186 പേരെ നാവികസേന രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: