തിരുവനന്തപുരം: ദാരിദ്ര്യത്തില്‍ നിന്ന് അതിദാരിദ്ര്യത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതം. അതി ദാരിദ്ര്യ ലഘൂകരണ സര്‍വേ നടത്തുമെന്ന പ്രഖ്യാപനം അതാണ് വ്യക്തമാക്കുന്നത്. ഈ നിലയിലേയ്ക്ക് കേരളത്തെ കൂപ്പുകുത്തിച്ചത് 64 വര്‍ഷത്തെ ഇടത്-വലത് ഭരണം.
അതിദാരിദ്ര്യ ലഘൂകരണം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സര്‍വേ നടത്തും. ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കും. ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയതും മുഖ്യമന്ത്രിയാണ്. അതിദാരിദ്ര്യം ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെ കഴിഞ്ഞ ഭരണത്തില്‍ ജനക്ഷേമ പദ്ധതികളെന്ന് പ്രഖ്യാപിച്ചവയൊന്നും ഫലം കണ്ടില്ലെന്നതിന്റെ കുറ്റസമ്മതമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2016ല്‍ അധികാരത്തില്‍ എത്തിയ ഒന്നാം പിണറായി സര്‍ക്കാര്‍, ദാരിദ്ര്യം തുടച്ചുനീക്കും എന്നാണ് അവകാശപ്പെട്ടത്. ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അര്‍ഥം. അതി ദാരിദ്ര്യത്തിലേക്ക് ഇടതു സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ തള്ളിവിടുകയായിരുന്നു എന്നും വ്യക്തമായി. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളിലെ വികസനമാണ് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സര്‍വേ പ്രഖ്യാപനത്തിലൂടെ, ഈ മൂന്ന് മേഖലകളില്‍ വികസനത്തിനാവശ്യമായ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും വ്യക്തമായി.
തൊഴില്‍ നല്കി സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുമ്പോഴാണ് ദരിദ്ര്യ നിര്‍മാര്‍ജനം ഫലപ്രാപ്തിയിലെത്തുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ലക്ഷണക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന അവകാശവാദവും കൊട്ടിഘോഷിച്ച പദ്ധതികളും ഇതിന് പര്യാപ്തമായിരുന്നില്ലെന്നും സര്‍വേ പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയാണ് കുടുംബശ്രീ. ഇതിനായി കോടിക്കണക്കിന് രൂപ മാറ്റിവയ്ക്കുകയും ചെയ്തു. ഇതും ഫലവത്തായിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. അഗതികളെയും ദരിദ്ര കുടുംബത്തെയും കണ്ടെത്തി ദാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും പാവപ്പെട്ടവരും അഗതികളും ആരെന്ന് കണ്ടെത്താന്‍ പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ക്ക് ആയില്ലേ എന്ന ചോദ്യവും ഉയരുന്നു. 1957 ലെ ഇഎംഎസ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നാണ് ഓരോ ഇടത് സര്‍ക്കാരുകള്‍ അധികാരം ഏല്ക്കുമ്പോഴും അവകാശവാദം ഉന്നയിക്കുന്നത്. ഇത്തവണയും അതുണ്ടായി. എന്നാല്‍ 1957ലെ ഇഎംഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം മുതല്‍ പിണറായി സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം വരെയുള്ളവയ്ക്ക് ദാരിദ്ര്യത്തിന് തടയിടാനായില്ലെന്ന തുറന്ന് പറച്ചില്കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: