Categories: Samskriti

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

കേരളത്തിന്റെ തുറമുഖനഗരമായ വിഴിഞ്ഞത്ത് സാമാന്യം വലിയൊരു തോടുണ്ട്. അതാണ് ഗംഗയാര്‍. ഈ തോട്ടിന്‍കരയിലെ മാര്‍ത്താണ്ഡന്‍കുളത്തിനോട ് ചേര്‍ന്നാണ് പൗര്‍ണമിദേവി വാഴുന്നപ്രശസ്തമായ പൗര്‍ണമികാവ്. വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ചാവടിനടയിലാണ് ഈ കാവും കുളവും. മാസത്തിലൊരിക്കല്‍ പൗര്‍ണമിനാളില്‍ മാത്രം നട തുറക്കുന്ന കാവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  പതിനായിരക്കണക്കിന് ഭക്തരാണ് നടതുറപ്പിന് എത്താറുള്ളത്.  

വിദ്യ, ധനം, തൊഴില്‍, വാണിജ്യം, യുദ്ധം എന്നിങ്ങനെ അഞ്ചു ഭാവങ്ങളില്‍ അനുഗ്രഹം വര്‍ഷിക്കുന്ന പൗര്‍ണമീദേവി ഭക്തര്‍ക്ക് ‘പടകാളിയമ്മ’യാണ്.  ഏതു മഹാമാരിയെയും ശമിപ്പിക്കാന്‍ പടകാളിയമ്മയെ മനമുരുകി പ്രാര്‍ഥിച്ചാല്‍ മതിയത്രേ. അതുകൊണ്ട് തന്നെ ഈ മഹാമാരിക്കാലത്ത് ക്ഷേത്രത്തിലെ ദേവീചൈതന്യത്തിന് പ്രാധാന്യമേറുന്നു.  

ഐതിഹ്യവും ചരിത്രവും ഇഴചേരുന്ന പൗര്‍ണമിക്കാവിന് പ്രതാപമാര്‍ന്നൊരു ഭൂതകാലമുണ്ട്.  

ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തോടെ യദുകുലം നശിച്ചു. ദ്വാരക വെള്ളത്തിനടിയിലായി.  അതിനുശേഷം ചിലരെങ്കിലും അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവരില്‍ നിന്ന് പ്രയോജനമുണ്ടായത് മലയാളക്കരയ്‌ക്കാണ്.  ദ്വാരകയില്‍ നിന്ന് ഭഗവാന്റ വിഗ്രഹംഗുരുവും വായുവും കൂടെ കൊണ്ടിങ്ങുതന്നു. അത് വാതയലേശന്‍! മലയാളിക്കത് ഐശ്വര്യവും അഹങ്കാരവുമായി.  

ബുദ്ധിമാന്മാരും യുദ്ധനിപുണരുമായ ഒട്ടനവധി കൃഷ്ണവര്‍ഗക്കാരും (യാദവര്‍) ഇങ്ങ് മലയാളത്തിലെത്തി. അവരില്‍ രാജാക്കന്മാര്‍ തുടങ്ങി സാധാരണ കര്‍ഷകര്‍വരെയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ അവരെ അറിയപ്പെട്ടിരുന്നത് ‘കൃഷണന്‍ വകക്കാര്‍’ എന്നാണ്. ഈ കൃഷ്ണന്‍ വകക്കാര്‍ കന്യാകുമാരി ജില്ലയിലെ പത്മനാഭ

പുരം, തക്കല, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ ഇപ്പോഴുമുണ്ട്.  

വേണാടിന്റെ പഴയ രൂപമായ ‘ആയ്’ രാജ്യം ഭരിച്ചിരുന്ന ആയ് രാജാക്കന്മാര്‍ കൃഷ്ണന്‍ വകക്കാരായ യാദവരായിരുന്നു. വിഴിഞ്ഞം തലസ്ഥാനമാക്കി അവര്‍ ഭരിച്ചു. ആയ് രാജാക്കന്മാരുടെ പൂര്‍വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ് പൗര്‍ണമിദേവി.

ആയ് രാജാക്കന്മാര്‍ ആയോധന കലയില്‍ അതിനിപുണരായിരുന്നു. അവരില്‍ കരുണാടാണ്ടകന്‍, വരഗുണന്‍ എന്നീ രാജാക്കന്മാര്‍ അതി പ്രശസതരായിരുന്നു. പൗരാണികമായ പല  ക്ഷേത്രങ്ങളും ഇവര്‍ പണികഴിപ്പിച്ചതാണ്.

ആയ് രാജവംശത്തിനുശേഷം  പിന്തുടര്‍ച്ചക്കാരെന്നോണം വേണാടും തിരുവിതാംകൂറുമൊക്കെയായി നമ്മള്‍ മാറി. വിഴിഞ്ഞത്തിനുശേഷം പത്മനാഭപുരവും കഴിഞ്ഞാണ് തിരുവനന്തപുരം തലസ്ഥാനമായത്.

ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരം വയലും ചതുപ്പുമായിരുന്നിരിക്കണം.

.പത്മനാഭസ്വാമി ക്ഷേത്രത്തിലെ  പുത്തരി നിറയ്‌ക്കും സദ്യക്കുമുള്ള നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നത് പത്മനാഭന്റെ (കിഴക്കേകോട്ട) മുന്നിലെ വയലുകളില്‍ നിന്നായിരുന്നു. അങ്ങനെ ആ വയലുകള്‍ ‘പുത്തരികണ്ട’മായി.തലസ്ഥാനം തിരുവനന്തപുരത്തായപ്പോള്‍ പുത്തരിക്കണ്ടം മൈതാനവുമായി.

ഒരു തുറമുഖത്തിനുവേണ്ടതെല്ലാം വിഴിഞ്ഞത്തുണ്ടായിരുന്നു. തുറമുഖവും കപ്പല്‍ ശാലയുമെല്ലാം. കപ്പലുകളുടെ അറ്റകുറ്റപണികള്‍ വിഴിഞ്ഞത്ത് നടത്തിയിരുന്നത്രെ.  

ആയ് രാജാക്കന്മാരുടെ പൂര്‍വ്വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ അവര്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ്  പൗര്‍ണമീദേവി.

തമിഴ് മലയാള വാസ്തു വിദ്യകളുടെ സമഞ്ജസമായൊരു മനോഹര ക്ഷേത്രമാണ് പൗര്‍ണമിക്കാവ്. തഞ്ചാവൂരുകാരായ ശില്‍പ്പികള്‍ നിര്‍മ്മിച്ച പതിനഞ്ച് അടി പൊക്കമുള്ള ഹനുമാന്‍, ലക്ഷ്മി ഗണപതി, പഞ്ചമുഖ ഗണപതി, ഹാലാസ്യ ശിവന്‍, ഒറ്റക്കല്ലില്‍ പണികഴിപ്പിച്ച ഏറ്റവും വലിയ നാഗരാജവിഗ്രഹം, രക്തചാമുണ്ഡിദേവിയുടെ ആരേയും വിസ്മയിപ്പിക്കുന്ന ചുവര്‍ചിത്രം എന്നിവ ഈ കാവിലുണ്ട്.

കുട്ടികളില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ സന്താനഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. അതിന് അനുഭവസാക്ഷ്യങ്ങളും ഒരുപാടുണ്ട്. പൂഞ്ഞാര്‍ രാജകുടുംബത്തിലെ മിത്രന്‍നമ്പൂതിരിപ്പാടാണ് കാവിലെ തന്ത്രി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക