സന്തോഷ് മാത്യു
കൊവിഡ് വാക്സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെ വിവാദങ്ങളും ഉയരുകയാണ്. തീരുമാനത്തെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയന് രംഗത്തെത്തിയെങ്കിലും അംഗരാജ്യങ്ങള്‍ പലതും ഇപ്പോളും വിമുഖതയിലാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് ജര്‍മനിയും സ്വിറ്റസര്ലണ്ടുമെല്ലാം. എന്നാല്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. ജര്‍മനി, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല. കോടിക്കണക്കിന് ഡോസ് വാക്സിന് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തില്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കും എന്നു ചൂണ്ടിക്കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകവ്യാപാര സംഘടനയ്ക്കു സമര്‍പ്പിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്തത്. കഴിഞ്ഞ വര്‍ഷം ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് പേറ്റന്റ് ഇളവ് ആവശ്യപ്പെട്ടത്. അന്ന് അറുപതോളം അംഗരാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ഫാര്‍മ കമ്പനികളും ട്രംപ് ഭരണകൂടവും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ശക്തമായി എതിര്‍ത്തിരുന്നു.
ലോകവ്യാപാര സംഘടനയിലെ 164 അംഗരാജ്യങ്ങളില്‍ 100 രാജ്യങ്ങള്‍ ഇപ്പോള്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച സമിതി ജൂണില്‍ വിഷയം പരിഗണിക്കും. അത് കഴിഞ്ഞേ അവര്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും മറ്റും ലോക വ്യാപാര സംഘടനയില്‍ പൊതിയാ തേങ്ങയായി തുടരുക തന്നെയാണ്.കോപ്പി റൈറ്റ്, പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ട്രേഡ് സീക്രട്, ഭൗമ സൂചിക, സോഫ്റ്റ്വെയര് തുടങ്ങിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രിപ്സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയില്‍ ഉണ്ട്. എന്നാല്‍ ഇതെല്ലം വികസിത രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.
ബൈഡന്റെ പ്രഖ്യാപനം ബൗദ്ധികസ്വത്തവകാശത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി മരുന്നു കമ്പനികളും അമേരിക്കന്‍ ചേംബഴ്സ് ഓഫ് കൊമേഴ്സും തീരുമാനത്തെ എതിര്‍ത്തിരിക്കുന്നു. അസാധാരണ സമയത്ത് അസാധാരണ നടപടിയാണിതെന്ന് യു.എസ്. വ്യാപാര പ്രതിനിധി കാതറിന് തായ് ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉല്പന്നത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഭാഗമാണ് പേറ്റന്റ്. നൂതനമായ ഒരു കണ്ടുപിടിത്തത്തെ ഒരു പ്രത്യേക കാലയളവില്‍ വ്യാവസായികമായും വാണിജ്യപരമായും ഉല്പാദിപ്പിക്കാനും ഉപയോഗിക്കുവാനും നിയമപരമായി നല്കുന്ന അവകാശമാണിത്. ഉല്പന്നത്തിന്റെ നിര്‍മാണം, വില്പന,ഉപയോഗം തുടങ്ങിയവ പേറ്റന്റ് പരിധിയില്‍ വരും. പേറ്റന്റ് കാലാവധി കഴിയുമ്പോള്‍ ഈ ഉല്പന്നം മറ്റേത് സ്ഥാപനത്തിനും നിര്‍മിക്കാം. ഇന്ത്യയില്‍ പേറ്റന്റ് അവകാശം 20 വര്‍ഷത്തേക്കാണ്. വാക്സിന് പേറ്റന്റ് മുക്തമാക്കുമെന്നത് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വാഗ്ദാനമായിരുന്നു. കോവിഡ് മഹാമാരി ആഗോള ആരോഗ്യപ്രതിസന്ധിയാണെന്നും അസാധാരണകാലത്ത് അസാധാരണ നടപടി വേണമെന്നും വൈറ്റ്ഹൗസ് പറയുന്നുണ്ടെങ്കിലും വാക്സിന് നിര്‍മാണ കമ്പനികള്‍ പ്രതിഷേധത്തില്‍ തന്നെയാണ്. അമേരിക്കന്‍ ഫാര്മസ്യൂട്ടിക്കല്ബയോടെക്നോളജി കമ്പനിയായ മൊഡേണ, ലോകത്തെ വന്‍കിട ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ഫൈസര്‍ തുടങ്ങിയ കമ്പനികളുടെ എതിര്‍പ്പ് തള്ളിയാണ് വാക്സിന്റെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കിയത്.
ഭൂരിപക്ഷം മരുന്നുകമ്പനികളുടെയും ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയനുമാണ് പേറ്റന്റ് ഇളവിനെതിരെ പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഈ നടപടി ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ലെന്നും വാക്സിന് ഗവേഷണപദ്ധതികളെ ദുര്‍ബലമാക്കുമെന്നുമാണ് അവരുടെ വാദം. എന്നാല്‍ ബൈഡന്റെ തീരുമാനം മൂലം വാക്സിന് കിട്ടാന്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങളിലേക്ക് സാങ്കേതികവിദ്യാ വിനിമയം നടക്കും. കൂടുതല്‍ കമ്പനികള്‍ വരുന്നതോടെ ലഭ്യത വര്‍ധിക്കുകയും വില കുറയുകയും ചെയ്യും. കോവിഡ് വാക്സിനുകള്‍ക്കു പേറ്റന്റ് നിലവിലില്ല. പകരം ബൗദ്ധിക സ്വത്തവകാശം ‘ട്രേഡ് സീക്രട്ട്’ ആയിട്ടാണു സംരക്ഷിക്കപ്പെടുന്നത്. ട്രേഡ് സീക്രട്ട് എന്നു പറയുമ്പോള്‍ വാക്സിന് ഉല്പാദനത്തിന്റെ ഫോര്‍മുല, എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഉല്പാദനത്തിന്റെ ഫോര്‍മുല, ഉല്പാദന പ്രോട്ടോകോള്‍, ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ എന്നിവയെല്ലാം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ ഡ്രഗ് കണ്ട്രോള് അതോറിറ്റിക്ക് ഫയല്‍ ചെയ്യുകയും ആ വിവരങ്ങള്‍ അതോറിറ്റികള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുകയാണു പതിവ് (ഡാറ്റാ പ്രൊട്ടക്ഷന്‍). ഈ ഡാറ്റാ പ്രൊട്ടക്ഷന്‍ രീതിയില്‍ ഇളവു നല്‍കിയാണു ലോക വ്യാപാരസംഘടനയ്ക്ക് കൂടുതല്‍ ഉല്പാദകര്ക്കു ലൈസന്‍സ് കൊടുക്കാന്‍ സാധിക്കുക. വാക്സിനു മേലുള്ള ബൗദ്ധിക സ്വത്തവകാശം പൂര്‍ണമായും ഒഴിവാക്കുന്നതിനു പകരം ഉപാധികളോടെയുള്ള ഒഴിവാക്കലാണ് (Conditional Waiver) ഇക്കാര്യത്തില്‍ അഭികാമ്യം. വാക്സിന് ഗവേഷണത്തിനായി കമ്പനികള്‍ നടത്തിയ പ്രയത്നത്തെ വിലകുറച്ചു കാണാന്‍ കഴിയില്ല. യുഎസ് തീരുമാനത്തിനെതിരെ കമ്പനികള്‍ പ്രതിഷേധിക്കുന്നതും അവരുടെ അധ്വാനത്തെ മതിക്കാത്തത് കൊണ്ടാണ്.
ഓരോ രാജ്യവും അവരുടെ ശേഷിക്കനുസരിച്ച് ഉചിതമായ റോയല്‍റ്റി തുക കമ്പനികള്‍ക്കു നല്കി സാങ്കേതികവിദ്യാവിനിമയം (Technology Transfer) നടത്തുന്നതായിരിക്കും കൂടുതല്‍ പ്രായോഗികം എന്നൊരു വാദവുമുണ്ട്. ലോക വ്യാപാര സംഘടനയുടെ ഈ തീരുമാനം കൊണ്ട്, ഭാവിയില്‍ മറ്റൊരു വൈറസ് വന്നാല്‍ കമ്പനികള്‍ക്കു ഗവേഷണം നടത്താനുള്ള പ്രചോദനം ഇല്ലാതായേക്കാം എന്നൊരു വിമര്‍ശനവും ഉണ്ട്.
എന്നാല്‍ ഇതിനെല്ലാമുപരി വാക്സിന് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ വിദേശരാജ്യങ്ങളില്‍നിന്നു കൊണ്ടുവരാന്‍ വ്യാപാര ഉദാരവല്ക്കരണവും ആവശ്യമാണ്.
സമ്പന്ന രാജ്യങ്ങള്‍ വാക്സിന് നിര്‍മ്മിച്ച് സ്വന്തം പൗരന്മാര്ക്ക് മുന്‍ഗണന നല്കുന്നു. ലോകത്തെ മൊത്തം വാക്സിന്റെ 0.3 ശതമാനം മാത്രമാണ് ദരിദ്ര രാജ്യങ്ങള്‍ക്ക് കിട്ടിയത്. അമേരിക്ക അവരുടെ മൊത്തം ജനങ്ങള്‍ക്കും ആവശ്യമായ വാക്സിന് സംഭരിച്ചു കഴിഞ്ഞു-ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടനയുടെ നിരീക്ഷണമാണിത്. ഇതിന്റെ പശ്ചാത്തലത്തില്‍ വേണം ഇപ്പോളത്തെ പേറ്റന്റ് വിവാദത്തെയും പരിശോധിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: