തിരുവനന്തപുരം: പ്രതികൂല സാഹചര്യത്തിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിയെ അയച്ചതോടെ വ്യക്തമായ സന്ദേശമാണ് മമത മുന്നോട്ടുവെയ്ച്ചിക്കുന്നത്. താന്‍ നയിക്കുന്ന മൂന്നാം ചേരിയില്‍ പിണറായിയെക്കൂടെ ഉള്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യം. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും ബംഗാളില്‍ നിന്നും മാത്രമാണ് ക്ഷണം സ്വീകരിച്ച് പ്രതിനിധികള്‍ എത്തിയത്. മമതയ്ക്ക് വേണ്ടി വിശ്വസ്തന് തൃണമൂല്‍ എം.പി കാകോലി ഘോഷ് ദസ്തദറാണ് പങ്കെടുത്തത്.
മമതയ്ക്കൊപ്പം നില്ക്കാന് പിണറായി തയാറെടുക്കുമ്പോള്‍ നിര്‍ണായകമായി നോക്കിക്കാണേണ്ടത് സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിലപാടാണ്. ബംഗാളില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഘോഷമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ നരനായാട്ടിന് ഇരയായവരില്‍ സിപിഎം പ്രവര്‍ത്തകരുമുണ്ട്. മമതയുടെ നേതൃത്വത്തിലുള്ള അക്രമം ചെറുക്കാന്‍ അവിടെയുള്ള പ്രവര്‍ത്തകര്‍ രക്ഷതേടിയത് ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലേയ്ക്കാണ്. ബംഗാളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന എന്ന വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയായിരുന്നു.
പിണറായി വിജയന് എന്ന പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയ്ക്കുമപ്പുറം അഭിപ്രായങ്ങള്‍ പറയാന്‍ പ്രാപ്തിയില്ലാത്തവരായി കേന്ദ്രനേതൃത്വം മാറി. കെകെ ശൈലജയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ ഇത് വ്യക്തമായിരുന്നു. വീണ്ടുമൊരു അവസരം നല്‍കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടേയും പിബി അംഗം ബൃന്ദാ കാരാട്ടിന്റേയും പ്രസ്താവനകള്‍ വെറും അഭിപ്രായ പ്രകടനങ്ങളായി മാറി.
പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നിലപാടുകള്‍ക്കുമപ്പുറം പിണറായി വിജയന് എത്രത്തോളം പറക്കും എന്നാണ് ഇനി നോക്കിക്കാണേണ്ടത്. സര്‍ക്കാരില്‍ തന്റെ വിശ്വസ്തര്‍ക്കെല്ലാം സ്ഥാനം നല്‍കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ നില അത്ര സുരക്ഷിതമല്ല. വെട്ടി നിരത്തിയവരും മാറ്റി നിര്‍ത്തപ്പെട്ടവരും കണ്ണൂര്‍ ലോബിയും ഉള്‍പ്പെടെ എതിര് സ്വരങ്ങള്‍ പിണറായിക്കെതിരെ എങ്ങനെ നീങ്ങുമെന്നാണ് നോക്കിക്കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: