കോഴിക്കോട്: നാളികേര ഉത്പാദനം വര്‍ദ്ധിച്ചെങ്കിലും വിലയിടിവ് കര്‍ഷകരെ വലയ്ക്കുന്നു. കേരളത്തില്‍ നിന്ന് സംഭരിക്കുന്ന തേങ്ങ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് സംസ്കരിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് തേങ്ങയുടെ വില നിശ്ചയിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തേങ്ങ ഇറക്കുമതി കുറയ്ക്കുകയും, കോഴിക്കോട് കേന്ദ്രീകരിച്ച് നാളികേര സംസ്കരണ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്താല്‍ നാളികേരത്തിന്റെ താങ്ങുവില നിശ്ചയിക്കാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
നിലവില്‍ നാളികേരത്തിന് ചില്ലറ വില്പന വില 40ലെത്തി. നേരത്തെ വില ഉയര്‍ന്ന് 58 വരെയെത്തിയിരുന്നു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തെങ്ങുകയറ്റക്കൂലി ഒരു തെങ്ങിന് 40-50 രൂപയാണ്. ചെലവു കഴിഞ്ഞാല്‍ ഒരു തേങ്ങയില്‍ നിന്ന് കര്‍ഷകനുള്ള വരുമാനം 20-30 രൂപ മാത്രമായി. ഇതോടെ കര്‍ഷകര്‍ക്ക് തെങ്ങുകളുടെ പരിപാലനത്തിനുപോലും ആവശ്യത്തിനു പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്.
തേങ്ങ കൊപ്രയാക്കുന്നതിനുള്ള ചിലവ് കുറവാണെന്നതാണ് നാളികേര വിപണി തമിഴ്നാട്ടിലേക്ക് മാറാന്‍ കാരണം. കേരളത്തില്‍ 100 തേങ്ങ കൊപ്രയാക്കുമ്പോള്‍ ചെലവ് ഏകദേശം 200 രൂപയാണ്. തമിഴ്നാട്ടില്‍ ഇത് 50 രൂപയാണെന്നു കച്ചവടക്കാര്‍ പറയുന്നു. വന്‍കിട കമ്പനികള്‍ വന്‍തോതില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വെളിച്ചെണ്ണ ഇറക്കുമതി നടത്തുന്നുണ്ട്. ഇതും നാളികേര വിലയെ ബാധിച്ചിട്ടുണ്ട്.
മഴക്കാലമെത്തിയതോടെ കൃഷി പണി ആരംഭിക്കേണ്ട സമയമായി. വിളവിന് വില ലഭിക്കാതെ വന്നതോടെ വളം വാങ്ങാനും കര്‍ഷക തൊഴിലാളിക്ക് കൂലി കണ്ടെത്താനും പണമില്ലാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.
വ്യാപാരം നടക്കുന്നില്ല
നാളികേരം വില്ക്കാന് കഴിയാതെ പറമ്പില്‍ കൂട്ടിയിട്ടിരിക്കുകയാണ് പല കര്‍ഷകരും. നാളികേര കടകള്‍ തുറക്കുന്നില്ല. നാളികേരം കൂടുതലും ഇതര സ്ഥലങ്ങളിലേക്കാണ് പോയിരുന്നത്. ചരക്കുനീക്കം നടക്കാത്തതും വില കുറയാന്‍ കാരണമാണ്. ആഴ്ചയില്‍ നിശ്ചിത ദിവസമെങ്കിലും നാളികേരം വില്ക്കാന് സംവിധാനമൊരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വന്‍കിട കൊപ്ര ആട്ടുന്ന മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ചെറുകിട മില്ലുകളില്‍ കൊപ്ര ഉണക്കിയെടുക്കുന്നതിന് മഴ തടസമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: