തിരുവനന്തപുരം: ദൃഡപ്രതിജ്ഞയും സഗൗരവം പ്രതിജ്ഞയും ഒക്കെ ചെയ്താലും 13 എന്നുകേട്ടാൽ കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്കും ചെകുത്താനെ കണ്ടപോലെയാണ്. രണ്ടാം പിണറായി സർക്കാരിനും 13-ാം നമ്പരിനോട് ഭയം. ഇത്തവണ 13-ാം നമ്പർ കണ്ട് ഭയന്നത് സിപിഐ മന്ത്രി ജി.ആർ.അനിലാണെന്ന് മാത്രം.
എല്ലാ മന്ത്രിമാർക്കും വാഹനം അനുവദിച്ചതിനൊപ്പമാണ് നെടുമങ്ങാട് എംഎൽഎയും ഭക്ഷ്യമന്ത്രിയുമായ ജിആർ അനിലിനും 13-ാം നമ്പർ ഇന്നോവ കാർ ടൂറിസം വകുപ്പ് അനുവദിച്ചത്. വാഹനം സത്യ പ്രതിജ്ഞ വേദിക്ക് സമീപം എത്തിച്ചു. പക്ഷെ ചടങ്ങിനിടെ മന്ത്രിയുടെ ഗൺമാൻ ഓടി ടൂറിസം ഉദ്യോഗസ്ഥരുടെ അടുത്തെത്തി. വാഹനത്തിന്റെ നമ്പർ മാര്റണം എന്ന് മന്ത്രി ആവശ്യപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ 13-ാംനമ്പർ ഉപയോഗിച്ചവരുടെ ഗതി ഓർത്തിട്ടാകണം മന്ത്രി വാഹനം തിരികെ വിട്ടത്. വേറെ നമ്പർ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറും വാഹനവും തിരികെ എത്തിയതോടെ മറ്റൊരു വാഹനത്തിൽ വയർലെസ് സെറ്റ് ഘടിപ്പിച്ച് വിട്ടുനൽകി. 19 നമ്പർ വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാംസത്യപ്രതിജ്ഞ നടക്കുന്നതിനടയിലായിരുന്നു എന്നതാണ് രസകരം. ഒടുവിൽ ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും വന്ന വാഹനമാണ് മന്ത്രിക്ക് നൽകിയത്. മന്ത്രി ആവശ്യപ്പെട്ട 19 നമ്പർ തന്നെ നൽകുമെന്നാണ് സൂചന.
13 നമ്പർ ചെകുത്താൻ നമ്പരെന്നും രാശി ഇല്ലാത്ത നമ്പർ എന്നുമാണ് അറിയപ്പെടുന്നത്. വിഎസ് അച്യുതാനന്ദൻ സർക്കാരിൽ എംഎബേബി 13 നമ്പർ വാഹനം ചോദിച്ച് വാങ്ങി.പിന്നെ നിയമസഭ കണ്ടിട്ടില്ല. ഇതിനൊപ്പം ഇതേ ഭീതി ഉള്ള വീടാണ് മൻമോഹൻ ബംഗ്ലാവ്. മൻമോഹൻ ബംഗ്ലാവിൽ കോടിയേരി മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ മാറി മാറി താമസിച്ചെങ്കിലും രാശി നന്നായില്ലത്രേ. ഒന്നാം പിണറായി സർക്കാരിലും ആദ്യം ഇവരണ്ടും ഏറ്റൈടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഒടുവിൽ സംഭവം വാർത്ത ആയതോടെ തോമസ് ഐസക് രണ്ടും ചോദിച്ചുവാങ്ങി. ഐസ്കും പിന്നെ സഭ കണ്ടില്ല. മാത്രമല്ല വിവാദങ്ങളിൽപെട്ട് നട്ടം തിരിയുകയും ചെയ്തു. അതേസമയം ബംഗ്ലാവുകൾ ഇതുവരെ അനുവദിച്ചിട്ടില്ല. പഴയ മന്ത്രിമാർ താമസം മാറികഴിഞ്ഞ് അറ്റകുറ്റ പണികൾക്ക് ശേഷമാകും ബംഗ്ലാവുകൾ അനുവദിക്കുക. ഇതാണ് അവസ്ഥയെങ്കിൽ മൻമോഹൻ ബംഗ്ലാവ് ഒഴിഞ്ഞുകിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: