മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബാര്‍ജ് റിഗ്ഗില്‍ ഇടിച്ചു മുങ്ങിയ സംഭവത്തില്‍ ക്യാപ്റ്റനെതിരെ കേസ്. ക്യാപ്റ്റന്‍ രാജേഷ് ബല്ലവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് മുംബൈ യെല്ലോഗേറ്റ് പോലീസ് കേസെടുത്തത്. ബാര്‍ജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ച് ചീഫ് എന്‍ജീനിയര്‍ റഹ്മാന് ഷെയ്ഖ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
അതേസമയം, അപകടത്തിന് പിന്നാലെ കാണാതായ ക്യാപ്റ്റനെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല .അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചീഫ് എന്‍ജീനിയര്‍ റഹ്മാന് ഷെയ്ഖ് കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍ മുന്നറിയിപ്പ് അവഗണിച്ച വിവരം പുറത്തുവിട്ടത്.
ചുഴലിക്കാറ്റ് വീശുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും പല കപ്പലുകളും മുന്നറിയിപ്പ് പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ മടങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ക്യാപ്റ്റനോട് മുന്നറിയിപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, 40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുകയെന്നും മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് തീരം വിടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റെത്തിയത്. അത് കനത്ത നാശം വിതക്കുകയും ചെയ്തു .’ റഹ്മാന് ഷെയ്ഖ് പറഞ്ഞു.
ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ അര്‍ധരാത്രിക്കു ശേഷമാണ് ബാര്‍ജ് നങ്കൂരം തകര്‍ന്ന് നിയന്ത്രണം വിട്ട് റിഗ്ഗില്‍ ഇടിച്ചു മുങ്ങിയത്. അപകടത്തില്‍ മൂന്നു മലയാളികളടക്കം 50 പേര് മരണപ്പെട്ടു .കപ്പലിലുണ്ടായിരുന്ന 261 പേരില്‍ 186 പേരെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: