കോഴിക്കോട്: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു. 2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ സംസ്ഥാനത്തുണ്ട്. ഇതിന്റെ രണ്ടിരട്ടിയാണ് പുതിയ അപേക്ഷകര്‍.
കഴിഞ്ഞ കുറച്ച് നാളുകളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ അധികവും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും അപേക്ഷ നല്‍കിയിരിക്കുന്നത്. കൃത്യമായ പരിശോധനകള്‍ നടത്തി മാത്രമാണ് ഒരാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുന്നത്. ലൈസന്‍സ് ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഭൂരിഭാഗം അപേക്ഷകളും അന്വേഷണത്തിന് ശേഷം നിരസിക്കാറാണ് പതിവ്. കോട്ടയം ജില്ലയില്‍ 20ഓളം വനിതകള്‍ക്ക് ഇതിനകം തോക്ക് ലൈസന്‍സ് ലഭിച്ചു.
വനിതകള്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം തൃശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരപരിധികളില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. നിലവില്‍ ഏറ്റവുമധികം തോക്ക് ലൈസന്‍സുള്ളത് എറണാകുളം ജില്ലയിലാണ്.
ലൈസന്‍സ് എങ്ങനെ?
അപേക്ഷകള്‍ പരിശോധിച്ച് അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് മുഖേന കളക്ടറാണ് തോക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത്. ലൈസന്‍സ് അനുവദിക്കുന്നതിനു മുമ്പ് അപേക്ഷകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കോ എസ്പിമാര്‍ക്കോ നല്കി വിശദാംശങ്ങള്‍ പരിശോധിക്കും. തോക്ക് ലൈസന്‍സിന്റെ ആവശ്യകത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. അപേക്ഷകന്റെ സ്വഭാവവും മറ്റും വിലയിരുത്തിയാണ് എത്രവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കണമെന്ന് തീരുമാനിക്കുക. അതിനുശേഷം പുതുക്കണം.
വ്യാജ തോക്കുകളും വര്‍ദ്ധിക്കുന്നു
കേരളത്തിലേക്ക് വലിയ തോതില്‍ വ്യാജ തോക്കുകള്‍ എത്തുന്നുണ്ട്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് തോക്കുകള്‍ എത്തുന്നതില്‍ അധികവും. ഒറ്റ, ഇരട്ട കുഴല്‍ തോക്കുകളും, കൈത്തോക്കുകളുമാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: