ഡോ.എം.പി. മിത്ര
കേരളത്തില്‍ കൊവിഡ് ബാധ ആരംഭിച്ചിട്ട് ഒന്നര വര്‍ഷമാകുന്നു. രോഗബാധയുടെ ചരിത്രം പരിശോധിച്ചാല്‍ ആരംഭകാലത്തെ ചികിത്സാരീതികളിലെ ബലംപിടിത്തത്തില്‍ നിന്ന് ഇന്നത്തെ അഴിഞ്ഞുപോക്കിലേക്കെത്തിയത് മനസിലാക്കാം. തുടക്കത്തില്‍ ഒരു രോഗിക്ക് കൊവിഡ് ഉണ്ടെന്നു ബോധ്യമായാല്‍ അയാള്‍ പോയ വഴിയെല്ലാം കണ്ടുപിടിച്ചു പത്രത്തില്‍ കൊടുക്കും. അതിനെ ‘റൂട്ട് മാപ്പ്’ എന്ന് ഓമന പേരില്‍ വിളിച്ചു. മാര്‍ക്കറ്റില്‍ ചരക്കിറക്കാനെത്തുന്ന ലോറി തൊട്ട് ബുക്ക് ചെയ്യുന്ന ചുമട്ടുതൊഴിലാളികളെ പോലെ ആരോഗ്യവകുപ്പ് ചെന്ന് തൊട്ടാല്‍ പിന്നെ ആ ‘മുതലിനു’ അവകാശി പ്രസ്തുത വകുപ്പില്‍ നിക്ഷിപ്തമാകുന്ന ‘രീതിശാസ്ത്രം’ ഉടലെടുത്തു. ആംബുലന്‍സ് വന്നു ‘കിട്ടിയ മുതല്‍’ പൊക്കി കൊണ്ട് പോയി പ്രത്യേക തടവറയില്‍ ആക്കും. ഇതൊക്കെ ചെയ്യുമ്പോഴും മറ്റൊരു കാര്യവും അവര്‍ ശ്രദ്ധിച്ചിരുന്നു. മറ്റൊരു വൈദ്യശാസ്ത്രക്കാരെയും ഇതിന്റെ നാലയലത്ത് പ്രവേശിപ്പിച്ചില്ല. ചികിത്സാരംഗത്തെ പുതിയ അയിത്തം കേരളത്തില്‍ കടന്നു വന്നു. അതോടെ ശാസ്ത്രീയതയുടെ മറവില്‍ രംഗത്തുണ്ടായിരുന്നവര്‍ കാലില്‍ അണിഞ്ഞിരിക്കുന്നത് അശാസ്ത്രീയതയുടെ ചിലങ്കയാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു.
ചികിത്സ രംഗം മുഴുവന്‍ വരേണ്യവര്‍ഗ്ഗത്തിന്റെ കൈപ്പിടിയിലായി. അധികാരികള്‍ അവരുടെ ഉച്ചഭാഷണികള്‍ മാത്രമായി മാറി. ചിത്രഗുപതന് പകരം പരമാധികാരി കൊടുക്കുന്ന കണക്കുകള്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ പുറത്തു വന്നു കൊണ്ടിരുന്നു. മറ്റു വൈദ്യശാസ്ത്രങ്ങളെ സംബന്ധിച്ച കുറിപ്പുകള്‍ അശാസ്ത്രീയതയുടെ പേര് പറഞ്ഞ് ചവറ്റുകൊട്ടയില്‍ അന്ത്യ വിശ്രമം കൊണ്ടു. ആയുഷ് എന്നൊരു സര്‍ക്കാര്‍ വകുപ്പ് പാടത്തു നിര്‍ത്തിയിരിക്കുന്ന നോക്കുകുത്തിയെ പോലെ ആയി. ആ വകുപ്പിന്റെ പരമാധികാരി, അവരുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചിടുവാന്‍ ഉത്തരവിട്ടു. ആരോഗ്യത്തിന്റെ ഡ്രൈവര്‍സീറ്റില്‍ ഇരുന്നവര്‍ ഇത് കണ്ടില്ലെന്നു നടിച്ചു. വാര്‍ത്തകളില്‍, ഭാരതം എന്ന് പേരുകേട്ടാല്‍ ആയുര്‍വ്വേദം മനസ്സില്‍ തഴച്ചു വരുമെന്ന് ആണയിട്ടു. അധിക്ഷേപത്തിന്റെ അഴുക്കു ചാലില്‍നിന്നും മോചനത്തിനായി ദാഹിച്ചും,സഹിച്ചും, ഗത്യന്തരം ഇല്ലാതെ പ്രതിഷേധം പ്രകടിപ്പിച്ച മെഡിക്കല്‍ ഓഫീസര്‍മാരെ വരുതിയിലാക്കാന്‍ വീറു കാണിച്ചു. പക്ഷെ പണയം വച്ച നട്ടെല്ലിന്റെ കാര്യം അധ്യക്ഷയുടെ ഓര്‍മ്മയില്‍ വൈകിയാണ് എത്തിയത്
കോവിഡ് രോഗികളെ കണ്ടാല്‍ ‘ഡിസ്റ്റന്‍സിങ്’ സ്വീകരിക്കണമെന്ന് ഉത്തരവിറങ്ങി. പനി, ശ്വാസം മുട്ടല്‍, ജലദോഷം എന്നിവയുമായി ആയുവേദ സ്ഥാപനങ്ങളില്‍ വന്നാല്‍ ആധുനിക ആശുപത്രികളിലേക്ക് വിനയപൂര്‍വം പറഞ്ഞു വിടണം എന്ന് ആയുഷ് വകുപ്പ് മേലധികാരി ഉത്തരവ് പടച്ചു വിട്ടു. അങ്ങിനെ രംഗം കൊഴുത്തു വന്നപ്പോഴാണ് കേന്ദ്ര ആയുഷ് വകുപ്പ് പ്രതിരോധത്തിനായി ആയുഷ് വകുപ്പിലെ മരുന്നുകള്‍ ഉപയോഗിക്കാം എന്ന ഉത്തരവ് ഇടിത്തീയായി വന്നിറങ്ങിയത്. ഒടുവില്‍ കേരള സര്‍ക്കാരും ഈ രീതിയിലേക്ക് മാറുവാന്‍ പ്രേരിതമായി. പിന്നീട് കേരളം കണ്ടത് ‘ആയുര്‍ രക്ഷ ക്ലിനിക്കു’കളുടെ ഉയര്‍ത്തെഴുനേല്‍പ്പായിരുന്നു.
ഇതിനോടകം രഹസ്യമായി ആയുര്‍വ്വേദം ഉള്‍പ്പടെ ഉള്ള മരുന്നുകള്‍ കഴിച്ചു സുഖം പ്രാപിച്ചവരുടെ എണ്ണം കൂടി കൂടി വന്നുകൊണ്ടിരുന്നു. അതോടെ ചിലര്‍ പിടിച്ചു കെട്ടിയിരുന്ന ചരടുകള്‍ ക്രമേണ അയഞ്ഞു തുടങ്ങി. റൂട്ട് മാപ്പ് ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പഴയ കഥയായി. അക്കഥകളൊക്കെ യവനികയുടെ പിന്നിലേക്ക് മാറി. കൊവിഡ് രോഗികളെ കണ്ടാല്‍ പഴയ ഉത്സാഹം ഇല്ലെന്ന് മാത്രമല്ല ഒരു വല്ലായ്മയും അനുഭവപ്പെട്ടു തുടങ്ങി. ഒടുവില്‍ എല്ലാം കൂടി തടുത്തു കൂട്ടി തദ്ദേശ സ്വയഭരണത്തിന്റെ തലയില്‍ വച്ചപ്പോള്‍ അല്പം ‘ഓക്സിജന്‍’ കിട്ടി. ആദ്യമായി പരീക്ഷിച്ച ‘പ്ലാസ്മ തെറാപ്പി’ പത്രത്താളുകളില്‍ പ്രതീക്ഷ പരത്തിയെങ്കിലും, പരീക്ഷകര്‍ പിന്‍വാങ്ങിയിരിക്കുകയാണ്. പരിഹാരമല്ലെന്ന് കണ്ടതോടെ. പിന്നീട് രംഗത്തു വന്ന എച്ച്.സി.ക്യു താരമല്ലാതായി. എന്ന് മാത്രമല്ല അത് വില്ലനുമായി. അന്പത്തിരണ്ടോളം പാര്‍ശ്വ ഫലങ്ങളില്‍ അത് പിടഞ്ഞു വീണു. അടുത്ത ഊഴമായി ‘ഐവിര്മേക്റ്റിന്’ കടന്നു വന്നുവെങ്കിലും അധിക കാലം പിടിച്ചുനില്‍ക്കുവാനാകാതെ കോവിഡിനോട് വിടപറഞ്ഞു. പിന്നീട് ഡോക്സിസൈക്കിളിനും, അസിത്രോമൈസിനും പരീക്ഷിച്ചപ്പോഴും പ്രതീക്ഷ പിടിവിട്ടു.
പിന്നീട് ഒറ്റമൂലിയായ സ്റ്റീറോയിഡും ഒരു ചെറിയ സീനില്‍ രംഗത്ത്വന്നു പിന്നീട് അപ്രത്യക്ഷമായി. ബ്ലാക്ക് ഫംഗസ് പിടിമുറുക്കിയപ്പോള്‍ ആറാമത് പരീക്ഷിച്ചത് ‘ഫാവിപിറവിര്‍’ എന്ന മരുന്നാണ്. പക്ഷെ അതിനും കാര്യമായ ചലനം ഉണ്ടാക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ കടന്നു വന്നത് ‘റെംഡീസിവിര്‍’ എന്ന പുതിയ അവതാരമാണ്. ഈ മരുന്ന് കഴിച്ചാല്‍ കോവിഡ് വൈറസ് ജനിതകവ്യതിയാനത്തിന് വിധേയമാകാന്‍ സഹായിക്കുകയേ ഉള്ളൂ. ഇത് രോഗികള്‍ക്ക് കൊടുത്താല്‍ ഇന്ത്യന്‍ വൈറസിന്റെ ‘ഒരു ബ്രീഡിങ് ഗ്രൗണ്ട്’ ആയി മാറുമെന്ന് ഐ.സി.എം.ആറിന്റെ മുഖമായിരുന്ന ഡോ. രാമന് ഗംഗാഖേട്ക്കര് പറഞ്ഞത് വിനയായി.
സീഷെല്‍ എന്ന ദ്വീപില്‍ മുഴുവന്‍ പേരും വാക്സിന് എടുത്തു എങ്കിലും വീണ്ടും കോവിഡ് ബാധിച്ചവരുടെ എണ്ണം അവരുടെ ജനസംഖ്യയോളം ഉയരുന്നു. കോവിഡ് വാക്സിനുകളുടെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള അകലം പന്ത്രണ്ടു ആഴ്ചയില്‍ നിന്ന് എട്ടു ആഴ്ചകളിലേക്കു ചെറുതാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വെള്ളിയാഴ്ച തീരുമാനിച്ചപ്പോള്‍, ഇന്ത്യയില്‍ നേരെ മറിച്ചാണ് തീരുമാനം. മ്യുകോര്‍ മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ഒരു ചെറിയ ആശ്വാസം കൊടുത്തുവെങ്കിലും അതിന്റെ മൂടുപടവും എപ്പോള്‍ വീഴുമെന്നാണ് ആശങ്ക.
സമാധാനമോ സമൃദ്ധിയോ ആരോഗ്യമോ കൊണ്ടുവരുകയല്ല ഈ കലങ്ങുന്ന വെള്ളത്തിലും ലാഭം ഉണ്ടാക്കുകയാണ് പരമമായ ലക്ഷ്യമെന്ന വാസ്തവികതയാണ് 1380 രൂപയുടെ കഞ്ഞിയില്‍നിന്നും ഉയര്‍ന്നു വന്നത്. ഓക്സിജന്റെ വില കേട്ട് ശ്വാസം നിലച്ച ‘വി-ശ്വാസികള്‍’ ആയവരുടെ കണക്കുകള്‍ ‘നാള്‍വഴികളില്‍’ വഴിമുട്ടി നില്ക്കുന്നു. ആയുധങ്ങളും കീടനാശിനികളും ചെലവഴിക്കേണ്ടതുണ്ടെങ്കില്‍ അവിടെ ഒരു യുദ്ധവും കീട സാന്നിധ്യവും അത്യന്താപേക്ഷിതമാണല്ലോ? ശസ്ത്രക്രിയയ്ക്കു എടുത്ത കത്തി വേറെ ഒരു വ്രണം കൂടി ഉണ്ടാക്കുന്ന സാമൂഹ്യ അന്തരീക്ഷം ആശങ്കപ്പെടേണ്ടത് തന്നെയാണ്.
കോവിഡ് ചികിത്സയില്‍ ആയുര്‍വേദത്തെക്കൂടി ഉള്‍പ്പെടുത്തികൊണ്ടു കേന്ദ്രസര്‍ക്കാര്‍ പ്രോട്ടോകോള്‍ തയ്യാറാക്കിയപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അതിനെതിരെ ഉയര്‍ത്തിയ കലാപം അവരുടെ പാരമ്പര്യത്തിന് എതിരെയുള്ള കലാപം കൂടിയായിരുന്നുവെന്ന് ആധുനിക വൈദ്യത്തിന്റെ ചരിത്രം നിഷ്പക്ഷമായി പരിശോധിച്ചാല്‍ മനസ്സിലാകും. ഇപ്പോള്ഏതാണ്ട് ഉടുതുണിയ്ക്കു മറുതുണി ഇല്ലാത്ത അവസ്ഥ. മാസ്ക്,സാമൂഹികഅകലം….അങ്ങിനെ എല്ലാം കലങ്ങി പാലാഴിയില്‍ തെളിയുകയാണ്. ആ തെളിവില്‍ അപരാജിത ചൂര്‍ണം ഉള്‍പ്പടെയുള്ള ആയുര്‍വേദ ഔഷധങ്ങള്‍ ഉയര്‍ന്നു വരുന്നു.
വൈദ്യശാസ്ത്രത്തിന്റെ എന്നല്ല ഏതൊരു ശാസ്ത്രത്തിനും സാമൂഹ്യ ശാസ്ത്രത്തിന്റെയും, പ്രപഞ്ച തത്വങ്ങളുടെയും വേരുകളില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ല എന്നത് പ്രകൃതി വിജ്ഞാനത്തിന്റെ ഭാഗമാണ്. ഒരു എപ്പിഡെമിയോളജിസ്റ്റ് ഒരിക്കല്‍ പറഞ്ഞതുപോലെ ഒരു വൈറസും ആരെയും കൊല്ലാന്‍ ആഗ്രഹിക്കുന്നില്ല. മറ്റേതൊരു ജീവികളെയും പോലെ, ഒരു വൈറസിന്റെ ലക്ഷ്യം അതിനു അനുയോജ്യമായ സ്ഥലത്തു പ്രവേശിച്ചു ‘പുനരുല്പാദനം നടത്തുക” എന്ന ലക്ഷ്യം മാത്രം. ലക്ഷക്കണക്കിന് ജീനുകള്‍ ഉള്ള വൈറസിനെ, കേവലം 23,000 ജീനുകള്‍ ഉള്ള നമുക്ക് തളയ്ക്കുവാനാകില്ല. രോഗപ്രതിരോധവ്യവസ്ഥയുടെ വിശാലമായ ഉറവിടങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഒരു അണു മനുഷ്യന് രോഗകാരിയാകുന്നത് എന്ന് പറഞ്ഞ മഹാനായ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ നമ്മുടെ സ്മരണയില്‍ വരട്ടെ. മനുഷ്യ ശരീരത്തില്‍ ഇന്‍-ബില്‍ട് ചെയ്തിരിക്കുന്ന പ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന ഔഷധങ്ങളില്‍ നിന്നും, ആഹാരങ്ങളില്‍ നിന്നും അകലം പാലിക്കുക. പഴമക്കാര്‍ പറഞ്ഞു വച്ചിരിക്കുന്ന പ്രതിവിധികളിലേക്കു മടങ്ങുക.
ഇവിടെ അധികാരികളും ജനിതക മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്, എന്ത് വേണമെങ്കിലും ആകട്ടെ ഇതൊന്ന് തലയില്‍ നിന്ന് ഒഴിഞ്ഞു കിട്ടിയാല്‍ മാത്രം മതി എന്ന ചിന്ത എവിടെയോ നടന്നടുക്കുന്ന ശബ്ദം കേള്‍ക്കാം. അതോടൊപ്പം ,തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും,പ്രസിദ്ധ ശാസ്ത്ര സാഹിത്യകാരനുമായിരുന്ന ഡോ.കെ.മാധവന്‍കുട്ടിയുടെ വാക്കുകള്‍ കൂടി ചേര്‍ത്ത് വായിക്കാം. ‘മനുഷ്യന്റെ വര്‍ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ആധുനിക വൈദ്യത്തിന്റെ കൈപ്പിടിയില്‍ നിന്നും വഴുതി മാറുന്നുവോ എന്ന സംശയം ബലപ്പെട്ടുവരുന്നു.’
1999ല്‍ അദ്ദേഹം പ്രകടിപ്പിച്ച ആശങ്ക രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കൂടുതല്‍ പ്രസക്തമായി വരുന്നു. പരിഹാരവും അദ്ദേഹം പറയുന്നു,”അതതു വൈദ്യസമ്പ്രദായങ്ങളുടെ അടിത്തറയില്‍ ഉറച്ചു നിന്ന് കൊണ്ട് രോഗത്തെയും വേദനയെയും അകറ്റാന്‍ സഹായകമായ എല്ലാ വൈദ്യ സമ്പ്രദായങ്ങളെയും സമന്വയിപ്പിക്കുന്ന സമഗ്ര ആരോഗ്യ പരിപാലന പരിപാടി ആവിഷ്കരിക്കണം.”
അദ്ദേഹത്തിന്റെ കൂടി ആഗ്രഹ പ്രകാരമായിരിക്കണം, വി.എസ്. അച്യുതാനന്ദന് കേരള മുഖ്യമന്ത്രി ആയിരിക്കെ, ആയുര്‍വ്വേദം ഉള്‍പ്പടെയുള്ള വൈദ്യ സമ്പ്രദായങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കികൊണ്ട്, 2009 ജനുവരിയില്‍ ഒരു ‘ഏകീകൃത കേരള പബ്ലിക് ഹെല്‍ത്ത് ആക്ടിന്റെ കരട്’ ഉണ്ടാക്കിയിരുന്നു. എന്നാല്‍ വൈറസിനെപ്പോലെ അദൃശ്യമായ ആരുടെയൊക്കെയോ സമ്മര്‍ദത്തിന് വഴങ്ങി സെക്രട്ടറിയേറ്റിന്റെ വരാന്തയിലെവിടെയോ അത് ശാപ മോക്ഷം കാത്ത്, മരിച്ചു വീഴുന്ന മനുഷ്യ സഹസ്രങ്ങളെ നോക്കി, നവോത്ഥാനവും പ്രതീക്ഷിച്ചു കാത്തിരിക്കുന്നുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: