ഗുരുവില്‍ നിന്നും മൃതസഞ്ജീവനി വിദ്യ ഉപദേശം ലഭിക്കുകയും പ്രായോഗിക പരിജ്ഞാനം അതില്‍ സമ്പാദിക്കുകയും ചെയ്ത കചന് ഏറെ സന്തോഷവാനായിരുന്നു. അച്ഛന് തന്നെ ഏല്‍പ്പിച്ച കാര്യം ഇവിടെ സാധ്യമായിരിക്കുകയാണ്. ഇനി എത്രയും വേഗം അച്ഛന്റെ സമീപത്ത് ചെന്ന് സന്തോഷവര്‍ത്തമാനം അറിയിക്കണം.
എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.
പക്ഷേ കചന് ദേവയാനിയുടെ ആഗ്രഹങ്ങളില്‍ താല്പര്യം കാണിച്ചില്ല. കചന് ദേവയാനിയോട് പറഞ്ഞു: ഒരുതരത്തിലും എനിക്ക് നിന്നെ വിവാഹം കഴിക്കാനാവില്ല. ഏതുവിധേനയും നീ എനിക്ക് സഹോദരിയാണ്. ഗുരു പുത്രി എന്നാല്‍ തന്നെ സഹോദരിയാണ്. പോരാത്തതിന് ഞാനിപ്പോള്‍ നിന്റെ അച്ഛന്റെ ശരീരത്തില്‍ നിന്നും ജനിച്ചവനാണ്. ഗുരു തന്നെ എന്നെ മകനായി കണക്കാക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ നീ ഈ ആഗ്രഹം ഉപേക്ഷിച്ചേ പറ്റൂ. ദേവയാനിക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. നീ വഞ്ചകനാണ്. നീ എന്റെ അച്ഛനില്‍ നിന്നും മൃതസഞ്ജീവനി വിദ്യ അഭ്യസിക്കാനായി ദേവന്മാരുടെ നിയോഗത്താല്‍ വന്നവനാണ്. അച്ഛനെയും എന്നെയും വഞ്ചിച്ച നീ ചതിയനാണ്. ദേവന്മാരുടെ ചാരനാണ്. കള്ളനാണ്.
ദേവയാനി ഇതൊക്കെ പറയുമ്പോഴും അനുകൂലമായോ പ്രതികൂലമായോ യാതൊന്നും സംസാരിക്കാന്‍ ശുക്രാചാര്യര്‍ക്ക് കഴിഞ്ഞില്ല. മഹത്തായ ഒരു സ്ഥാനം കചന് തന്റെ മനസ്സില്‍ ആ ഗുരുനാഥന് നല്കിക്കഴിഞ്ഞിരുന്നു. ഇനി അത് തിരുത്താനാവില്ല. സര്‍വവിധ അനുഗ്രഹങ്ങളും താന്‍ നല്‍കിക്കഴിഞ്ഞു. തന്റെ പ്രിയപുത്രി ദേവയാനിയുടെ താല്‍പ്പര്യം തനിക്കറിയാവുന്നതാണ്. എന്നാല്‍ ഈ പുത്രന്റെ ന്യായവും ശരിയാണ്. അതും തള്ളിക്കളയാനാവില്ല.
ശുക്രാചാര്യരുടെ മൗനം ദേവയാനിയെ കൂടുതല്‍ പ്രകോപിതയാക്കി. അവള് കചനോട് പറഞ്ഞു; നീ എന്നെ ഭാര്യയായി സ്വീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ശപിക്കുകയാണ്. നീ എന്റെ അച്ഛനില്‍ നിന്ന് അഭ്യസിച്ച മൃതസഞ്ജീവനി വിദ്യ പ്രയോഗിച്ച് ഇനി ഒരിക്കലും നിനക്ക് ആരെയെങ്കിലും ജീവിപ്പിക്കാനാകില്ല. ഇത് ഒരു കാമിനിയുടെ ശാപമാണ്.
കചന് ദേവലോകത്തേക്ക് പോകുന്നത് തന്നെയാണ് നല്ലതെന്ന് ശുക്രാചാര്യരും ചിന്തിച്ചു. ഇവിടെ നിന്നാല്‍ ഇനിയും അസുരന്മാര് ഉപദ്രവിക്കും.
ദേവയാനിയോട് കചനും സ്വല്പ്പം ദേഷ്യഭാവത്തില്‍ തന്നെ സംസാരിച്ചു. ദേവയാനീ നീ ഇത്തരത്തിലുള്ള ദേഷ്യം ശാപവും എല്ലാം ഉപേക്ഷിക്കണം. നീയൊരു മുനികുമാരിയാണ്. ആ വംശത്തിന്റെ മഹത്വമറിഞ്ഞ് പെരുമാറണം. അല്ലെങ്കില്‍ മുനികുമാരന്മാരാരും നിന്നെ വിവാഹം കഴിക്കാന്‍ വരില്ല. മുനികുമാരന്മാര്‍ക്കും മുനികുമാരിമാര്‍ക്കും ശാന്തതയാണ് എപ്പോഴും മുഖത്ത് ഉണ്ടാകേണ്ടത്.
എന്നാല്‍ ദേവയാനിയെ സമാധാനിപ്പിക്കാന്‍ കചന്റെ വാക്കുകള്‍ക്കായില്ല. അതിനാല്‍ അവളെ ധിക്കരിച്ചു കൊണ്ട് തന്നെ ഗുരു ശുക്രാചാര്യരുടെ മൗനാനുഗ്രഹത്തോടെ കചന് യാത്രയായി.
പിതാവിന്റെ അടുത്തുചെന്ന് കചന് ബൃഹസ്പതിക്ക് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. അങ്ങനെ മകന് അച്ഛന് ഗുരുവായി. ശ്രീമുരുകന് ശ്രീപരമേശ്വരന് ഓങ്കാരപ്പൊരുള്‍ ഉപദേശിച്ചതു പോലെ, കപില മഹര്‍ഷി അമ്മ ദേവഹൂതിക്ക് ഉപദേശം നല്കിയതു പോലെ, ബൃഹസ്പതി മൃതസഞ്ജീവനി മന്ത്രം ജപിച്ച് സിദ്ധി വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: