പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉറപ്പാക്കി ഇടതുമുന്നണി നേടിയ വിജയം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രകൃതിദുരന്തവും മഹാമാരിയും വെള്ളപ്പൊക്കവും മാത്രമല്ല, പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായി ഉയര്‍ന്ന വസ്തുതാപരമായ അഴിമതിയാരോപണങ്ങളുടെ സുനാമിയെയും അതിജീവിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നേട്ടം ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ വിജയം സൂക്ഷ്മമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
1977നുശേഷം ആദ്യമായാണ് ഒരു മുന്നണിക്ക് തുടര്‍ ഭരണം നടത്താന്‍ ജനങ്ങള്‍ വിധി എഴുതിയത്. 99 സീറ്റുകള്‍ നേടി ഇടതുമുന്നണി വന്‍ വിജയം നേടിയപ്പോള്‍ ഐക്യജനാധിപത്യമുന്നണി 41 സീറ്റിലേക്ക് ഒതുങ്ങി. നിലവിലെ നിയമസഭയില്‍ ഒരംഗം മാത്രം ഉണ്ടായിരുന്ന എന്‍.ഡി.എ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഒരു സീറ്റില്‍ പോലും വിജയിക്കാതെ പിന്നോട്ടുപോകുന്ന അവസ്ഥയുണ്ടായി. മലപ്പുറം, വയനാട്, എറണാകുളം എന്നീ മൂന്നു ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും വന്‍ വിജയമാണ് ഇടതുപക്ഷമുന്നണി നേടിയത്. ചരിത്രത്തില്‍ ആദ്യമായി ഇടതുമുന്നണി 42.43 ശതമാനം വോട്ടുനേടി മലപ്പുറം ജില്ലയില്‍ യു.ഡി.എഫിന് തൊട്ടുപുറകിലാണ്. മുസ്ലിം വോട്ടിന്റെ ധ്രുവീകരണത്തോടൊപ്പം അഴിമതിയാരോപണങ്ങളെ അതിജീവിക്കാന്‍ ഇടതുമുന്നണിക്ക് സഹായകമായ ഘടകങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടണം. ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ വിജയവും മാനിക്കപ്പെടണം, ഒപ്പം പരാജയപ്പെട്ടവര്‍ അതിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വേണം. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ പരാജയത്തെ ന്യായീകരിക്കാനല്ല, മറിച്ച് അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനുള്ള അവസരമാണ് ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കുന്നത്.

1977ലെ ജനവിധിയുടെ ആവര്‍ത്തനം
2016ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി 91 സീറ്റുകള്‍ നേടി വിജയിച്ചത് അഴിമതിക്കെതിരായ ജനവിധിയാണ് എന്നാണ് വിലയിരുത്തപ്പെട്ടത്. അക്കാലത്ത് സരിതാ നായര്‍ ഉന്നയിച്ച അഴിമതി ശ്രദ്ധേയമായതു മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദകേന്ദ്രമായതോടെയായിരുന്നു. വമ്പിച്ച സമരപരിപാടികള്‍ നടത്തിയ സി.പി.എം സെക്രട്ടേറിയറ്റ് വളഞ്ഞ് ദിവസങ്ങള്‍ നീണ്ട സമരം നടത്തി. എടുത്തുപറയേണ്ടത് സരിത ഉന്നയിച്ച അഴിമതിക്കേസുകള്‍ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവയല്ല മറിച്ച്, ഭരണം മറയാക്കി രാഷ്‌ട്രീയ നേതൃത്വം ചിലരില്‍നിന്നു പണം തട്ടാന്‍ മറ്റുചിലരെ സഹായിച്ചു എന്ന ആരോപണമാണ്.
2021-ല്‍ എത്തിനില്‍ക്കുമ്പോള്‍ അഴിമതിയുടെ നീണ്ടനിര തന്നെ കാണാം. എല്ലാ സര്‍ക്കാരിന്റെ നയങ്ങളുമായോ ഭരണകൂടത്തിന്റെയും പാര്‍ട്ടിയുടെയും അവിഹിത ഇടപെടലുമായോ ബന്ധപ്പെട്ട വസ്തുതാപരമായ ആരോപണങ്ങളാണ്. നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് വിവാദ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കുകയോ ബന്ധപ്പെട്ടവരെ ഒഴിവാക്കുകയോ ചെയ്യേണ്ടിവന്നു. സി.പി.എം ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്ക് പാത്രമായ കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കേസില്‍ ജയിലിലായി. കണ്ണൂരിലെ പാര്‍ട്ടി മന്ത്രിക്ക് ബന്ധുനിയമനവിവാദത്തില്‍ രാജി നല്‍കേണ്ടിവന്നു. നേതാക്കളുടെ സ്ത്രീവിഷയങ്ങള്‍ പാര്‍ട്ടിയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടിയുടെ യുവനേതാക്കള്‍ ഭാര്യമാരുടെ നിയമന വിഷയത്തില്‍ പ്രതിക്കൂട്ടിലായി. സ്പീക്കറും യുവമന്ത്രിയുമെല്ലാം അഴിമതിക്കേസില്‍ കുടുങ്ങി. ലോകായുക്ത യുവമന്ത്രി കുറ്റക്കാരനാണെന്നു കണ്ടെത്തിയ സാഹചര്യം ഉണ്ടായി. പി.എസ്.സി. നിയമന അഴിമതിയില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പങ്ക് പുറത്തായി. ബന്ധു നിയമനം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി.
സര്‍ക്കാരിന്റെ അഴിമതിക്കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണല്ലോ. സ്വര്‍ണം, ഡോളര്‍ കള്ളക്കടത്ത്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ അടയ്‌ക്കപ്പെട്ടു, സ്വപ്ന സുരേഷിന്റെ വഴിവിട്ട നിയമനവും ഉന്നതങ്ങളിലെ ഇടപെടല്‍, സ്പ്രിംഗ്ലര്‍ വിവാദം, ലൈഫ് മിഷന്‍ അഴിമതി, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, കിഫ്ബി വിവാദം, അഴിമതിയില്‍പ്പെട്ട് നിരവധി പദ്ധതികള്‍ പിന്‍വലിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തത്, ദുരിതാശ്വാസഫണ്ടിലെ തിരിമറി, ട്രഷറി വിവാദം, തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് അകറ്റി നിര്‍ത്തപ്പെട്ട ധനമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളും കെടുകാര്യസ്ഥതയും, വ്യാപകമായി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് (അറുന്നൂറിലധികം പുതിയ ലൈസന്‍സുകള്‍ നല്‍കി)്യൂതുടങ്ങി നിരവധി വിഷയങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും, മന്ത്രി കെ.ടി. ജലീലും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സാഹചര്യമൊരുങ്ങിയതും അഴിമതി വിഷയത്തില്‍ നാലുമന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടിവന്നതുമെല്ലാം പിണറായി വിജയന്‍ സര്‍ക്കാരിന് മങ്ങലേല്‍പ്പിച്ച സംഭവങ്ങളാണ്.
സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഡാം തുറന്നുവിട്ട് ഉണ്ടായ വെള്ളപ്പൊക്കം, മറ്റു പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധി, മഹാമാരി ഇവയൊക്കെ വെല്ലുവിളികളായിരുന്നു. എന്നാല്‍ ഇതിനെയൊക്കെ അതിജീവിച്ച് അഴിമതിയുടെ പെരുമഴയും സുനാമിയും തിരഞ്ഞെടുപ്പില്‍ ബാധിക്കാതെ തടഞ്ഞുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വന്‍ വിജയം നേടി. ഒരു സരിതാ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി നയിച്ച സര്‍ക്കാര്‍ ആടിയുലഞ്ഞ് പരാജയപ്പൈട്ടങ്കില്‍ രണ്ടു ഡസന്‍ അഴിമതിക്കേസില്‍ മന്ത്രിമാരും സ്പീക്കറും കുടുങ്ങിയിട്ടും പിണറായി വിജയന്‍ അതിനെയൊക്കെ അതിജീവിച്ചു. നോട്ട് എണ്ണുന്ന മെഷീന്‍ വീട്ടില്‍ സൂക്ഷിച്ചു എന്ന് പറഞ്ഞ് അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ തടയാന്‍ നിയമസഭതന്നെ തല്ലിത്തകര്‍ത്ത ഇടതുമുന്നണി 2016ലെ പൊതുതെരഞ്ഞെടുപ്പില്‍ അതു മുഖ്യവിഷയവുമാക്കി. എന്നാല്‍ 2021-ല്‍ ആ ധനമന്ത്രിയുടെ പേരുവെച്ച പാര്‍ട്ടിയെ കൂടെ നിര്‍ത്തി (കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം) തിരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നത് ഒരുപക്ഷെ കേരളത്തില്‍ മാത്രം സംഭവിക്കുന്ന പുരോഗമന ഇടതുപക്ഷ മതേതരരാഷ്‌ട്രീയമായിരിക്കാം.
ഇവിടെ എടുത്തുപറയേണ്ട വിഷയം 2016-ല്‍ സരിതാ നായര്‍ ഉന്നയിച്ച, ഇനിയും തെളിയിക്കപ്പെടാത്ത ഏക അഴിമതിക്കേസില്‍ ജനരോഷം ഉയര്‍ത്തി അഴിമതിഭരണത്തെ തോല്‍പ്പിച്ചു എന്ന് അവകാശപ്പെട്ട ഇടതുമുന്നണി, വസ്തുതാപരമായി തെളിയിക്കപ്പെട്ട തങ്ങളുടെ മന്ത്രിമാര്‍ ഉള്‍പ്പെട്ട ഡസന്‍ കണക്കിന് അഴിമതിക്കേസുകള്‍ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാതെ എങ്ങനെയാണ് വന്‍ വിജയം നേടിയത് എന്നതാണ്. അത് അവലോകനം ചെയ്യപ്പെടണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരും, ഇടതുസര്‍ക്കാരും തമ്മിലുള്ള മൗലികവ്യത്യാസം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉന്നയിച്ച ഒരു അഴിമതിയാരോപണവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തെളിയിക്കപ്പെട്ടില്ല എന്നതാണ്. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ അഴിമതിക്കേസുകള്‍ എല്ലാം ഇന്ന് കോടതിയിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലുമാണ്. നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യുകയുണ്ടായി. പലരും ജയിലിലായി. എന്നിട്ടും ജനങ്ങള്‍ സരിതാ നായര്‍ വിഷയത്തില്‍ 2016-ല്‍ കാണിച്ച താല്പര്യം 2021-ല്‍ അഴിമതി വിഷയത്തില്‍ കാണിച്ചില്ല. ഒരുപക്ഷെ സോളാറും സ്വര്‍ണ്ണവും തമ്മിലുള്ള മത്സരത്തില്‍ ജനങ്ങള്‍ സ്വര്‍ണ്ണത്തോട് ആഭിമുഖ്യം കാണിച്ചതാകാം! എന്തായാലും വസ്തുതകളെ പരിശോധിക്കാം.

കരളത്തിന്റെ രാഷ്‌ട്രീയ സംസ്‌കാരം ചര്‍ച്ച ചെയ്യേണ്ടത് ഈ പശ്ചാത്തലത്തിലാണ്. അടിയന്തരാവസ്ഥയുടെ ദുര്‍ഭരണത്തെ 1977-ല്‍ വമ്പിച്ച പിന്തുണ നല്‍കി കേരളത്തിലെ വോട്ടര്‍മാര്‍ സ്വീകരിച്ചതുമായാണ് 2021ലെ ജനവിധിയെ ഈ ലേഖകന്‍ താരതമ്യം ചെയ്യുന്നത്. 21 മാസം എല്ലാ മൗലിക സ്വാതന്ത്ര്യവും നിഷേധിച്ച്, പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച്, പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, നിരപരാധികളെ െകാന്നും തല്ലിച്ചതച്ചും നടത്തിയ പോലീസ് രാജ് ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വിധിയെഴുതിയപ്പോള്‍, അന്ന് രാജന്‍ കൊലക്കേസ് ഉള്‍പ്പെടെയുള്ള ക്രൂരമായ പീഡനങ്ങള്‍ക്ക് പ്രതിസ്ഥാനത്തുനിര്‍ത്തപ്പെട്ട ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് കേരളീയര്‍ തുടര്‍ ഭരണം നല്‍കി. തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് കേരളത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്. അന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നയിച്ച് ജയിലില്‍ കിടന്ന ഇടതുപക്ഷത്തും ജനസംഘത്തിലും പെട്ട പ്രതിപക്ഷ നേതാക്കളെല്ലാം പരാജയപ്പെട്ടു. ഇ.എം.എസ് നയിച്ച സിപിഎമ്മിന് കേവലം പതിനേഴു സീറ്റുകള്‍ ലഭിച്ചപ്പോള്‍ തുടര്‍ ഭരണം ലഭിച്ച ഐക്യമുന്നണിക്ക് 103 സീറ്റുകള്‍ ലഭിച്ചു. കേരള ചരിത്രത്തിലെ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ (80%) തിരഞ്ഞെടുപ്പായിരുന്നു 1977-ല്‍ നടന്നത്.
2021ലെ തിരഞ്ഞെടുപ്പില്‍ അഴിമതിയാരോപണം നേരിടുന്നവരെല്ലാം വിജയികളായി. അഴിമതി തുറന്നുകാണിച്ച ബിജെപി നയിച്ച എന്‍.ഡി.എയും കോണ്‍ഗ്രസ് നയിച്ച യു.ഡി.എഫും പരാജയപ്പെട്ടു. 1977ലെ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്ത ജയിലിലടയ്‌ക്കപ്പെട്ട ഇടതുപക്ഷവും, ഭാരതീയ ജനസംഘവും തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതുപോലെയാണ് 2021-ല്‍ കോണ്‍ഗ്രസ് നയിച്ച യുഡിഎഫും ബിജെപി നയിച്ച എന്‍.ഡി.എയും അഴിമതിവിരുദ്ധ സമരം നയിച്ച് പരാജയപ്പെട്ടത്. അടിയന്തരാവസ്ഥയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഈ ലേഖകന്‍ അക്കാലത്ത് സാക്ഷരതയില്‍ മുന്നില്‍ നിന്ന കേരളം സ്വേച്ഛാധിപത്യത്തോട് സമരസപ്പെടുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ടതാണ്. 2021-ലും അതേ അത്ഭുതമാണ് തോന്നുന്നത്. കാരണം ഇപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ഭരണകൂടത്തിന്റെ ഭാഗമായ മന്ത്രിമാര്‍ ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികളുടെ മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നതും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ജയിലിലേക്ക് നടന്നുകയറുന്നതും നേരിട്ടുതന്നെ കാണാന്‍ കഴിയുന്നു. എന്നിട്ടും ജനങ്ങള്‍ അതേ നേതാക്കളെ ബാലറ്റിലൂടെ തെരഞ്ഞെടുക്കുന്നു. ഈ ‘രാഷ്‌ട്രീയ പ്രബുദ്ധത’ എങ്ങനെയാണ് അളക്കേണ്ടത്? ഒരുകാലത്ത് സ്വേച്ഛാധിപത്യത്തിലും സെന്‍സര്‍ഷിപ്പിലും പോലീസ്രാജിലും സംതൃപ്തി കണ്ടെത്തിയവര്‍ ഇന്ന് അഴിമതിയോടും സന്ധി ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന സംഘടിത മത ശക്തികളും അടവുനയത്തിന്റെ വക്താക്കളും തുറന്നുകാണിക്കപ്പെടണം.

തരംഗമില്ലാത്ത ജനവിധി
2016-ല്‍ 91 സീറ്റുകളില്‍ വിജയിച്ച ഇടതുമുന്നണി പില്‍ക്കാലത്ത് കേരള കോണ്‍ഗ്രസ് (എം), ലോക്താന്ത്രിക് ജനതാ ദള്‍, ഐ.എന്‍.എല്‍ തുടങ്ങിയ പാര്‍ട്ടികളെ കൂടി ചേര്‍ത്ത് വിപുലീകരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ കൂടി നേടുകയും മാണി വിഭാഗത്തിലെ മൂന്ന് അംഗങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാകുകയും ചെയ്തതോടെ ഇടതുപക്ഷത്തെ എം.എല്‍.എമാര്‍ 97 ആയി മാറി. എന്‍.സി.പിയിലെ മാണി സി. കാപ്പന്‍ പുറത്തുപോയ സാഹചര്യത്തില്‍, 96 സീറ്റുകള്‍ കൈവശം വച്ചുകൊണ്ടാണ് ഇടതുമുന്നണി 2021ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് മൂന്ന് സീറ്റുകള്‍ കൂട്ടി 99 സീറ്റായി വര്‍ദ്ധിക്കുകയാണുണ്ടായത്. ഇനി, വോട്ടുവിഹിതം നോക്കിയാല്‍ 2016-ല്‍ ഇടതുമുന്നണിക്ക് 43.10 ശതമാനം വോട്ടു ലഭിച്ചു. പില്‍ക്കാലത്ത് മുകളില്‍ പറഞ്ഞ രണ്ടു പാര്‍ട്ടികള്‍ കടന്നുവന്നതോടെ ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 47.70 ശതമാനമായി ഉയര്‍ന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ 2.54 ശതമാനം വോട്ടും ജനതാദളിന്റെ 1.40 ശതമാനം വോട്ടും, ഐ.എന്‍.എല്ലിന്റെ 0.66 ശതമാനവും കൂടെ ചേര്‍ക്കുമ്പോഴാണ് 47.70 ശതമാനമാകുന്നത്. (2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മൂന്നുപാര്‍ട്ടികള്‍ക്കും കിട്ടിയ വോട്ടുവിഹിതമാണ് മുകളില്‍ കൊടുത്തത്). അതായത് തെരഞ്ഞെടുപ്പിന് മുമ്പ് 96 സീറ്റുകളും 47.70 ശതമാനം വോട്ടും ഉണ്ടായിരുന്ന ഇടതുമുന്നണി 99 സീറ്റായി ഉയരുകയും എന്നാല്‍ വോട്ടുശതമാനം 45.33 ആയി കുറയുകയുമാണുണ്ടായത്. 2.37 ശതമാനം വോട്ടിന്റെ കുറവാണ് ഇടതുമുന്നണിക്ക് ഉണ്ടായത്. വിജയിച്ച പല മണ്ഡലങ്ങളിലും വലിയ വോട്ടുചോര്‍ച്ച ഇടതുപക്ഷത്തിനുണ്ടായി. നേമം ഉള്‍പ്പെടെ മുപ്പത്തിയാറു മണ്ഡലങ്ങളില്‍ ഇടതുവോട്ടിലെ കുറവ് കാണാം. പതിനായിരത്തോളം വോട്ട് കുറഞ്ഞ് വിജയിച്ച മണ്ഡലങ്ങളുടെ പട്ടികയില്‍ വൈപ്പിന്‍, പുതുക്കാട്, തൃശൂര്‍, കോഴിക്കോട് നോര്‍ത്ത്, അരൂര്‍, ആലപ്പുഴ, റാന്നി, അടൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, ചാത്തന്നൂര്‍, കുന്നത്തുനാട് എന്നിവ ഉള്‍പ്പെടും.അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഇടതുപക്ഷത്തിന് വോട്ടു കുറവുള്ള മണ്ഡലങ്ങള്‍ ഇരുപതില്‍പരം ഉണ്ട്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് 2021-ല്‍ കേരളത്തില്‍ ഒരു തരംഗം ഉണ്ടായില്ല എന്നതാണ്.

മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം
ഇതിന് മുന്‍പ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലുമാണ് മുസ്ലിം വോട്ടുകള്‍ വ്യാപകമായി ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടത്. 2004-ല്‍ ഇടതുമുന്നണി പതിനേഴു സീറ്റ് (മുസ്ലിം ലീഗിന്റെ പൊന്നാനി ഉള്‍പ്പെടെ) നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റുപോലും ലഭിച്ചില്ല. തുടര്‍ന്ന് 2016-ല്‍ മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. 2021-ല്‍ വീണ്ടും മുസ്ലിം ധ്രുവീകരണം ഇടതുപക്ഷത്തെയാണ് സഹായിച്ചത്. ഇല്ലാത്ത ‘ഹിന്ദു വര്‍ഗ്ഗീയതയും, ഫാസിസവും’ ഉയര്‍ത്തി മുസ്ലിം സമൂഹത്തില്‍ ഭീതി ജനിപ്പിക്കാന്‍ ഇടതിനു കഴിഞ്ഞു. പൗരത്വബില്‍, രാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണം, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് ബില്‍ എല്ലാം മുസ്ലിം സമൂഹത്തിനെതിരാണെന്ന പ്രചണ്ഡമായ പ്രചാരണവും, മാധ്യമങ്ങളും ബുദ്ധിജീവികളും അതേറ്റുപാടിയതും ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിച്ചു. ജമാ അത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷത്തെ മുസ്ലിം ‘സ്വതന്ത്രരും’ ഇടതുമുന്നണിക്ക് തുണയായി. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് ഇടതുപക്ഷം നുഴഞ്ഞുകയറി. മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതുമുന്നണിക്ക് 42.43 ശതമാനം വോട്ടു ലഭിക്കുന്നത്. പാറശ്ശാല മുതല്‍ കാസര്‍കോടുവരെ ഈ മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണം കാണാം. തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇടതിനനുകൂല സൈബര്‍ പ്രചാരണം നടത്തിയതും ശ്രദ്ധേയമാണ്.
അഴിമതിയെ മറച്ച സൗജന്യ ഭക്ഷ്യകിറ്റ്
മഹാമാരിക്കാലത്ത് രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ ഭക്ഷ്യകിറ്റ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ വമ്പിച്ച പ്രചരണം നടത്തി ജനമനസ്സുകളില്‍ സര്‍ക്കാര്‍ കരുതലെടുക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുവാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു നല്‍കിയും തിരഞ്ഞെടുപ്പിന് മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് നടപ്പാക്കിയും ഇടതുമുന്നണി അഴിമതി പരമ്പര ഒരു വിഭാഗം ജനങ്ങളിളെ സ്വാധീനിക്കുന്നത് തടഞ്ഞു.

സി.പി.എം. രണ്ടാംനിര നേതാക്കളെ ഒഴിവാക്കിയത് ഗുണകരമായി
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കണ്ണൂരിലെ മൂന്ന് ജയരാജന്മാര്‍, മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, എ.കെ. ബാലന്‍, അതുപോെല സുരേഷ് കുറുപ്പ്, എ. പ്രദീപ്കുമാര്‍ തുടങ്ങി പ്രമുഖരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. മുപ്പതില്‍പ്പരം പുതുമുഖങ്ങള്‍ ഇടതുപക്ഷത്ത് വിജയിച്ചത് അതുകൊണ്ടാണ്. യുവാക്കള്‍ക്ക് അവസരം നല്‍കിയതും ഗുണം ചെയ്തു. കഴിഞ്ഞ നിയമസഭയില്‍ നിന്ന് വ്യത്യസ്തമായി തലയെടുപ്പുള്ള രണ്ടാം നിരയിലെ ഒരു നേതാവും സിപിഎം പക്ഷത്ത് വരുന്ന നിയമസഭയില്‍ ഉണ്ടാവില്ല. സ്വാഭാവികമായും മുഖ്യമന്ത്രിക്ക് കീഴടങ്ങിയ സഹപ്രവര്‍ത്തകരാവും വരുന്ന മന്ത്രിസഭയില്‍ ഉണ്ടാവുക.
അടവുനയങ്ങളുടെ ആവനാഴി: പി.ആര്‍. വര്‍ക്കില്‍ കേന്ദ്രീകരിച്ച ശൈലി
2021ലെ തെരഞ്ഞെടുപ്പില്‍ ജനഹിതം സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ 54.67 ശതമാനം വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് എതിരായി വോട്ടു ചെയ്തപ്പോള്‍ (യു.ഡി.എഫ്+എന്‍.ഡി.എ+മറ്റുള്ളവര്‍) ഇടതുമുന്നണിക്ക് വോട്ടു ചെയ്തത് 45.33 ശതമാനം പേര്‍ മാത്രമാണ്. പാര്‍ലമെന്ററി വ്യവസ്ഥയില്‍ പ്രതിപക്ഷം വിഭജിക്കപ്പെട്ടതുകൊണ്ടുള്ള സ്വാഭാവിക അവസ്ഥ മാത്രമാണത്. ഇത് സൂചിപ്പിച്ചത് നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ അടവുനയങ്ങള്‍ക്കും പ്രചരണത്തിനും ഉള്ള പങ്ക് ഉയര്‍ത്തിക്കാണിക്കാനാണ്. ‘ഹിന്ദുഭീകരത’യെ ഉയര്‍ത്തിക്കാട്ടിയ പ്രചരണം ന്യൂനപക്ഷങ്ങള്‍ വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മുസ്ലിം ന്യൂനപക്ഷം കരുതിയതുപോലുള്ള ‘ഭീകരമായ ഹിന്ദു ധ്രുവീകരണം’ ഉണ്ടായോ എന്ന് അവര്‍ തന്നെ വിലയിരുത്തണം. ഒരു സീറ്റു മാത്രമുള്ള ബിജെപിയെ മുഖ്യമന്ത്രി എപ്പോഴും വലിയ ശത്രുവായി ഉയര്‍ത്തിക്കാണിക്കുന്നത് അടവുനയത്തിന്റെ ഭാഗമായാണ്. വിജയത്തിനുശേഷമുള്ള പത്രസമ്മേളനത്തിലും പിണറായി വിജയന്‍ കൂടുതല്‍ സമയം ചിലവഴിച്ചത് ബി.ജെ.പിയെ വിമര്‍ശിക്കാനാണ്. മുസ്ലിം തീവ്രസംഘടനകള്‍ സൃഷ്ടിക്കുന്ന ‘ഹിന്ദുഭീകരത’ക്കെതിരായ ഭീതി പിണറായി എന്ന രക്ഷകനില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സാധാരണ മുസ്ലിങ്ങളെ പ്രേരിപ്പിക്കുന്നു. ഫലത്തില്‍ പ്രചരണത്തിലെ ‘ഹിന്ദു ഫാസിസം’ പിണറായി വിജയന് തുണയായി. വരും നാളുകളില്‍ അദ്ദേഹം ഊന്നല്‍ നല്‍കുന്നത് ഹിന്ദുത്വശക്തികളെ വിമര്‍ശിക്കാനാവും. ഹിന്ദുത്വവിമര്‍ശനമാവും പിണറായി വിജയന്റെ രാഷ്‌ട്രീയ ഫോര്‍മുല.
സൗജന്യഭക്ഷ്യ കിറ്റും ക്ഷേമപെന്‍ഷനും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള ഏതാണ്ട് 20 ശതമാനത്തോളം ജനങ്ങളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. ‘ഈ മഹാമാരിക്കാലത്ത് പട്ടിണിക്കിട്ടില്ലല്ലോ’ എന്ന ചോദ്യമാണ് പിണറായിയെ വരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ഇതൊക്കെയുണ്ട് എന്നത് ഇവര്‍ അറിയുന്നില്ല. പരസ്യങ്ങളില്‍ വന്ന മനുഷ്യരൂപങ്ങളുടെ പൊതു സ്വഭാവം ശ്രദ്ധിച്ചാല്‍ ഈ അടവുനയം വ്യക്തമാകും. കുടുംബശ്രീ വഴി സ്ത്രീജനങ്ങളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമാണ്.
മദ്യത്തിന്റെ ഒഴുക്ക് ത്വരിതപ്പെടുത്തിയ മദ്യനയം ഗുണം ചെയ്തുകേരളത്തിലെ ‘പുരോഗമന ബൗദ്ധികശക്തി’യുടെ അടിത്തറ മദ്യവും മയക്കുമരുന്നുമാണ്. അതിന്റെ ഒഴുക്ക് തടയുന്നത് പുരോഗമനവാദികള്‍ പൊറുക്കില്ല. ‘മദ്യ’മില്ലാത്ത ഒരു മലയാള സിനിമപോലും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇറങ്ങാത്തതും അതുകൊണ്ടാണ്. ‘ബാര്‍ കോഴ’ അഴിമതി ആരോപണം നേരിട്ട ഉമ്മന്‍ചാണ്ടി ഭരണം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 29 ബാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അത് 632-ല്‍ പരമാക്കി ഉയര്‍ത്തി. പക്ഷെ ഇവിടെ ‘ബാര്‍ കോഴ’ ആരും ഉന്നയിച്ചില്ല. വിഷയം മദ്യമായതുകൊണ്ട് ബാര്‍ പൂട്ടുന്നവര്‍ അഴിമതിക്കാരായി ചിത്രീകരിക്കപ്പെടും. എന്നാല്‍ തുറക്കുന്നവര്‍ അഴിമതിക്കാരാവില്ല. ‘മദ്യ-മാധ്യമ’ ബന്ധം അത്ര അടുപ്പമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തെരഞ്ഞെടുപ്പിലും പ്രധാന പങ്കുവഹിക്കുന്നത് മദ്യത്തിന്റെ തുറന്ന ഒഴുക്കാണ്. ഇടതുപക്ഷത്തിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്തു.

ജനവിധി സൃഷ്ടിച്ചെടുത്തത്: ശബരിമല വിഷയം ചര്‍ച്ചയാക്കിയത് ബോധപൂര്‍വ്വം
2021ലെ ജനവിധി സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പ്രകടമാകുന്നത് ജനവിധി സൃഷ്ടിച്ചെടുത്തതാണ് എന്നതാണ്. വ്യത്യസ്ത ഫോര്‍മുലകളെ സംയോജിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്. തിരഞ്ഞെടുപ്പ്വേളയില്‍ ഏവരും പ്രതീക്ഷിച്ചതുപോലെ അഴിമതി ചര്‍ച്ചചെയ്തില്ല. 2016-ല്‍ സരിതാ നായര്‍ക്ക് ലഭിച്ചതുപോലെ ‘സ്വപ്ന’ക്ക് സ്ഥാനം ലഭിച്ചില്ല. ബോധപൂര്‍വ്വം, ദേവസ്വം മന്ത്രി കടകംപള്ളി ശബരിമലയില്‍ ക്ഷമാപണം നടത്തിയതോടെ യു.ഡി.എഫും, ബി.ജെ.പിയും ശബരിമലയില്‍ കേന്ദ്രീകരിച്ചു. യഥാര്‍ത്ഥത്തില്‍ ഇടതുതന്ത്രത്തില്‍ പ്രതിപക്ഷം കുടുങ്ങി. എന്‍.എസ്.എസ്, യു.ഡി.എഫിനെ പിന്തുണച്ചത് ഇടതുപക്ഷത്തിന് സഹായകമായി. പിന്നോക്ക വിഭാഗങ്ങളെ കൂടുതല്‍ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ ഇത് സഹായകമായി. ശബരിമല വിഷയത്തില്‍ കുടുങ്ങിയ പ്രതിപക്ഷം ഇടതുപക്ഷ അജണ്ട അറിയാതെ പോയി. അഴിമതി വിഷയം അന്യമായി. ഹിന്ദുവര്‍ഗ്ഗീയത പ്രബലമാണെന്നും അവര്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കുമെന്നും ന്യൂനപക്ഷങ്ങള്‍ ഭയന്നു. തങ്ങളുടെ സൗജന്യ ഭക്ഷ്യക്കിറ്റ് നഷ്ടമാകുമെന്നും ക്ഷേമപെന്‍ഷന്‍ മുടങ്ങും എന്ന ഭീതി അടിസ്ഥാന ജനവിഭാഗങ്ങളില്‍ ജനിപ്പിക്കാന്‍ ഇടതു സംഘടനാ ശൈലിക്ക് കഴിഞ്ഞു. ഫലത്തില്‍ ജനവിധി വന്നതല്ല. സൃഷ്ടിച്ചെടുത്തതാണ് എന്ന് വ്യക്തം. ശരാശരി നൂറു വോട്ടര്‍മാരില്‍ ഇടതുപാളത്തിലേക്ക് പോയത് 45.33 ശതമാനം മാത്രമാണെന്നും 54.67 ശതമാനം പേര്‍ ഈ തന്ത്രത്തില്‍ കുടുങ്ങിയില്ല എന്നതും ഒന്നിച്ചു വായിക്കുമ്പോഴാണ് ജനവിധി സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് വെളിപ്പെടുന്നത്. ചുരുക്കത്തില്‍ ശക്തമായ പാര്‍ട്ടി സംവിധാനം, അടവുനയങ്ങളുടെ ഫലപ്രദമായ വിനിയോഗം, ന്യൂനപക്ഷ ധ്രുവീകരണം ഇവ സാദ്ധ്യമാക്കി ഇടതമുന്നണി വിജയിച്ചു.

യുഡിഎഫിന്റെ തകര്‍ച്ച
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി കാണുന്ന ഇടതു-വലതു മുന്നണികളെ മാറി മാറി സ്വീകരിക്കുന്ന ശൈലി 2021-ല്‍ വിജയിച്ചില്ല. കോണ്‍ഗ്രസ്സിന്റെ സ്വപ്നങ്ങള്‍ അടഞ്ഞത് അതുകൊണ്ടാണ്. നേതൃത്വരാഹിത്യം തുടക്കം മുതല്‍ യു.ഡി.എഫില്‍ ഉണ്ടായി. പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ എല്ലാം വസ്തുതാപരമായി ശരിയായിരുന്നെങ്കിലും ഇടതുപക്ഷവും മുസ്ലിം തീവ്രവാദസംഘടനകളും പ്രതിപക്ഷ നേതാവിനെ ‘കോമാളിയാക്കി’ നവമാധ്യമങ്ങളില്‍ പ്രതിഷ്ഠിച്ചു. ഇതൊരു ബോധപൂര്‍വ്വമായ രാഷ്‌ട്രീയ ശൈലിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയെ മുന്നില്‍നിര്‍ത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത് ജിഹാദി ഇടതുേഫാര്‍മുലയുടെ വിജയമായിരുന്നു. കോണ്‍ഗ്രസ് മുന്നണി നേതാവില്ലാതെയാണ് തിരഞ്ഞെടുപ്പ് യുദ്ധത്തിനിറങ്ങിയത്. ഇടതുപക്ഷം ക്യാപ്‌റ്റെനയും ഇരട്ടച്ചങ്കനെയും ഉയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസ്സിന്റെ പതനത്തിന് വഴിയൊരുക്കുകയായിരുന്നു. 2019-ല്‍ നഷ്ടപ്പെട്ട മുസ്ലിം ന്യൂനപക്ഷ വോട്ട്, പൗരത്വബില്‍ സമരത്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ്സിനെ അടര്‍ത്തിയെഎടുത്തതോടെ യു.ഡി.എഫ് ദുര്‍ബലമായി. മുസ്ലിം ലീഗ് കൂടെ ഉണ്ടെങ്കിലും ജിഹാദി-ഇടതു പ്രചരണ യുദ്ധത്തെ തിരിച്ചറിയാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. മുസ്ലിം ലീഗിന് രണ്ട് ജില്ലകളിലെ 20-25 മണ്ഡലങ്ങള്‍ക്കപ്പുറം ശക്തിയില്ല എന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷം ലക്ഷ്യം വച്ചത് മറ്റ് 115 മണ്ഡലങ്ങളിലെ മുസ്ലിങ്ങളെയാണ്. ഫലത്തില്‍ അടവുനയത്തിലൂടെ മുസ്ലിം ലീഗ് കോട്ടകളും അവര്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസ് മുന്നണി കേവലം 41 സീറ്റുകളില്‍ ചുരുങ്ങി. ക്രിസ്ത്യന്‍ വോട്ടും ചോര്‍ന്നതോടെ നേതൃത്വം ഇല്ലാത്ത കോണ്‍ഗ്രസ് മുന്നണി തകര്‍ച്ചയുടെ വക്കിലാണ്.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്‌ട്രീയം ഇന്ന് ഒരു വഴിത്തിരിവിലാണ്. ഇടതുപക്ഷം ക്രിസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷത്തിലേയ്‌ക്ക് കടന്നുവന്നതോടെ കോണ്‍ഗ്രസ് അപ്രസക്തമായിക്കഴിഞ്ഞു. 2021ലെ തെരഞ്ഞെടുപ്പ് അതിന്റെ ഉദാഹരണമാണ്. പ്രീണനരാഷ്‌ട്രീയം ഇനി കോണ്‍ഗ്രസ്സിനെ തുണയ്‌ക്കില്ല. സി.പി.എം. അതിന്റെ വക്താക്കളിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മുസ്ലിം സ്വത്വത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് മുന്നണി എറണാകുളം, മലപ്പുറം, വയനാട് എന്നീ മൂന്നു ജില്ലകളിലാണ് മുന്നില്‍ വന്നത്. 41 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മുന്നണി 39.37 ശതമാനം വോട്ടുനേടി. അതേസമയം ഈ മുന്നണിയില്‍ നിന്ന് എം.എല്‍.എമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സാമൂഹിക പശ്ചാത്തലം നോക്കുമ്പോള്‍ 32 പേരും ന്യൂനപക്ഷങ്ങളില്‍ നിന്നാണ് എന്നുകാണാം. ഇത് നല്‍കുന്ന സന്ദേശം വലുതാണ്. ശബരിമല മുഖ്യപ്രചാരണവിഷയമാക്കിയിട്ടും, ബിജെപി വിരോധം ഉയര്‍ത്തിക്കാണിച്ചിട്ടും എന്‍.എസ്.എസിന്റെ പരസ്യ പിന്തുണ ലഭിച്ചിട്ടും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസ് വിജയിച്ചില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയാത്തതും ക്രിസ്ത്യന്‍ വോട്ട്ബാങ്കില്‍ വിള്ളല്‍ വീണതും മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞതും ഒരു ശക്തനായ നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്തതും കോണ്‍ഗ്രസ്സിന്റെ പതനത്തിന് വഴി ഒരുക്കി. തിരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരും വിവാദങ്ങളും കേരളത്തിലെ ഇടതുപക്ഷം സമര്‍ത്ഥമായി ഉപയോഗിക്കാനാണ് സാധ്യത. അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ, കെ.സി. റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവരൊക്കെ ഇടതുപക്ഷത്തോടൊപ്പമാണ് പോയത്. ടി.കെ. ഹംസ, ചെറിയാന്‍ ഫിലിപ്പ്, ശോഭനാ ജോര്‍ജ് തുടങ്ങി മുമ്പ് കോണ്‍ഗ്രസ് വിട്ടവരൊക്കെ ഇടതുപക്ഷത്ത് അംഗീകരിക്കപ്പെടുന്നത് ശ്രദ്ധേയമാണ്. 53-ല്‍ പരം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടില്‍ ഗണ്യമായ കുറവുണ്ടായി. ഇടതുമുന്നണി രാഷ്‌ട്രീയത്തിന്റെ ‘പ്രൊഫഷണലിസ’ത്തില്‍ കോണ്‍ഗ്രസ് കോട്ടകള്‍ തകരുന്ന കാഴ്ചയാണ് നാം കാണാന്‍ പോകുന്നത്. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കെ. മുരളീധരന്‍ തുടങ്ങിയ നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. നേമത്ത് കെ. മുരളീധരന്‍ 25 ശതമാനം വോട്ടുമായി ദയനീയമായി മൂന്നാം സ്ഥാനത്താണ് എത്തിയത്. മുരളീധരന് ലഭിച്ചതിനേക്കാള്‍ 15,364 വോട്ട് കൂടുതല്‍ കുമ്മനം രാജശേഖരന് ലഭിച്ചതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ഈ മുരളീധരന് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ വിരളമായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളെയും പോലെ കേരളവും കോണ്‍ഗ്രസ് മുക്ത സംസ്ഥാനമായി മാറാന്‍ സാധ്യതയുണ്ട്. ഇടതുപക്ഷം അതിനുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു.
എന്‍ഡിഎ കൂടുതല്‍ വോട്ടുകള്‍ നേടിയ ജില്ലകളില്‍ യുഡിഎഫാണ് പിന്നോട്ട് പോയത്. തിരുവനന്തപുരത്ത് 33.45 ശതമാനവും തൃശൂരില്‍ 34.07 ശതമാനവും പാലക്കാട് 34.54 ശതമാനവും പത്തനംതിട്ടയില്‍ 37 ശതമാനവുമാണ് കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ ഇടതുപക്ഷം ഈ ജില്ലകളില്‍ യഥാക്രമം 45.16 ശതമാനം, 47.22 ശതമാനം, 47.49 ശതമാനം, 43.40 ശതമാനം എന്ന നിലയില്‍ വോട്ട് നേടി. മുകളില്‍ പറഞ്ഞ നാലു ജില്ലകളിലായി 44 മണ്ഡലങ്ങളില്‍ 40 എണ്ണം ഇടതുപക്ഷം കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിച്ചത് കേവലം നാല് സീറ്റുകളാണ്. 2016ന്റെ ആവര്‍ത്തനാണ് ഈ ജില്ലകളില്‍ 2021ലും പ്രകടമായത്. ബിജെപി ഈ മേഖലയില്‍ നാലിടത്ത് രണ്ടാം സ്ഥാനത്ത് വന്നതും യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്കു തള്ളിക്കൊണ്ടായിരുന്നു.

എന്‍.ഡി.എ (ബി.ജെ.പി)യുടെ പരാജയം
2021ലെ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായത് ബിജെപി നയിച്ച എന്‍.ഡി.എയുടെ പരാജയമാണ്. 2016-ല്‍ ഒരു സീറ്റും 15.02 ശതമാനം വോട്ടും ലഭിച്ച മുന്നണിക്ക് ഇത്തവണ വോട്ട് വിഹിതം 12.47 ശതമാനമായി കുറഞ്ഞു. മാത്രമല്ല നിലവിലുണ്ടായിരുന്ന ഏക സീറ്റ് നിലനിര്‍ത്താനുമായില്ല. ഏറെ അനുകൂല രാഷ്‌ട്രീയ സാഹചര്യമുണ്ടായിട്ടും ബി.ജെ.പിക്ക് വോട്ട് ഷെയര്‍ കൂടിയില്ല എന്നത് കൂടുതല്‍ പഠനവിഷയമാക്കേണ്ടതുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ മാത്രമാണ് എന്‍ഡിഎക്ക് 2016ലെ വോട്ട് നില നിര്‍ത്താനായത്. ബാക്കി പന്ത്രണ്ട് ജില്ലകളിലും ബിജെപിയുടെ വോട്ടുവിഹിതം കുറഞ്ഞു. (പട്ടിക ഒന്ന് കാണുക) 1982 മുതല്‍ മുന്നോട്ടു മാത്രം പ്രയാണം ചെയ്ത ബിജെപി 2021-ല്‍ പിന്നോട്ടു പോയത് ബന്ധപ്പെട്ടവര്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്.എന്നിരുന്നാലും ഒന്‍പത് മണ്ഡലങ്ങല്‍ രണ്ടാം സ്ഥാനത്തുവന്നു.
സീറ്റ് ധാരണ പ്രകാരം 115 സീറ്റുകളില്‍ ബിജെപി, 21 സീറ്റില്‍ ബിഡിജെഎസ്, രണ്ടിടത്ത് എഐഎഡിഎംകെ, ഒരിടത്ത് സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ സമിതി, ഒരിടത്ത് കാമരാജ് കോണ്‍ഗ്രസ് എന്ന നിലയിലാണ് എന്‍ഡിഎ മത്സരിച്ചത്. ഇതില്‍ ബിജെപിയുടെ രണ്ട് സീറ്റിലും (ഗുരുവായൂര്‍, തലശ്ശേരി), എഐഎഡിഎംകെയുടെ ഒരു സീറ്റിലും (ദേവികുളം) നാമനിര്‍ദ്ദേശപത്രിക തള്ളിപ്പോയി. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപി 113 മണ്ഡലങ്ങളില്‍ മത്സരിച്ചു. എന്‍ഡിഎക്ക് 12.47 ശതമാനം വോട്ട് ലഭിച്ചു. 2016-ല്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 15.02 ശതമാനമായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികളായി മത്സരിച്ചതിനാല്‍ മുന്നണിയുടെ വോട്ടിലെ ചോര്‍ച്ചയാണ് പരിശോധിക്കേണ്ടത്. എന്‍ഡിഎക്ക് 2016ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 53 മണ്ഡലങ്ങളില്‍ വോട്ടുകുറഞ്ഞു. പതിനായിരത്തിലധികം വോട്ടുകുറഞ്ഞ പത്ത് മണ്ഡലങ്ങള്‍ ഉള്ളപ്പോള്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടുകുറഞ്ഞ ഇരുപത്തിആറ് മണ്ഡലങ്ങള്‍ ഉണ്ട്. 2016-ല്‍ ആകെ 30,20,830 വോട്ട് ലഭിച്ച എന്‍ഡിഎക്ക് 2021-ല്‍ 25,90,966 വോട്ടുകളാണ് ലഭിച്ചത്. അതായത്, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4,29,834 വോട്ടുകളുടെ കുറവാണ് എന്‍ഡിഎക്ക് 2021ല്‍ ഉണ്ടായത്. ഇടതുമുന്നണിക്ക് 7,08,056 വോട്ടും വലതുമുന്നണിക്ക് 3,86,248 വോട്ടുകളും കൂടിയപ്പോള്‍ എന്‍ഡിഎക്ക് മാത്രമാണ് വോട്ട് കുറഞ്ഞത്. ഒന്‍പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുവന്ന ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ചാത്തന്നൂരില്‍ 9.5 ശതമാനവും, വട്ടിയൂര്‍ക്കാവില്‍ 6.61 ശതമാനവും, പാലക്കാട് 6.20 ശതമാനവും, ഷൊര്‍ണ്ണൂരില്‍ 5.2 ശതമാനവും ആറ്റിങ്ങലില്‍ 7.2 ശതമാനവും ചിറയിന്‍കീഴ് 7.1 ശതമാനവും മഞ്ചേശ്വരത്ത് 2.38 ശതമാനവും കോഴിക്കോട് നോര്‍ത്തില്‍ 1.1 ശതമാനവും എലത്തൂരില്‍ 1.02 ശതമാനവും വോട്ടു വര്‍ദ്ധിച്ചു.
ഘടകകക്ഷികളെ ഏകീകരിക്കുന്നതില്‍ എന്‍ഡിഎ നേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടു. ബിജെപി മണ്ഡലങ്ങളില്‍ താമര അടയാളത്തില്‍ മാത്രം മോശമല്ലാത്ത വോട്ടു ലഭിച്ചപ്പോള്‍ ഘടകകക്ഷികളുടെ വോട്ടുശതമാനം വളരെ കുറഞ്ഞു. മുന്നണി രാഷ്‌ട്രീയ വ്യവസ്ഥയില്‍ ഒരിക്കലും ഈ തരത്തില്‍ ഒരു വീഴ്ചയുണ്ടാകാന്‍ പാടില്ലായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 31,64,454 വോട്ടു നേടിയപ്പോള്‍ 2019 ലോകസഭയില്‍ 31,71,792 വോട്ടുകള്‍ ലഭിച്ചിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഘടകകക്ഷികളെ എങ്ങനെയാണ് ശ്രദ്ധിക്കേണ്ടതെന്ന് ‘രാമായണ’ത്തിലെ കിഷ്‌കിന്ധാകാണ്ഡം വായിച്ചാല്‍ നേതാക്കള്‍ക്ക് മനസ്സിലാകും. സുഗ്രീവനേയും അംഗദനെയും ജാംബവാനെയും എങ്ങനെയാണ് ശ്രീരാമചന്ദ്രന്‍ പരിഗണിച്ചത് എന്നും മുന്നണി ധര്‍മ്മം എന്താണെന്നും വ്യക്തമാകും. ബിഡിജെഎസ് മത്സരിച്ച മിക്ക മണ്ഡലങ്ങളിലും 2016ലെ വോട്ടില്‍നിന്ന് വമ്പിച്ച ചോര്‍ച്ച 2021ല്‍ കാണാം. ബിജെപിയുടെ മണ്ഡലങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടായി എന്ന് മുകളില്‍ സൂചിപ്പിച്ചതാണല്ലോ. പട്ടിക രണ്ടില്‍ ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളിലെ 2016ലെയും 2021ലെയും വോട്ട് വിഹിതം കാണുക. ഇതില്‍ പല മണ്ഡലങ്ങളിലും 2016ല്‍ ബിജെപിയാണ് മത്സരിച്ചത്. ബിഡിജെഎസ് വന്നപ്പോള്‍ 2021-ല്‍ വോട്ടു കുറഞ്ഞത് എങ്ങനെയാണെന്ന് അവലോകനം ചെയ്യണം.

കോണ്‍ഗ്രസില്‍നിന്ന് വിഭിന്നമായി എന്‍ഡിഎക്ക് ഏറെ അനുകൂല സാഹചര്യം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുമുന്നണിയുടെ അഴിമതി ഭരണത്തെ തുറന്നുകാണിക്കാനും നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതിരഹിത വികസനഭരണം ഒരു മാതൃകയായി ഉയര്‍ത്തിക്കാണിക്കാനും കഴിയണമായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ വമ്പിച്ച ഹിന്ദുത്വ വിരോധം കേരളത്തില്‍ വളര്‍ത്തുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് തുറന്നുകാണിച്ചില്ല. ഇല്ലാത്ത ‘ഹിന്ദുത്വ ഫാസിസം’ പറഞ്ഞ് ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകര്‍ഷിച്ചപ്പോള്‍ അതിന് ബദലായി പ്രചാരണമോ ഹിന്ദു ഏകീകരണശ്രമങ്ങളോ ഉണ്ടായില്ല. സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ ഹിന്ദുത്വ രാഷ്‌ട്രീയം കേരളത്തില്‍ വിജയം വരിച്ചില്ല എന്നതും യഥാര്‍ത്ഥ്യമാണ്.
കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ദൗര്‍ബ്ബല്യം മുതലെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്നു വേണം കരുതാന്‍. പ്രചരണരംഗത്ത് എന്‍ഡിഎ വിജയിച്ചു എങ്കിലും, ബൂത്ത് തലത്തില്‍ അത് വ്യാപിപ്പിക്കാന്‍ പരാജയപ്പെട്ടു. അടിസ്ഥാനജനവിഭാഗങ്ങള്‍ സൗജന്യ ഭക്ഷ്യ കിറ്റിലും, ക്ഷേമപെന്‍ഷനിലും ആകര്‍ഷിക്കപ്പെട്ടതും ശ്രദ്ധിച്ചില്ല. എല്ലാ വൈകുന്നേരവും മുഖ്യമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കുന്നത് 2020 മാര്‍ച്ച് മുതല്‍ തുടരുകയാണ്. അമ്മമാരും സഹോദരിമാരും അതില്‍ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍ കരുതലും ശ്രദ്ധയും എടുക്കുന്നു എന്ന ബോധം അടിസ്ഥാന ജനവിഭാഗങ്ങളില്‍ ഉണ്ടായി. ബൂത്തുതല പ്രവര്‍ത്തനം നിരന്തരമായി നടത്തേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സംസ്‌കാരം ബിജെപിക്ക് ഇല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഉത്സവകമ്മിറ്റി കൂടുന്നതുപോലെ കൂടുന്നതും കഠിനാദ്ധ്വാനം ചെയ്യുന്നതും രാഷ്‌ട്രീയ മണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്തില്ല. ജനങ്ങളോടൊപ്പം ഉണ്ട് എന്ന ബോധം ഉണ്ടെങ്കിലേ വോട്ട് ലഭിക്കൂ. പ്രാദേശിക തലത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്ന പഞ്ചായത്തുകളിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് ശൈലിയില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ ഗുണം ചെയ്യില്ല.
നേമം മണ്ഡലത്തില്‍ എന്‍എസ്എസ് വോട്ടുകള്‍ മുരളീധരന് ലഭിച്ചു. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തു നിലയുറപ്പിച്ചു. കുമ്മനം വട്ടിയൂര്‍ക്കാവിലും നേമത്തും മത്സരിച്ചപ്പോള്‍ എന്‍എസ്എസ് നിലപാട് ശത്രുതാപരമായിരുന്നു. സമുദായ സംഘടനകളുടെ പിന്നില്‍നിന്നുള്ള കുത്തിനെ അതിജീവിക്കാന്‍ കഴിഞ്ഞാലേ ഹിന്ദുത്വ രാഷ്‌ട്രീയത്തിന് ഭാവിയുണ്ടാവൂ. സമുദായ നേതാക്കളെ പ്രീണിപ്പിച്ച് വോട്ട് നേടാം എന്ന സ്വപ്നം പതിറ്റാണ്ടുകളായി വച്ചുപുലര്‍ത്തുന്നതാണ് പ്രശ്നം.

ബിജെപിക്ക് ഏറെ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഏറെയുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 40000ന് മുകളില്‍ വോട്ട് ലഭിച്ച പതിനെട്ടു നിയമസഭാ മണ്ഡലങ്ങള്‍ ബിജെപിക്ക് ഉണ്ടായിരുന്നു. പാറശ്ശാല, കോവളം, നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട, ആറ്റിങ്ങല്‍, അടൂര്‍, കോന്നി, ആറന്‍മുള, തിരുവല്ല, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍, മലമ്പുഴ, കാസര്‍കോട്, മലപ്പുറം എന്നിവയാണത്. കൂടാതെ 30,000നും 40,000നും ഇടയില്‍ വോട്ട് പതിനാലു മണ്ഡലങ്ങളില്‍ ലഭിച്ചു. എന്നാല്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40,000 മുകളില്‍ വോട്ടുലഭിച്ചത് മഞ്ചേശ്വരം, കാസര്‍കോട്, മലമ്പുഴ, പാലക്കാട്, തൃശൂര്‍, ചാത്തന്നൂര്‍, കഴക്കൂട്ടം, നേമം എന്നീ എട്ട് മണ്ഡലങ്ങളില്‍ മാത്രമാണ്. മുപ്പതിനായിരത്തിന് മുകളില്‍ (30000-40000) വോട്ടു ലഭിച്ചത് വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കാട്ടാക്കട, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, കോന്നി, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, മണലൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍ തുടങ്ങിയ 14 മണ്ഡലങ്ങളിലാണ്. 2016-ല്‍ 30,000നും 40,000നും ഇടയില്‍ വോട്ടുലഭിച്ച പത്തൊന്‍പതു മണ്ഡലങ്ങളുണ്ടായിരുന്നു. ഇതു സൂചിപ്പിക്കുന്നത് ഏറെ സാധ്യതകള്‍ ബിജെപിയുടെ മുന്നിലുണ്ട് എന്നാണ്. മാനേജ്മെന്റിലെ തകരാറാണ് പ്രശ്നം. നേതൃത്വം തുറന്ന ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുക്കണം, മണ്ഡലം അടിസ്ഥാനത്തില്‍ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരണം. യാന്ത്രികമായ നോമിനേഷനുകള്‍ ഗുണം ചെയ്യില്ല. ഇടതു, വലതു മുന്നണികളിലെ നേതാക്കളെല്ലാം മണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചുതന്നെയാണ് മുന്നില്‍ വന്നത്. സ്ഥിരമായി പറിച്ചു നടുന്നത് കാര്‍ഷികരംഗത്ത് ഗുണകരമാവാം, എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ല.
2021-ല്‍ രണ്ടാം സ്ഥാനത്തുവന്ന നേമം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, കാസര്‍കോട്, മഞ്ചേശ്വരം തുടങ്ങിയ ഒന്‍പത് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബൂത്തുതലത്തില്‍ സമ്പര്‍ക്കം നടത്തി കഠിനപ്രയത്നം നടത്തിയാല്‍ അടുത്തതവണ ജയിക്കാവുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നല്ല നിലവാരം പുലര്‍ത്തിയ മുകളില്‍ പറഞ്ഞ മണ്ഡലങ്ങളിലും ഈ തരത്തിലുള്ള ശ്രദ്ധയുണ്ടാവണം. തെരഞ്ഞെടുപ്പ് വേളയില്‍ നേതാക്കളെ ഇറക്കിയാല്‍ വിജയിപ്പിക്കാനാവില്ല. വോട്ടര്‍മാരുടെ ഹൃദയത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പതിയണം. അതിന് ബൂത്തുതലത്തില്‍ ശാക്തീകരിക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം ഇടതുപക്ഷം അവരുടെ ശക്തികേന്ദ്രങ്ങളെ പോറ്റിവളര്‍ത്തുന്നതെങ്കിലും പഠിക്കണം. കോണ്‍ഗ്രസ്സ് സംസ്‌കാരത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ ഹിന്ദുത്വരാഷ്‌ട്രീയം വളരില്ല. വടക്കേ ഇന്ത്യന്‍ മാതൃക കേരളത്തില്‍ വിജയിക്കില്ല. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടാണിത് എന്നുകൂടി ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
കേസരിയില്‍ ഡോ. കെ. ജയപ്രസാദ് എഴുതിയ ലേഖനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: