വാഷിംഗ്ടൺ: മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ വാക്സിൻ എന്നത് ഫലപ്രദമായ ആയുധമാണെന്നത് ശരിവയ്ക്കുകയാണ് അമേരിക്കയിലെ പുതിയ കൊവിഡ് കണക്കുകൾ. 50 സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മേരിലാൻഡിൽ കൊവിഡ് വ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിന മരണനിരക്ക് ആശങ്ക സൃഷ്ടിച്ച കാലിഫോർണിയയിൽ ചൊവ്വാഴ്ച മൂന്ന് കൊവിഡ് മരണങ്ങൾ മാത്രമാണുണ്ടായത്. കഴിഞ്ഞ ആഴ്ച യു എസിൽ 31100 കോവിഡ് കേസുകളും 600 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേസുകളുടെയും, ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെയും,മരണങ്ങളുടെയും എണ്ണം കുറഞ്ഞിരിക്കുന്നു. വാക്സിനേഷൻ ത്വരിതപ്പെടുത്തിയാൽ, ഇതിലും വേഗം കോവിഡ് നിയന്ത്രണവിധേയമാകും.
ജനസംഖ്യയുടെ 47.7 % ആളുകളാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളത്. 37.5% ആളുകൾ വാക്സിനേഷൻ പ്രക്രിയ പൂർത്തീകരിച്ചതായും കണക്കുകൾ പറയുന്നു. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമപ്രദേശത്ത് താമസിക്കുന്നവർക്കാണ് ആശുപത്രിയിൽ കൃത്യമായി ചികിത്സ തേടാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും മരണസാധ്യത കൂടുതലുള്ളതും. എന്നാൽ, വാക്സിൻ സ്വീകരിക്കുന്നതിലും ഇക്കൂട്ടർ പുറകോട്ടാണെന്ന് സിഡിസി റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.
കെന്റക്കി ഗവർണർ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ബോധവൽക്കരിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: