കൊട്ടാരക്കര: മരിക്കുന്നതിനു മുമ്പ് ആര്. ബാലകൃഷ്ണപിള്ള എഴുതിയ വില്‍പ്പത്രത്തെ ചൊല്ലി മക്കള്‍പോര് മുറുകുന്നു. മൂത്ത മകളായ ഉഷാ മോഹന്‍ദാസ് പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടതിനെത്തുടര്‍ന്നാണ് വഴക്ക് പൊതുമധ്യത്തില്‍ ചര്‍ച്ചയായത്. ‘അച്ഛന്റെ വില്പത്രം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോന്ന് നോക്കട്ടെ, അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാം’ എന്ന നിലപാടിലാണ് ഉഷ മോഹന്‍ദാസ്. സ്വത്തുവകകള്‍ എല്ലാം ഗണേഷ്കുമാര് കൃത്രിമ മാര്‍ഗത്തിലൂടെ എഴുതി വാങ്ങിയെന്നാണ് ഇവരുടെ ആരോപണം. പിള്ളയുടെ മരണശേഷം പുറത്തുവിട്ട വില്‍പ്പത്രത്തില്‍ കൃത്രിമത്വം നടന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
എംസി റോഡില്‍ ആയൂരിന് സമീപം പതിഞ്ചേക്കര്‍ റബ്ബര്‍ തോട്ടം ഉഷാ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്ന് പുതിയ വില്‍പ്പത്രത്തിലുണ്ട്. എന്നാലത് അമ്മയുടെ ഷെയറില്‍ നിന്ന് പണ്ടേ ലഭിച്ചതാണെന്നും അച്ഛന്റെ കോടിക്കണക്കിന് സ്വത്തില്‍ നിന്ന് അഞ്ച് സെന്റ് പോലും തനിക്ക് ലഭിച്ചില്ലെന്നും ഉഷ പറയുന്നു. മക്കളില്‍ ഒരാളെ മാത്രം അച്ഛന് ഒഴിവാക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അവര്‍ പറഞ്ഞു.
മൂന്ന് മക്കള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനുമായാണ് സ്വത്തുവകകള്‍ വീതം വെച്ചിരിക്കുന്നത്. വാളകത്തെ വീടും സ്കൂളും ഉള്‍പ്പെടുന്ന അഞ്ചേക്കര്‍ പ്രദേശമാണ് പുതിയ വില്പത്രത്തില് ഗണേഷിന് നീക്കി വെച്ചത്. ഇടമുളയ്ക്കല്‍ മാര്‍ത്താണ്ഡംകര സ്കൂളും കീഴൂട്ടെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫഌറ്റും ഗണേഷിനാണ്. പിള്ളയുടെ മരണശേഷം ഗണേഷാവും സ്കൂളിന്റെ മാനേജര്‍. വാളകം ബിഎഡ് സെന്ററും പാര്‍ട്ടി ഓഫീസുകളും ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍ ഗണേഷ് തന്നെയാണ് ട്രസ്റ്റിന്റെയും ചെയര്മാന്.
ഇളയ സഹോദരി ഗണേഷിനൊപ്പം
വില്‍പ്പത്ര വിവാദത്തില്‍ ഗണേഷ്കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്. വില്‍പ്പത്രം ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ബിന്ദു പറയുന്നു. മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ വിഷമമമുണ്ട്. പൂര്‍ണ മനസ്സോടെ സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛന് വില്‍പ്പത്രം എഴുതിയത്. ഗണേഷ് ഇതില്‍ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് അച്ഛന് ഓര്‍മക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന് തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം തയാറാക്കിയത്. സഹോദരി ഉഷയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ബിന്ദു ജന്മഭൂമിയോട് പറഞ്ഞു.
കൂടുതല്‍ സ്വത്ത് കിട്ടിയത് ഉഷയ്ക്കെന്ന് സാക്ഷി
ഗണേഷ് കുമാര്‍ വില്‍പ്പത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബാലകൃഷ്ണ പിളളയുടെ വിശ്വസ്തനും വില്‍പ്പത്രത്തിലെ സാക്ഷിയുമായ ശങ്കരപിള്ളയെന്ന പ്രഭാകരന് പിള്ള രംഗത്തെത്തി. വില്‍പ്പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണപിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമായിരുന്നെന്ന് പ്രഭാകരന് പിള്ള പറഞ്ഞു.
ഗണേഷിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആടിസ്ഥാന രഹിതമാണ്. ഓയൂരിലെ പതിനഞ്ച് ഏക്കര്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉഷയ്ക്കാണ് നല്‍കിയത്. 2020 ആഗസ്റ്റ് 9 ന് ആണ് വില്‍പ്പത്രം തയാറാക്കിയത്. ഗണേഷിന് വില്‍പ്പത്രത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പിള്ളയുടെ മരണ ശേഷം മാത്രമാണ് വില്‍പ്പത്ര വിശദാംശങ്ങള്‍ മക്കള്‍ അറിഞ്ഞതെന്നും പ്രഭാകരന്‍പിള്ള പറഞ്ഞു.
വിചിത്ര വ്യവസ്ഥയും
വിവാദമായ വില്‍പ്പത്രത്തില്‍ ഒരു വിചിത്ര വ്യവസ്ഥയും പിള്ള എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇളയ മകള്‍ ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകന് വിഷ്ണു സായിക്ക് ഈ വസ്തുവകകളില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നാണ് ആ വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകള്‍ കൈമാറിയാല്‍ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാല്‍ ബിന്ദു ബാലകൃഷ്ണന് നല്കിയ മുഴുവന്‍ സ്വത്തുക്കളും എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. മക്കള്‍ക്ക് നല്‍കിയിരിക്കുന്ന സ്വത്തു വകകള്‍ തന്റെ കാലശേഷം മക്കള്‍ക്കും അവരുടെ മക്കള്‍ക്കും മാത്രം അവകാശപ്പെട്ടതാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാര്‍ട്ടി ഓഫീസുകള്‍ കേരളാ കോണ്‍ഗ്രസ്(ബി) നിലനില്‍ക്കുന്നിടത്തോളം കാലം അതേ നിലയില്‍ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളില്‍ കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടി ചെയര്മാന്മാര് ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് ലയിക്കുകയാണെങ്കില്‍ ലയിക്കുന്ന പാര്‍ട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി നിലനില്‍ക്കാതെയോ ലയിക്കാതെയോ വന്നാല്‍ പാര്‍ട്ടീ ഓഫീസുകള്‍ കേരളാ സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും വില്‍പ്പത്രത്തില്‍ ബാലകൃഷ്ണപിള്ള പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: